- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പ്രതിഷേധത്തിന്റെ പേരിലെ അക്രമം തുടരുന്നു; ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾക്കും കടകൾക്കും നേരെ കല്ലേറ്; ആംബുലൻസ് എത്താൻ വൈകി ചികിത്സയ്ക്ക് എത്തിയ വയോധിക തമ്പാനൂരിൽ കുഴഞ്ഞുവീണ് മരിച്ചു; എരുമേലിയിൽ തുറന്ന കടകൾ അടപ്പിച്ച് സമരാനുകൂലികൾ; പാലക്കാട് വായനശാല അഗ്നിക്കിരയാക്കി; പുലർച്ചയോടെ സിപിഎം ഓഫീസുകളിൽ ആക്രമണം; തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കടകൾ മിക്കതും തുറന്നില്ല; കടകൾക്ക് പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് വ്യപാരികൾ
തിരുവനന്തപുരം;ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകൾ ഇന്ന് പുലർച്ചെ മുതൽ ആക്രമിക്കപ്പെട്ടു. കെഎസ്ആർടിസി ബസുകൾക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാർ നേതാക്കളെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ബസുകളൊന്നും ഓടുന്നില്ല.
ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനിൽ കുഴഞ്ഞുവീണ ഒരാൾ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ സമയത്ത് ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.വയനാട് സ്വദേശി ഫാത്തിമയെന്ന വയോധികയാണ് മരിച്ചത്. ഇവർ ശ്രീചിത്രയിൽ ചികിത്സയ്ക്ക് എത്തിയതാണ്.
ദീർഘനാളായി ആർസിസിയിലെ ചികിത്സയിലായിരുന്നു ഇവർ. ആംബുലൻസ് എത്താൻ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൊലീസിന്റെ ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത്പയ്യോളിയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. കണ്ണൂരിൽ കടകൾ അടപ്പിച്ച നാലു സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
പാലക്കാട് വെണ്ണക്കരയിൽ ഇന്നലെ അർധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതർ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂർ ലോക്കൽ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്.
കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികൾ കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഹർത്താൽ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവർത്തകർ എത്തി കടകൾ അടപ്പിച്ചു.
പാലക്കാടും തൃശ്ശൂരും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നില്ല. ബെംഗളൂരുവിൽ നിന്നും വന്ന കെഎസ്ആർടിസി ബസുകൾ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല. കണ്ണൂർ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കണ്ണൂരിലെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിർത്തി വച്ചു. കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദർശനത്തിനായി നൂറുകണക്കിന് തീർത്ഥാടനത്തിനായി സ്റ്റേഷനിൽ എത്തിയിട്ടുള്ളത്. എരുമേലിയിൽ നിന്നും പന്പയിലേക്ക് മാത്രമാണ് കെഎസ്ആര്ടിസി ഇപ്പോൾ സർവ്വീസ് നടത്തുന്നത്. അതേസമയം നിലക്കലിൽ നിന്ന് ചെങ്ങന്നൂർ,കോട്ടയം,-കുമളി ,തിരുവനന്തപുരം ബസ്സുകൾ കോൺവോയി ആയി സർവ്വീസ് പുറപ്പെട്ടു.
ഹർത്താലിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി.നസ്റുദ്ദീന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി . കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തെ ബിജെപി എതിർത്ത സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. അതേസമയം ഹർത്താൽ പരാജയപ്പെടുത്താൻ വേണ്ട പിന്തുണയോ പൊലീസ് സഹായമോ വ്യാപാരികൾക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹർത്താൽ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും ടി.നസ്റുദ്ദീൻ പറഞ്ഞു.
കോഴിക്കോട് പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡിൽ ടയറുകൾ കത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസിയുടെയും കാറിന്റെയും ചില്ലുകൾ തകർത്തു. പേരാമ്പ്രയിൽ കെഎസ്ആർടിസിക്കു നേരെയും ഡിവൈഎഫ്ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് പോകുന്നവർക്ക് പൊലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് നടത്താൻ തയ്യാറായാൽ സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ ബിജെപി-ശബരിമല കർമസമിതി പ്രവർത്തകർ പ്രകടനം നടത്തും.
കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലും ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. കോട്ടാത്തലയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ കാറിനു നേരയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പമ്പയിൽ അയ്യപ്പ ഭക്തന്മാർക്കായി കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പതിഷേധവും ഹർത്താൽ ആചരണവും സമാധാനപരമായിരിക്കണമെന്നും ബിജെപി. സംസ്ഥാനകമ്മിറ്റി അഭ്യർത്ഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. പാൽ, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീർത്ഥാടകരെയും ഹർത്താലിൽനിന്ന് ഒഴിവാക്കി.
വ്യാഴാഴ്ച നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ കടകളും തുറന്നുപ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ എംഎൽഎ., സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ അറിയിച്ചു. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കടകൾ അടപ്പിച്ചാൽ അറസ്റ്റ് -ഡി.ജി.പി.
അക്രമം നടത്തുകയോ സഞ്ചാരം തടസ്സപ്പെടുത്തുകയോ ചെയ്താൽ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊതുമുതൽ നശിപ്പിക്കുന്നവരിൽ തുല്യമായ തുക ഈടാക്കാൻ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ സ്വത്തുവകകളിൽനിന്നോ നഷ്ടം ഈടാക്കും.
അക്രമത്തിന് മുതിരുകയോ നിർബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്റ്റുചെയ്യും. കടകൾ തുറന്നാൽ സംരക്ഷണം നൽകും. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും.