- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടെഴുതിയ പൊലീസുകാരനെതിരെ കോടിയേരി; പന്തളത്തുകൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനെന്ന് വിമർശനം; പൊലീസ് ആർഎസ്എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട ശബരിമല കർമസമിതിപ്രവർത്തകന്റെ റിമാൻഡ് റിപ്പോർട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് ആർ.എസ്.എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നതിന്റെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ ആർഎസ്എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുകയാണ്. അതിനിടയിൽ സിപിഎമ്മിനെ പ്രതി ചേർക്കാൻ നടത്തുന്ന കള്ളക്കളിയുടെ ഭാഗമാണ് ഇങ്ങനെയൊരു റിമാൻഡ് റിപ്പോർട്ട്. ബോധമുള്ള ആരും ഇത്തരത്തിൽ ഒരു റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കില്ല എന്നും കോടിയേരി പറഞ്ഞു.
ചന്ദ്രനുണ്ണിത്താനെയും മറ്റ് ശബരിമല കർമസമിതി പ്രകടനക്കാരെയും 'കൊല്ലെടാ അവന്മാരെ' എന്നാക്രോശിച്ച് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രകടനക്കാരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തിലാണ് പ്രതികൾ സംഘടിച്ചത്. സിമന്റ് കട്ട, ഇഷ്ടിക, കരിങ്കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. റിപ്പോർട്ട് അടൂർ കോടതിയിലാണ് സമർപ്പിച്ചത്. സംഭവത്തിൽ പ്രതികളായ കടയ്ക്കാട് വാക്കയിൽ കോയിക്കൽ തെക്കേപ്പുരയിൽ കണ്ണൻ (30), ഉളനാട് പുതുപ്പറമ്പിൽ താഴേതിൽ നിഖിൽ (അജു-22) എന്നിവർക്കെതിരേ കൊലപാതകത്തിനും ആസൂത്രണത്തിനുമാണ് പൊലീസ് കേസെടുത്തത്.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടിന് വൈകിട്ട് ആറുമണിക്ക് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്. സി. പി. എം ഏരിയാകമ്മറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ്മസമിതി പ്രവർത്തകർ ആരോപിച്ചത്.
എന്നാൽ തലക്കേറ്റ ആഘാതമല്ല മറിച്ച് ഹൃദയസ്ഥംഭനമാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ ്പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വരുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിയുകയായിരുന്നു. ചന്ദ്രനുണ്ണിത്താന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്. മാരക പരിക്കാണ് മരണകാരണമെന്നും പൊലീസ് പറയുന്നുണ്ട്. റിമാൻഡ് റിപ്പോർട്ടിലും തലയിലാണ് പരിക്കെന്ന് കാണിച്ചതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തെറ്റാണെന്ന് തെളിയുകയായിരുന്നു. എന്നാൽ ഇതിനെ പറ്റി മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നത്.
സംസ്ഥാനമൊട്ടാകെ ആർഎസ്എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരിലെ ആക്രമണങ്ങൾ ആർഎസ്എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആർഎസ്എസുകാർ വിദ്യാലയങ്ങൾ പോലും ആയുധപ്പുരകളാക്കി മാറ്റുന്നു. അിനാൽ സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി പറഞ്ഞു. അങ്ങോട്ടാക്രമിക്കുവാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ആക്രമണം തുടരുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടി വരും. അത് മാത്രമാണ് ഇപ്പോൾ ഉണ്ടായത്. കൂടുതൽ ആക്രമണമുണ്ടായാൽ നോക്കിയിരിക്കാനാവില്ല. ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് സംഘപരിവാറുകാർ കരുതരുത്.
പൊലീസ് അത്മസംയമനം പാലിക്കുന്നുണ്ട്. ഇത് ദൗർബല്യമായി കരുതുന്ന സാഹചര്യത്തിൽ ശക്തമായ നടപടി വേണം. ആർഎസ്എസ് സ്വാധീനമുള്ള പൊലീസുകാർ ഉണ്ടാകാം. അവരെ കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടത് എന്നും കോടിയേരി പറഞ്ഞു. അമിത് ഷാ കേരളത്തിൽ വരുന്നത് നല്ലതാണ്. അമിത് ഷാ ഓരോ തവണ കേരളത്തിലെത്തുമ്പോഴും സിപിമ്മിന്റെ ജനപിന്തുണ വർധിക്കും. ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്നും കോടിയേരി പരിഹസിച്ചു. ബിജെപി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമിത് ഷാ കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.