- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിൽ നാടു മുഴുവൻ വലഞ്ഞപ്പോൾ ജനജീവിതത്തെ സാരമായി ബാധിക്കാതെ മലപ്പുറം; കടകൾ തുറന്നതും വാഹനമോടിയതും ആശ്വാസമായി; ആഘോഷപ്പൊലിമ കുറയാതെ ജൂവലറി ഉദ്ഘാടനം വരെ; മുഖംമൂടി ധരിച്ച് കല്ലേറും ബോംബേറും നടത്തിയവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; നിരവധി ബിജെപി ആർ.എസ്എസ് പ്രവർത്തകർ പിടിയിൽ
മലപ്പുറം: ശബരിമല കർമ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ നാടു മുഴുവൻ വലഞ്ഞപ്പോൾ മലപ്പുറത്ത് ഹർത്താൽ കാര്യമായി ഏറ്റില്ല. ജില്ലയിലെ മിക്ക നഗരങ്ങളിലും കടകമ്പോളങ്ങൾ തുറന്നു. ചെറുകിട വാഹനങ്ങൾ രാവിലെ മുതൽ ഓടിത്തുടങ്ങിയിരുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ കടയടപ്പിക്കലും വാഹനം തടയലും നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകരും വ്യാപാരികളുമാണ് നേരിട്ടത്. കടകൾക്കും വാഹനങ്ങൾക്കും നേരെ ഉണ്ടായ അക്രമങ്ങളെല്ലാം ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. മുഖമൂടിധാരികളായ സംഘം ബൈക്കിലെത്തിയാണ് ബോംബേറും കല്ലേറും നടത്തിയത്. തവനൂരിലെ സിപിഎം ഓഫീസും സമാന രീതിയിൽ തകർത്തു.
ജില്ലയിലെ വ്യാപാരികൾ കടകൾ തുറക്കാൻ മുൻകൂട്ടി തന്നെ തീരുമാനിച്ചിരുന്നു. ഇതോടെ പതിവുദിവസങ്ങളിലേതു പോലെ ഇന്നും രാവിലെ തന്നെ കടകൾ തുറന്നുപ്രവർത്തിച്ചു. ഉച്ചയോടെ കൂടുതൽ കച്ചവട സ്ഥാപനങ്ങൾ തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനാൽ മാർക്കറ്റുകളിലേക്ക് ആളുകളുമെത്തി. മഞ്ചേരിയിലും എടപ്പാളിലും രാവിലെ ചില കടകൾ അടപ്പിച്ചെങ്കിലും അൽപസമയത്തിനകം വ്യാപാരി സംഘടനാ നേതാക്കളെത്തി നിർദ്ദേശം നൽകിയതനുസരിച്ച് തുറന്നുപ്രവർത്തിച്ചു. തിരൂർ, പരപ്പനങ്ങാടി, പൊന്നാനി, തിരൂരങ്ങാടി, ചെമ്മാട്, എടപ്പാൾ, പൊന്നാനി, വളാഞ്ചേരി, എടവണ്ണപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കടകൾ തുറന്നുപ്രവർത്തിച്ചു. പച്ചക്കറി, പലവജ്ഞന കടകൾ ഉൾപ്പെടെ തുറന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നിന്നായിരുന്നു വ്യത്യസ്ത കാഴ്ച.ഇവിടെ കടകൾ പൂർണമായും തുറന്നു. ബിജെപി പ്രകടനം രാവിലെ നടന്നെങ്കിലും കടയടപ്പിച്ചില്ല. കച്ചവടക്കാരുടെ ചെറുത്ത് നിൽപ്പിനു മുന്നിൽ ഹർത്താലനുകൂലികൾ പിന്മാറുകയായിരുന്നു. ഇതോടെ പരിസര പ്രദേശങ്ങളിലും കച്ചവടക്കാർക്ക് ആത്മവിശ്വാസം കൈവന്നു. വ്യാപാരികൾ കൂടുതൽ സംഘടിച്ച് വിവിധ പ്രദേശങ്ങളിൽ പിന്നീട് കട തുറക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ജില്ലയുടെ ആസ്ഥാന കേന്ദ്രമായ മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച ജൂവലറി ഉദ്ഘാടനവും ഹർത്താൽ ദിനത്തിലെ ആഘോഷ കാഴ്ചയായിരുന്നു. മലപ്പുറം കോട്ടപ്പടിയിലെ ജൂവലറി ഉദ്ഘാടനമാണ് പ്രഖ്യാപിച്ചതുപോലെ വാദ്യമേളങ്ങളോടെ നടത്തിയത്. പാണക്കാട് റഷീദ് അലി തങ്ങൾ ആയിരുന്നു ഉദ്ഘാടകൻ.
അതേസമയം, കെഎസ്ആർടിസി ഓടാതിരുന്നത് ദൂരയാത്രക്കാരെ വലച്ചു. ബസ്സുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ പലയിടങ്ങളിലൂം ആക്രമണമുണ്ടായതോടെ സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തിവയ്ക്കുകയായിരുന്നു. അക്രമമുണ്ടായ സ്ഥലങ്ങളിൽ കൃത്യമായി ആസൂത്രണം നടത്തിയാണ് ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബും കല്ലേറും നടത്തിയത്.
ജില്ലയിലെ മഞ്ചേരി,എടപ്പാൾ, പൊന്നാനി, വളാഞ്ചേരി, തിരൂർ, തവനൂർ എന്നിവിടങ്ങളിലാണ് ശബരിമല കർമസമിതിയുടെ ഹർത്താലിൽ അക്രമമുണ്ടായത്. പൊന്നാനിയിൽ സമരാനുകൂലികളും പൊലിസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊന്നാനി സിഐ.സണ്ണി ജോസഫ്, എസ്‌ഐ കെ.നൗഫൽ ഉൾപ്പടെ ആറു പൊലിസുമാർക്ക് പരുക്കേറ്റു.പൊലിസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി.എടപ്പാളിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.പ്രവർത്തകരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു. തിരൂരിൽ ഹർത്താലിൽ സംഘർഷമുണ്ടാക്കിയ ആറു സമരസമിതി പ്രവർത്തകർ അറസ്റ്റിലായി. തവനൂരിൽ ഇന്നു പുലർച്ചെയാണ് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് തീയിട്ടത്. ഫയലുകളും ഓഫിസിലെ ഫർണിച്ചറുകളും കത്തിനശിച്ചിരുന്നു.
മഞ്ചേരിയിൽ കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു. നിരവധി ബിജെപി. പ്രവർത്തകർ സംഭവത്തിൽ പിടിയിലായി. തിരൂരിൽ തുറന്നു പ്രവർത്തിച്ച വ്യാപാരി വ്യവസായി നേതാവ് പി.പി.അബ്ദുറഹ്മാന്റെ സഹോദരൻ പി.പി.ബഷീറിന്റെ സിറ്റി ഹോട്ടലിന്റെ ചില്ലുകൾ ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള സബ്ക ഹോട്ടൽ അടപ്പിക്കാനെത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന് ശക്തമായ പൊലീസ് കാവലേർപ്പെടുത്തിയിരിക്കെയാണ് ഹർത്താലനുകൂലികൾ ഹോട്ടലടപ്പിക്കാനെത്തിയത്. മുമ്പ് ഈ ഹോട്ടലിലേക്കുണ്ടായ കല്ലേറിനെ തുടർന്ന് ആർഎസ്എസ് -പോപ്പുലർ ഫ്രണ്ട് സംഘർഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ വലിയ പൊലീസ് സുരക്ഷ സബ്ക ഹോട്ടലിന് ഏർപ്പെടുത്തിയിരുന്നു.
പുറത്തൂർ കാവിലക്കാട് തുറന്നു പ്രവർത്തിച്ച ബേക്കറിക്കും, ഫാൻസി കടക്കും നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോൾ ബോംബെറിഞ്ഞു. സി.സി.ടി.വി.ദൃശ്യപ്രകാരം അക്രമികളെ പൊലീസ് തിരയുകയാണ്. പൊന്നാനിയിൽ നിരവധി വാഹനങ്ങൾ തകർത്തു. പ്രത്യേകം പരിശീലനം ലഭിച്ച ആളുകൾ മുഖൂടി ധരിച്ച് ബൈക്കിലെത്തിയാണ് ഇവിടങ്ങളിലെല്ലാം അക്രമം അഴിച്ചുവിട്ടതെന്നാണ് കണക്കാക്കുന്നത്. സമാന രീതിയിലെത്തിയാണ് സിപിഎം ഓഫീസും തീയിട്ടതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ സംശയകരമായ നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് കൂടുതൽ ജാഗ്രതയിലാണ്.