- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനകദുർഗ്ഗയെ ഒളിപ്പിച്ചത് കോട്ടയം എസ് പിയും സിപിഎമ്മുമെന്ന് സഹോദരൻ; സുരക്ഷയൊരുക്കിയത് കണ്ണൂരിലെ മുൻ എസ് എഫ് ഐ നേതാവായ പൊലീസുകാരനെന്ന് ചിത്രങ്ങൾ പുറത്തുവിട്ട് ആരോപിച്ച് ബിജെപി; യുവതി പ്രവേശനത്തിന് കണ്ണൂരിലെ പൊലീസിന് പ്രത്യേക പരിശീലനം നൽകിയെന്ന് ആരോപിച്ച് കെ സുധാകരൻ; 'ആക്ടിവിസ്റ്റുകളെ' സന്നിധാനത്ത് എത്തിച്ച പ്ലാൻ ബിയിൽ ദുരൂഹതകൾ ഏറെയെന്ന് ശബരിമല കർമ്മ സമിതി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ശബരിമല യുവതീപ്രവേശത്തിൽ ഗൂഢാലോചനയുണ്ടെന്നു കനകദുർഗയുടെ സഹോദരൻ ഭരത്ഭൂഷൺ. സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷൺ ആരോപിച്ചു. കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കൾ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും സഹോദരൻ വിശദീകരിച്ചു. ഇതോടെ യുവതികളുടെ ശബരിമല പ്രവേശനം പുതിയ തലത്തിലെത്തുകയാണ്.
അതിനിടെ എസ് എഫ് ഐ മട്ടന്നുർമുൻ ഏരിയ പ്രസിഡന്റായ ഷിജു എന്ന പൊലീസ് ഓഫീസറാണ് യുവതികൾക്ക് എസ് കോർട്ട് വന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. സന്നിധാനത്തേയും പമ്പയിലേയും പൊലീസുകാരെ അറിയിക്കാതെ കണ്ണുരിൽ നിന്ന് എത്തിയവരാണ് ഓപ്പറേഷൻ നടപ്പാക്കിയതെന്നും ബിജെപി ആരോപിക്കുന്നു. ഇതിനൊപ്പം ശബരിമലയിൽ യുവതികൾ പ്രവേശിച്ച വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരനും രംഗത്ത് വന്നു. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത് കള്ളന്മാരെപ്പോലെയാണ്. പിണറായി വിജയൻ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. കണ്ണൂരിൽ നിന്നുള്ള പൊലീസുകാർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകി. ഇവർ സിപിഎം അനുകൂലികളാണ്. ഭരണാധികാരികൾ ജനങ്ങൾക്കൊപ്പമാണ് ഉണ്ടാകേണ്ടത്. പിണറായി പൂർണ ഫാസിസ്റ്റാണെന്നും സുധാകരൻ പറഞ്ഞു.
യഥാർത്ഥ ഭക്തരാണെങ്കിൽ അവർ ശബരിമലയിൽ പോകില്ലായിരുന്നു. ഇവർ ആക്ടിവിസ്റ്റുകളാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവർ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികൾ ദർശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരൻ ആരോപിച്ചു. യുവതികൾ ശബരിമലയിലെത്തുകയും ദർശനം നടത്തി മടങ്ങുകയും ചെയ്തത് അതീവരഹസ്യമായിട്ടായിരുന്നു എന്ന് വ്യക്തമായി കഴിഞ്ഞു. ഇരുവരും വരുന്ന വിവരം അപൂർവ്വം പൊലീസുകാർക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഇവരുടെ വരവ്. മുൻകൂട്ടി പൊലീസ് സംരക്ഷണം തേടിയതുമില്ല. പുലർച്ചെ ഒന്നരയ്ക്ക് പമ്പയിലെത്തിയ ശേഷം മാത്രമാണ് സംരക്ഷണം ചോദിച്ചത്. വലിയ തിരക്കില്ലാത്ത സമയമാണ് ദർശനത്തിനായി അവർ തിരഞ്ഞെടുത്തതും. ഇതെല്ലാം വ്യക്തമയാ തന്ത്രങ്ങളുടെ ഭാഗമായികുന്നു.
പമ്പയിലെത്തിയ യുവതികൾ ആറ് പൊലീസുകാരുടെ അകമ്പടിയിൽ അവർ മലകയറി, മഫിതിയിലാണ് പൊലീസുകാർ അനുഗമിച്ചത്. ഒന്നരയ്ക്ക് പുറപ്പെട്ട കനകദുർഗയും ബിന്ദുവും 3.30ന് നട തുറന്ന ശേഷമാണ് സന്നിധാനത്തെത്തിയത്. കറുപ്പണിഞ്ഞ് മുഖംമറച്ചാണ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു വരവ്. പതിനെട്ടാം പടി വഴിയല്ലാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിന് മുന്നിലെത്തിയത്. 3.48 ഓടെ എത്തി. കൃത്യം അഞ്ച് മിനിറ്റിനുള്ളിൽ 3.53 ഓടെ ദർശനം നടത്തി തിരിച്ചിറങ്ങി തുടങ്ങി. 3.53-ഓടെ ദർശനം നടത്തി തിരിച്ചിറങ്ങിയെന്നുമാണ് സ്ഥിരീകരണം. സുരക്ഷ ഒരുക്കിയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് യുവതികളുടെ ദർശന വീഡിയോ പരിശോധിച്ച് മുൻ എസ് എഫ് ഐ നേതാവാണ് കൂടെയുണ്ടായിരുന്നതെന്ന് ബിജെപി ആരോപിക്കുന്നത്.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുർഗ. ഡിസംബർ 24ന് ഇവർ ശബരിമലയിൽ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിൽ എത്തിയതെന്ന് അവരുടെ ഭർത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയിൽ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.24ന് ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു ഭർത്താവ് പൊലീസിൽ പരാതി നൽകി. പിന്നാലെ താൻ തൽക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്ന് കനകദുർഗ അറിയിച്ചു. ആക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് മാറിനിൽക്കുകയായിരുന്നുവെന്നാണു വിവരം.
ആദ്യ ശ്രമത്തിനു ശേഷം ബിന്ദുവും കനകദുർഗയും വീട്ടിലേയ്ക്ക് തിരികെ പോയിരുന്നില്ല. ശബരിമലയിൽനിന്ന് പൊലീസ് ഇവരെ കോട്ടയത്തെത്തിക്കുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കകയും ചെയ്തു. ഏതാനും ദിവസങ്ങൾ മെഡിക്കൽ കോളേജിൽ പൊലീസ് സുരക്ഷയിൽ കഴിഞ്ഞ ഇവർ, തങ്ങളെ വീണ്ടും ശബരിമല ദർശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്നു. തുടർന്ന് ദർശനത്തിന് അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇരുവരും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. ഇതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് ശബരിമല കർമ്മ സമിതി പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ സർക്കാരിന്റെയും,പൊലീസിന്റെയും ഒത്താശയോടെയാണ് ശബരിമലയിൽ ആചാരലംഘനം നടന്നതെന്നാണ് കർമ്മ സമിതി ആരോപിക്കുന്നത്.
കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ ബിന്ദു,കനക ദുർഗ്ഗ എന്നിവർക്ക് മഫ്തിയിലുള്ള പൊലീസ് സുരക്ഷ ഒരുക്കിയത് ഇതിനു തെളിവാണ്.നവോത്ഥാനത്തിനെന്ന പേരിൽ വനിതാ മതിൽ സംഘടിപ്പിച്ചത് ശബരിമലയിലെ യുവതീ പ്രവേശനം ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിരുന്നു. ജനുവരി 1 ന് വൈകിട്ട് വനിതാ മതിൽ തീർക്കുകയും,തൊട്ട് പിന്നാലെ യുവതികൾ സന്നിധാനത്ത് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞത് ഇത്തവണ തടസ്സങ്ങളൊന്നുമുണ്ടായില്ലെന്നും,സുരക്ഷ നൽകുക എന്നത് സർക്കാരിന്റെ നിലപാടാണെന്നുമാണ്.ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന കടകം പള്ളിയുടെ പ്രസ്താവന ദിവസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രിയും,കോടിയേരിയും തള്ളിക്കളഞ്ഞതും പാർട്ടി നിലപാട് യുവതികൾ ശബരിമലയിൽ പ്രവേശിക്കണമെന്നാണ് എന്ന് പറഞ്ഞതും ഇതുമായി ചേർത്ത് വായിക്കാമെന്നും പരിവാർ നേതാക്കൾ പറയുന്നു.
സർക്കാർ നടപടിയ്ക്കെതിരെ സംസ്ഥാനത്തുട നീളം ഭക്തരുടെ ശക്തമായ പ്രതിഷേധം ശക്തമാണ്. കൊട്ടാരക്കരയിൽ കടകൾ ഉടനീളം ഭക്തർ അടപ്പിച്ചു. പല സ്ഥലത്തും ഹർത്താൽ നടത്തുകയാണ്. മന്ത്രി കടകംപള്ളിയ്ക്കെതിരെ ഭക്തർ കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു. അതേ സമയം അതീവ ജാഗ്രതാ നിർദ്ദേശമാണ് ഇന്റലിജൻസ് നൽകിയിരിക്കുന്നത് .സംസ്ഥാനത്തുട നീളമുള്ള പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.