- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപിമാർ മാത്രം വാണിരുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തലപ്പത്ത് ആദ്യമായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; പിൻസീറ്റ് ഡ്രൈവിങ് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ അഴിമതി മണക്കുന്നെന്നും ആക്ഷേപം; ലക്ഷങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന കോർപ്പറേഷൻ സിഎംഡി സ്ഥാനത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതിൽ പൊലീസിലും അമർഷം ശക്തം
തിരുവനന്തപുരം: കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് തലപ്പത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നിയമിതനാകുന്നത് ഇതാദ്യമായാണ്. ഡിജിപിമാർ മാത്രം വാണിരുന്ന പോസ്റ്റ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകിയതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുറത്തുള്ള ഏജൻസികൾക്ക് നൽകുന്ന കോർപറേഷൻ ആണിത്. അതുകൊണ്ട് തന്നെ ഒട്ടനവധി അഴിമതികൾക്ക് സാധ്യതയുള്ള പോസ്റ്റ് ആണിത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എസ്റ്റിമേറ്റ് ഇടുന്നത് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തന്നെയാണ്.
എസ്റ്റിമേറ്റ് ഇട്ടശേഷം അത് സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയാണ് കോർപറേഷൻ ചെയ്യുന്നത്. ഇതുകൊണ്ടു തന്നെയാണ് കോർപ്പറേഷന്റെ പ്രവർത്തന ചരിത്രത്തിൽ സിഎംഡി സ്ഥാനം ഡിജിപി-എഡിജിപിമാർക്ക് ആയി മാറ്റിവെച്ചത്. ഡിജിപി എൻ.ശങ്കർ റെഡ്ഡിയാണ് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പോസ്റ്റിൽ ഇരുന്നിരുന്നത്. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ ശങ്കർ റെഡ്ഡിയെ മാറ്റി പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ആയിരുന്ന ശ്യാം സുന്ദറിനെ നിയമിച്ചത്.
സ്വതന്ത്ര രീതിയിൽ തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോയിരുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് ഇപ്പോൾ നിയന്ത്രിക്കാൻ എളുപ്പമായ രീതിയിൽ ആയി തീർന്നിരിക്കുകയാണ്.പിൻ സീറ്റ് ഡ്രൈവിങ്ങിന് അല്ലെങ്കിൽ പിന്നെ എന്തിനു ഡിജിപിമാർ മാത്രം ഇരുന്ന പോസ്റ്റിൽ എന്തിനു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇരുത്തുന്നു എന്നതാണ് ചോദ്യം ഉയരുന്നത്. പൊലീസ് ഉന്നതങ്ങളിൽ ഈ ചോദ്യം ഇപ്പോൾ മുഴങ്ങികൊണ്ടിരിക്കുന്നുണ്ട്. വളരെയധികം നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുന്ന കോർപറേഷൻ ആണിത്. അഴിമതി രഹിതമായാണ് ശങ്കർ റെഡ്ഡി ഈ പോസ്റ്റിൽ ഇരുന്നിരുന്നത്.
അതുകൊണ്ട് തന്നെ വശംവദനാകുന്ന ഒരു ഉദ്യോഗസ്ഥനെ ഈ പോസ്റ്റിൽ നിയമിക്കാനും സമ്മർദ്ദം ശക്തമായിരുന്നു. ഒരു തരത്തിലുള്ള സമ്മർദ്ദത്തിനും കീഴടങ്ങാതെയാണ് ശങ്കർ റെഡ്ഡി വകുപ്പ് ഭരിച്ചത്. കോർപറേഷൻ സിഎംഡി പോസ്റ്റ് ഡിജിപിപോസ്റ്റ് ആയിരുന്നതിനാൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വരെ കോര്പറേഷനിൽ ഇടപെടാനുള്ള പരിമിതിയുണ്ടായിരുന്നു. ഒരു സ്വതന്ത്ര ബോഡിയാണ് ഇവിടെ കാര്യങ്ങൾ നീങ്ങിയിരുന്നത്. ഇപ്പോൾ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ എസ്പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ വന്നതോടുകൂടി നിയന്ത്രിക്കാൻ എളുപ്പമാകുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ശങ്കർ റെഡ്ഡി മാറിയതോടെ സാഹചര്യങ്ങളും മാറുകയാണ്. ആന്ധ്രാ കേഡറിൽ നിന്ന് വന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ആണ് ശ്യാം സുന്ദർ. ഷെഫീൻ അഹമ്മദ് വന്ന രീതിയിൽ കേരളാ കേഡറിലേക്ക് വന്നതാണ് ശ്യാം സുന്ദറും. ഡിജിപി പോസ്റ്റ് എസ്പി റാങ്കിലേക്കുള്ള പോസ്റ്റ് ആക്കി മാറ്റുന്നതിന് പിന്നിലുള്ള ലക്ഷ്യങ്ങൾ പൊലീസ് ഉന്നതർക്കിടയിൽ ഇപ്പോൾ തന്നെ സംസാരവിഷയമാണ്. ഡിജിപിമാർ മാത്രം ഇരുന്ന കോർപറേഷനിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഇരുത്തുന്നതിൽ പൊലീസിലും അമർഷം ശക്തമാണ്.
എഡിജിപി നിതിൻ അഗർവാൾ ഇരുന്ന റോഡ് സുരക്ഷാ കമ്മിഷണർ പോസ്റ്റാണ് ഇപ്പോൾ ശങ്കർ റെഡ്ഡിക്ക് നൽകിയിരിക്കുന്നത്. ഇതിനായി എക്സ് കേഡർ തസ്തിക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തസ്തിക മാറ്റത്തിൽ ശങ്കർ റെഡ്ഡിക്ക് എതിര് പറയാനും കഴിയില്ല. ശങ്കർ റെഡ്ഡിയെ സംബന്ധിച്ച് തസ്തികമാറ്റം പൊടുന്നനെയുള്ള ഒരു തീരുമാനമായാണ് മുന്നിൽ വന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനെ ഉടച്ചുവാർക്കാനുള്ള തീരുമാനം വന്നത്.
പക്ഷെ ഇത്തരം ഉടച്ചുവാർക്കലിൽ സിഎംഡി തസ്തിക തരംതാഴ്ത്തും എന്നൊന്നും പൊലീസ് ഉന്നതർ കരുതിയിരുന്നില്ല. പൊലീസിന്റെ കാര്യത്തിൽ പല കാര്യങ്ങളിലും ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനങ്ങളിൽ ഉന്നത പൊലീസ് നേതൃത്വത്തിൽ അതൃപ്തിയുണ്ട്. ഇത്തരം ഒരതൃപ്തി തന്നെയാണ് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് തീരുമാനത്തിൽ നിന്നും ഉയരുന്നത്.