- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്നം-ചെറായി 110 കെവി ലൈനിന്റെ ഭീതിയിൽ പറവൂരുകാർ; വീടുകൾക്ക് മുകളിലൂടെ പോകുന്ന ഹൈടെൻഷൻ ലൈനുകൾ; സ്വൈര്യജീവിതം അസാധ്യമാക്കും; ഭൂഗർഭ കേബിളുകൾ വേണമെന്ന് നാട്ടുകാർ; നിഷേധമനോഭാവവുമായി കെഎസ്ഇബി; വൈദ്യുത പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ലൈനുകൾ അത്യാവശ്യമെന്ന് സ്ഥലവും എംഎൽഎ വിഡി.സതീശൻ; ഹൈക്കോടതി തുണയ്ക്കും എന്ന പ്രതീക്ഷയുമായി നാട്ടുകാർ
തിരുവനന്തപുരം: വൈപ്പിൻ ലക്ഷ്യമാക്കി പറവൂരിൽ നിന്ന് ചെറായിയിലേക്ക് വലിക്കുന്ന 110 കെവി ലൈൻ പ്രദേശത്തെ നാട്ടുകാർക്ക് കുരുക്കാകുന്നു. ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന മന്നം -ചെറായി ലൈനിന്റെ അലൈന്മെന്റ് മാറ്റുകയോ അല്ലെങ്കിൽ ഭൂഗർഭ കേബിളുകൾ ആയി മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്. പറവൂർ -ചെറായി റൂട്ടിലെ പത്ത് കിലോമീറ്റർ ദൂരമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വീടിന്റെ തൊട്ടുമുകളിലൂടെ 110 കെവി ലൈനോ 210 കെവി ലൈനോ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നാട്ടുകാരെ വേട്ടയാടുന്നത്.
സ്വൈര്യജീവിതം അസാധ്യമാകും എന്ന് തന്നെയാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ലൈനുകൾ കൂടാതെ തന്നെ ജനവാസ സ്ഥലങ്ങളിൽ ഈ കെവി ലൈനിനു ടവറുകളും വേണം. ടവറുകൾ വന്നാൽ അതും വീടുകൾക്ക് ചുറ്റുവട്ടത്ത് തന്നെ അതും ആശങ്കകൾക്ക് വകവയ്ക്കുകയാണ്. കെവി ലൈൻ പോകുന്ന പ്രദേശത്തെ മരങ്ങൾ മുഴുവൻ വെട്ടിമാറ്റുകയും വേണം. ടവറുകൾ വെയ്ക്കുന്ന കാര്യവും മരങ്ങൾ മുഴുവൻ വെട്ടിമാറ്റുന്ന കാര്യവും കെഎസ്ഇബി അധികൃതർ നാട്ടുകാരുമായി സംസാരിച്ചിട്ടുമുണ്ട്. ടവർ വരുമ്പോൾ അത് വീടുകൾക്ക് തൊട്ടടുത്ത് വെയ്ക്കുന്ന കാര്യത്തിലുള്ള ആശങ്കയും മരങ്ങൾ മുഴുവൻ നശിപ്പിക്കേണ്ടി വരുന്നതിനുള്ള പ്രയാസവും നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഒപ്പം മറ്റൊരു ആശങ്ക കൂടി നാട്ടുകാർക്കുണ്ട്. 110 കെവി ലൈൻ എന്നത് ഇപ്പോൾ 220 കെവി ലൈൻ ആക്കാനും അധികൃതർക്ക് ഉദ്ദേശ്യമുണ്ട്. അത് ക്ലേശങ്ങൾ വർദ്ധിപ്പിക്കും. 110 കെവി ലൈനിന്റെ സ്ഥാനത്ത് 220 കെവിലൈൻ ആകുന്നത് നാട്ടുകാർക്ക് ആലോചിക്കാൻ കൂടി കഴിയുന്നുമില്ല. പക്ഷെ ലൈൻ കൊണ്ടുപോയേ കഴിയൂ. അതും ഈ പ്രദേശത്ത് കൂടി തന്നെ വേണം. അതിനാൽ വരുന്ന ബുദ്ധിമുട്ടുകൾ സഹിക്കുക തന്നെവേണം എന്നാണ് കെഎസ്ഇബി അധികൃതർ നാട്ടുകാരെ അറിയിച്ചത്. പകരം ചില വീട്ടുകാർ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കേണ്ട ആവശ്യകതയും ഭൂഗർഭ കേബിളിന്റെ റൂട്ടും സ്കെച്ചും അടക്കം കെഎസ്ഇബി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ ഇതിനോടും വിമുഖതയാണ് കെഎസ്ഇബി അധികൃതർ പ്രദർശിപ്പിക്കുന്നത്. കലൂരും മെട്രോ റെയിൽ പരിസരത്തുമൊക്കെ ഇത്തരം ലൈനുകളുണ്ട്.
പക്ഷെ അതെല്ലാം ഭൂഗർഭ കേബിളുകൾ ആണ്. അതിനാൽ ഈ റൂട്ടിലും ഭൂഗർഭ കേബിളുകൾക്ക് അധികൃതർ ശ്രമിക്കണം-നാട്ടുകാർ ആവശ്യപ്പെടുന്നു. എന്റെ വീട് 24 സെന്ററിൽ ഉള്ളതാണ്. ഈ 24 സെന്റിലെ മുഴുവൻ മരങ്ങളും വെട്ടിമാറ്റാൻ കെഎസ്ഇബി എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞാൻ വിരമിച്ച വ്യക്തിയാണ്. മറ്റു വരുമാനങ്ങൾ ഇല്ല. മരങ്ങളിൽ നിന്നും തെങ്ങിൽ നിന്നും മറ്റും ആദായമുണ്ട്. മരങ്ങൾ പോയാൽ ഞാൻ എന്ത് ചെയ്യും-പ്രദേശവാസിയായ ഹരിഹരൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ മകൾക്ക് പകുതി സ്ഥലത്ത് വീട് വെയ്ക്കാൻ സ്ഥലം നൽകിയിട്ടുണ്ട്. കെവി ലൈനും ടവറും വന്നാൽ ഈ വീട് പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ വരും-ഹരിഹരൻ പിള്ള പറയുന്നു.
ഇതുപോലെ പരാതികൾ ഉള്ളവർ ഈ ഭാഗത്ത് ഒട്ടനവധി പേരുണ്ട്. കെഎസ്ഇബി അധികൃതർ പദ്ധതിയുമായി മുന്നോട്ട് എന്ന് മനസിലാക്കി സ്ഥലം എംഎൽഎ വി.ഡി.സതീശനോട് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും അതുകൊണ്ടും കാര്യമുണ്ടായില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്. ഈ സ്ഥലം അല്ലെങ്കിൽ വേറെ സ്ഥലം തിരഞ്ഞെടുക്കേണ്ടി വരും. അതുകൊണ്ട് അവിടുത്തുകാർക്ക് ബുദ്ധിമുട്ട് വരും. അതിനാൽ ഇപ്പോഴുള്ള സ്ഥലത്തുകൂടി തന്നെ ലൈൻ വലിക്കേണ്ടി വരും എന്നാണ് വി.ഡി.സതീശന്റെ പ്രതികരണം എന്നാണ് നാട്ടുകാർ പറയുന്നത്. വീടുകൾക്ക് മുകളിൽ കൂടി ലൈൻ വരുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ പറവൂരുകാർ. എന്തുകൊണ്ട് തങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് ഭൂഗർഭ ലൈനുകൾ വലിച്ചുകൂടാ എന്നാണ് നാട്ടുകാർ മറുനാടനോടും പങ്കുവയ്ക്കുന്നത്. ലൈൻ വലിക്കുന്നതിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വേണ്ടപ്പെട്ടവരെ ഒഴിവാക്കി ലൈനിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് ആക്ഷേപം.
ഇതിന്റെ ഉദാഹരണങ്ങളും നാട്ടുകാർ നിരത്തുന്നു. എംഎൽഎയിൽ നിന്നും കെഎസ്ഇബിയിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന് മനസിലാക്കി നാട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്. അടുത്ത് തന്നെ ഹൈക്കോടതി ഈ കേസ് വാദത്തിനു എടുക്കുന്നുണ്ട്. ഹൈക്കോടതി സ്റ്റേ നൽകാത്തതിനാൽ കെവി ലൈൻ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ടു പോവുകയാണ്. നാട്ടുകാരുടെ രോഷം കെഎസ്ഇബി നേരിടുന്നതിനാൽ അവർ ബുദ്ധിപൂർവമായാണ് നീങ്ങുന്നത്. നാട്ടുകാരിൽ നിന്ന് പരാതി ഉയരാത്ത സ്ഥലങ്ങളിൽ വർക്കുകൾ നടത്തുക. അവിടുള്ള സ്ഥലങ്ങളിൽ ജോലികൾ പൂർത്തിയാക്കുക. എന്തായാലും ലൈൻ വന്നേ തീരൂ എന്ന തീരുമാനത്തിലാണ് കെഎസ്ഇബി അധികൃതർ.
കെഎസ്ഇബിയ്ക്കെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതി പക്ഷെ കമ്മീഷൻ സ്വീകരിച്ചില്ല. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് കമ്മീഷൻ പരാതി സ്വീകരിക്കാതിരുന്നത്. പക്ഷെ ഈ കാര്യത്തിൽ അനുഭാവപൂർവം നടപടി ഉണ്ടാകേണ്ടതുണ്ടെന്നാണ് കമ്മീഷൻ ഈ പരാതിയിൽ നിരീക്ഷണം നടത്തിയത്. പക്ഷെ തീർത്തും വ്യത്യസ്തമായ പ്രതികരണമാണ് പറവൂർ എംഎൽഎ വി.ഡി.സതീശൻ മറുനാടൻ മലയാളിയോട് ഈ പ്രശ്നത്തിൽ നടത്തിയത്. 20 വർഷം മുൻപുള്ള ഇലക്ട്രിസിറ്റി പദ്ധതിയാണിത്. ജനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിനീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോൾ ഉപഭോക്താക്കൾ വളരെയധികം വർദ്ധിച്ചു.
പറവൂരിലും കടുത്ത വൈദ്യുതി വിതരണ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ലൈൻ ഇല്ലെങ്കിൽ പ്രശ്നങ്ങൾ വരും. ലൈനിന്റെ അലൈന്മെന്റ് തീരുമാനിച്ചത് തന്നെ ജനവാസപ്രദേശങ്ങൾ ഒഴിവാക്കിയാണ്. ഈ ഭാഗത്ത് നിന്ന് മാറ്റുകയാണെങ്കിൽ വേറെ റൂട്ടിൽ ലൈൻ വലിക്കേണ്ടി വരും. അവിടെ ഇതിന്റെ ഇരട്ടി വീടുകൾ വരും. അതിനാൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള സ്ഥലത്തുകൂടിയാണ് ലൈൻ വലിക്കാൻ പദ്ധതിയിട്ടത്. ഭൂഗർഭ കേബിളിന്റെ കാര്യം ഞാൻ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അതിന്റെ ചെലവ് സർക്കാരിന് തന്നെ ഈ ഘട്ടത്തിൽ താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാലാണ് മുകളിൽ കൂടി തന്നെ ലൈൻ വലിക്കാൻ പദ്ധതിയിട്ടത്.അതുമാത്രമല്ല മുൻപ് രണ്ടു നില വീടുകൾ ആയിരുന്നു ഈ പ്രദേശത്തു പറഞ്ഞത്.
ഇപ്പോൾ മൂന്നു നില വീടുകൾക്ക് നിർമ്മാണത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്. ലൈനുകൾ പരമാവധി മുകളിലേക്ക് ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്-വി.ഡി.സതീശൻ പറയുന്നു. വികസന പദ്ധതികൾ വരുമ്പോൾ നിയന്ത്രിതമായി മാത്രമേ ഇടപെടാൻ കഴിയൂ എന്ന് വി.ഡി.സതീശൻ വ്യക്തമാക്കുന്നുണ്ടെങ്കിലും തലയ്ക്ക് മുകളിൽ തൂങ്ങിപ്പോകുന്ന കെവിലൈനുകളെ കുറിച്ചോർത്തുള്ള ഭയാശങ്കയിലാണ് പറവൂരിലെ ഒരുവിഭാഗം ജനങ്ങളുടെ ഇപ്പോഴത്തെ ജീവിതം. 110-210 കെവി ലൈനുകൾ വരേണ്ടെന്നല്ല നാട്ടുകാർ പറയുന്നത് അത് ഭൂഗർഭ കേബിളുകൾ ആയി കൊണ്ടുപോകണം എന്നാണ്. എന്തായാലും ഈ പ്രശ്നത്തിനു ഹൈക്കോടതി വിധിയിലൂടെ പരിഹാരം കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പറവൂറുകാർ.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.