- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ഓഫീസിൽ നിന്നുള്ള കല്ലേറിൽ കർമ്മ സമിതി പ്രവർത്തകൻ മരിച്ചതോടെ ഹർത്താലിന് മറ്റൊരു കാരണം കൂടി; ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘർഷം രാത്രിയിലും തുടർന്നതോടെ കേരളം നിശ്ചലമായി; മിക്കയിടങ്ങളിലും റോഡുപരോധവും പ്രതിഷേധ ജാഥകളും തുടർന്നു; ഹർത്താലിനെ തോൽപ്പിക്കാൻ ആഹ്വാനങ്ങൾ ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിൽ ഇല്ല; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല; ഒട്ടേറെ ഇടങ്ങളിൽ സിപിഎം-ആർഎസ്എസ് ഏറ്റുമുട്ടൽ; ഹർത്താലിൽ പൂർണ്ണമായും സ്തംഭിച്ച് കേരളം
തിരുവനന്തപുരം: ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം. ബിജെപി-യുവമോർച്ചാ പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പത്തനംതിട്ട പന്തളത്ത് അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചത് പ്രതിഷേധങ്ങൾക്ക് പുതിയ തലം നൽകി. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്.
ശബരിമല കർമസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഎം ഓഫിസിൽനിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാൾക്കു പരുക്കേറ്റത്. ഈ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതിൽ ചിലരുടെ നില അതീവ ഗുരുതരവുമാണ്. ഇതോടെ ഇന്നത്തെ ഹർത്താലിന് പൂതിയ തലവും വന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ വലിയ പ്രതിഷേധമാണ് ഹർത്താലുമായി ബന്ധപ്പെട്ടുയരുന്നത്. പലയിടങ്ങളിലും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നുണ്ട്. എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. ദേശീയ പാതയിലും ഗതാഗതം സതംഭിച്ചിട്ടുണ്ട്. ദേശീയ പാതയിലും ഹർത്താൽ അതിശക്തമാണ്. തെരുവുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ച് ശബരിമലയിലെ യുവതി പ്രവേശം ചർച്ചയാക്കാനാണ് തീരുമാനം. ഹർത്താൽ പൊളിക്കാനുള്ള ആഹ്വാനവും സജീവമാണ്. എന്നാൽ ഇതൊന്നും തുടക്കത്തിൽ ഫലം കാണുന്നില്ല. വാഹനങ്ങൾ നിരത്തിൽ സജീവമല്ല. കടകളും കേരളത്തിൽ ഉടനീളം അടഞ്ഞു കിടക്കുകയാണ്.
രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപിയും അറിയിച്ചു. കർമസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപനത്തിന് ശേഷമാണ് പന്തളത്തെ കർമ്മ സമിതി പ്രവർത്തകന്റെ മരണമെത്തിയത്. ഇതോടെ പ്രതിഷേധങ്ങൾക്ക് പുതിയ തലമെത്തി. ഇതിനിടൊണ് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ഹർത്താൽ ദിനത്തിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. സ്ഥാപനങ്ങൾക്ക് ഹർത്താലനുകൂലികൾ നഷ്ടം വരുത്തിയാൽ കോടതിയെ സമീപിക്കും. ഹർത്താൽ പ്രഖ്യാപിച്ച സംഘടനയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും വയനാട് ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കടകൾ തുറന്നാൽ അത് സംഘർഷങ്ങൾക്ക് പുതിയ തലം നൽകും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ തടിച്ചുകൂടി. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ സെക്രട്ടേറിയറ്റിന് ഉള്ളിൽ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു സ്ത്രീകളെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. പൗഡികോണത്തു കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഇത്തരെ പ്രതിഷേധങ്ങൾ ഇന്നും തടരും. അതിനിടെ കടകൾ തുറപ്പിക്കാൻ സിപിഎമ്മും തന്ത്രങ്ങളുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കിയുള്ള പൊലീസ് വിന്യാസവും തലസ്ഥാനത്തുണ്ട്. തീവണ്ടിയിൽ വന്നിറങ്ങുന്നവരെ വിവിധ ഇടങ്ങളിൽ കൊണ്ടു പോകാൻ പൊലീസ് സംവിധാനവും സജീവമായി രംഗത്തുണ്ട്. ആശുപത്രികളിലും മറ്റും പോകുന്നവർക്ക് പൊലീസ് വാഹനങ്ങൾ തുണയാണ്.
ശബരിമലയിൽ യുവതീപ്രവേശം നടന്നതിന്റെ പേരിൽ ശബരിമല കർമസമിതി നടത്തിയ പ്രതിഷേധം കൊല്ലം ജില്ലയിൽ പലയിടത്തും അക്രമാസക്തമായിരുന്നു. മിക്ക സ്ഥലങ്ങളിലും പ്രവർത്തകർ നിർബന്ധപൂർവം കടകൾ അടപ്പിച്ചു. രാമൻകുളങ്ങര ജംക്ഷനിലെ കോർപറേഷൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പഴക്കടയിലെ വനിത ഉൾപ്പെടെ 2 ജീവനക്കാരെ മർദിച്ചതായും പരാതിയുണ്ട്. രാമൻകുളങ്ങരയിൽ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. പുറത്തു നിന്നു കമ്പ് കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. ഇതിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിനെ കയ്യേറ്റം ചെയ്തു. ക്യാമറ പിടിച്ചുവലിച്ചു ലെൻസ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. ബിഷപ് ജെറോം നഗറിൽ കടകൾ അടപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മീഡിയ വൺ ചാനലിന്റെ ക്യാമറമാൻ ബിജുവിനെ മർദിച്ചു.
പ്രകടനമായി പോയ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ വനിതാമതിലിന്റെ പ്രചാരണ ബാനറുകൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കു ഭക്ഷണപ്പൊതിയുമായി വന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കരിക്കോട് ആർഎസ്എസ് പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. ആറു ഡിവൈഎഫ്ഐ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര, കരുനാഗപ്പള്ളി ഭാഗങ്ങളിലും ശബരിമല കർമസമിതി പ്രവർത്തകർ കടകൾ അടപ്പിച്ചു. ശാസ്താംകോട്ട ഭരണിക്കാവിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറ്. കൊട്ടാരക്കരയിൽ ശബരിമല കർമസമിതിയുടെ പ്രകടനത്തിനിടെ അക്രമം തടയാനെത്തിയ 2 പൊലീസ് ഉദ്യോഗസ്ഥർക്കു നേരിയ പരുക്ക് ഏൽക്കുകയും ചെയ്തു.
പന്തളത്തെ കല്ലേറ് സിപിഎം ഏര്യാകമ്മറ്റി ഓഫീസിൽ നിന്ന്
ശബരിമലയിൽ ആചാര ലംഘനം നടത്തിയതിൽ പ്രതിഷേധിച്ചു ശബരിമല കർമസമിതി നടത്തിയ പ്രകടനത്തിനെതിരെ കല്ലേറ് ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനും കർമസമിതി പ്രവർത്തകനും അടക്കം പത്തോളം പേർക്ക് പരുക്ക് ഏറ്റു. ഈ ആക്രമണത്തിനിടെയുണ്ടായ അക്രമത്തിലാണ് കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചത്. പന്തളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷ് കുമാർ (42), കർമ സമിതി പ്രവർത്തകൻ തോന്നല്ലൂർ എരുത്തിക്കൽ മുരളീഭവനിൽ രഞ്ജിത്ത് (32), എന്നിവർക്കും വഴി യാത്രക്കാർക്കുമാണ് പരുക്കേറ്റത്.
ചന്ദ്രൻ ഉണ്ണിത്താനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. പന്തളം മണികണ്ഠനാൽത്തറ സന്നിധിയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി കവലയിൽ എത്തി തിരികെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുൻപിൽ എത്തിയപ്പോഴാണ് പ്രകടനത്തിനു നേരെ കല്ലേറുണ്ടായത്. അവിചാരിതമായി ഉണ്ടായ കല്ലേറിൽ പ്രകടനക്കാർ ചിതറിയോടി. തുടർന്നു പ്രകടനക്കാർ പന്തളം കവലയിൽ സംഘടിച്ചു . ആക്രമണത്തിൽ പ്രതിഷേധിച്ച് എംസി റോഡ് ഉപരോധിച്ചു. സിപിഎം ഓഫിസ് കേന്ദ്രീകരിച്ചു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു എന്ന് കർമസമിതി നേതാക്കൾ ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തർ അരമണിക്കൂറോളം റോഡ് ഉപരോധിച്ചത്.
സംഘർഷത്തെ തുടർന്ന് അടൂർ ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. തുടർന്നു കർമ സമിതി നേതാക്കളുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സിപിഎം ഏര്യാകമ്മറ്റി ഓഫീസിന് മുകളിലുണ്ടായിരുന്ന കല്ലുകൾ ഉപയോഗിച്ചായിരുന്നു അക്രമം.
അതീവ ജാഗ്രതയിൽ പൊലീസ്
ഹർത്താലിലെ ക്രമസമാധാനപ്രശ്നങ്ങൾ മുന്നിൽ കണ്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ അർധരാത്രിയിൽ പൊലീസിന്റെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി മുൻപ് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട പലരെയും പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചു. നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും വിലയിരുത്തി.
സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കെഎസ്ആർടിസി ബസുകൾക്കു പുറമേ 10 മുതൽ 20 വരെ സ്വകാര്യവാഹനങ്ങൾ ഒരുമിച്ച് പോകുകയാണെങ്കിൽ (കോൺവോയ്) പൊലീസ് സംരക്ഷണം നൽകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്ന് യാത്രക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി എല്ലാ സർവീസുകളും നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. എന്നാൽ ഇതിന് സാധ്യത കുറവാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ശബരിമലയിലേക്ക് ബസുകളെ കെ എസ് ആർ ടി സി അയച്ചേക്കും.
ഇന്നലത്തെ സംഘർഷങ്ങളിൽ 57 ബസുകൾക്കാണ് കേടുപാടുകളുണ്ടായത്. ഇതിന്റെ നഷ്ടം കണക്കാക്കി വരികയാണ്. ഹർത്താലിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി പൊലീസിനു കത്തു നൽകി. യാത്രക്കാരുടെ എണ്ണത്തിനു ആനുപാതികമായിരിക്കും സർവീസുകളെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബസ് കയറാൻ യാത്രക്കാർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ബസ് സർവ്വീസിനുള്ള സാധ്യതയും കുറവാണ്.
പ്രതിഷേധം കെ എസ് ആർ ടി സിക്ക് നേരെ
ശബരിമല വിഷയത്തിൽ ബസുകൾ തകർക്കുന്നതു തുടരുന്നതിനാൽ ഇന്ന് സർവീസുകൾ കെഎസ്ആർടിസി നടത്തില്ലെന്നാണ് സൂചന. ശബരിമല യുവതീപ്രവേശം സാധ്യമായതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ അക്രമം തുടരുന്നതിനിടെയാണു തീരുമാനം. പലയിടത്തും ഇതിനകം തന്നെ സർവീസുകൾ നിർത്തിവച്ചു. സ്ഥിതി പരിശോധിച്ചു മാത്രം സർവീസുകൾ നടത്തിയാൽ മതിയെന്നാണു നിർദ്ദേശം. ഇന്നും സ്ഥിതി ഗതികൾ ശാന്തമല്ല.
കെഎസ്ആർടിസി എക്സ്പ്രസ് ബസിന് നേരെ അമ്പലപ്പുഴയിൽ അക്രമികൾ കല്ലേറ് നടത്തി. മുന്നിലെ ചില്ലു തകർന്ന് ഡ്രൈവറുടെ കണ്ണിനു താഴെയും മൂക്കിലും മുറിവേറ്റു. തിരുവനന്തപുരം- കൽപറ്റ ബസിന്റെ ഡ്രൈവർ അബ്ദുൽ റഷീദിനാണു പരുക്കേറ്റത്. ദേശീയപാതയോരത്തുനിന്ന സംഘമാണു കല്ലെറിഞ്ഞത്. കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുകൾക്കു നേരെയും അക്രമമുണ്ടായി. ബസുകളുടെ ചില്ലുകൾ തകർന്നു. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് കാഞ്ഞങ്ങാടേക്കു പോവുകയായിരുന്ന ബസിനു നേരെയും കല്ലേറുണ്ടായി. പെരിന്തൽമണ്ണയിൽ ശബരിമല കർമസമിതിയുടെ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.
കോഴഞ്ചേരിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസുകൾക്കുനേരെ വ്യാപക അക്രമമാണ് നടന്നത്. പലയിടത്തും സ്വകാര്യ ബസ് സർവീസുകളും നിർത്തിവച്ചു. ഈ സാഹചര്യത്തിൽ വലിയ നഷ്ടമാണ് കെ എസ് ആർ ടി സിക്കുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ബസ് നരത്തിലിറക്കിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് കെ എസ് ആർ ടി സിക്ക് അറിയാം.