- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലും പത്രവും ഒഴിവാക്കുന്നത് പോലെ കെഎസ്ആർടിസിയെയും ഒഴിവാക്കു; ഒരുപാട് ആളുകളുടെ ഉപജീവനമാണ് ഉപദ്രവിക്കരുത്; ഹർത്താലിൽ തകർത്ത ബസുകളിൽ ബാനറേന്തി വിലാപയാത്ര സംഘടിപ്പിച്ച് തച്ചങ്കരി; ഹർത്താലിൽ തകർത്തത് ചിൽ ബസും സ്കാനിയയും ഉൾപ്പടെ നൂറോളം ബസുകൾ; നാശനഷ്ടമുണ്ടാക്കിയവരിൽ നിന്ന് തന്നെ പണം ഈടാക്കാൻ നിയമ നടപടി സ്വീകരിക്കുമെന്നും സിഎംഡി
തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ വ്യാപകമായ അക്രമ സംഭങ്ങൾ അരങ്ങേറി. നാട്ടിൽ എന്ത് ഉത്സവം വന്നാലും കോഴിക്കാണ് സമാധാനമില്ലാത്തത് എന്ന് പറയും പോലെ നാട്ടിൽ എന്ത് അക്രമം നടന്നാലും ആദ്യം എല്ലാവരും അരിശം തീർക്കുന്നത് കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ്. സമാനമായി തന്നെ ശബരിമല കർമ്മസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ കെ.എസ്.ആർ.ടിസിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എം.ഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന അക്രമത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം നികത്താത്തവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. സമാനമായി തന്നെ ഇപ്പോൾ നഷ്ടമുണ്ടാക്കിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടം ഈടാക്കാതെ ജാമ്യം ലഭിക്കാത്ത രീതിയിൽ െേകടുക്കുമെന്നും തച്ചങ്കരി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹർത്താലിൽ തുടർച്ചയായി ബസുകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ പ്രതിഷേധ റാലി. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാർ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത്. റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ആർടിസിയെ അക്രമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് എംഡി ടോമിൻ ജെ. തച്ചങ്കരി അഭ്യർത്ഥിച്ചു. സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആർടിസിക്ക് നേരെയുള്ള അക്രമമെങ്കിൽ ഇതിന്റെ നഷ്ടം വഹിക്കുന്നത് കെഎസ്ആർടിസി തന്നെയാണെന്നും തച്ചങ്കരി വ്യക്തമാക്കി. ഒരുപാട് പേരുടെ അന്നത്തിനുള്ള മാർഗമാണ് ഉപദ്രവിക്കരുത് എന്ന ബാനറുകൾ ഏന്തിയാണ് ബസുകൾ വിലാപയാത്ര നടത്തിയത്.
ഹർത്താൽ ആഹ്വാനം ചെയ്ത പിറ്റേ ദിവസം ഏകദേശം 79 ബസുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. ഗൾഫ് യാത്രക്കാരുമായി വിമാനത്താവളത്തിലേക്ക് പോയിക്കൊണ്ടിരുന്ന ചിൽ എ.സി ബസുകൾ കോഴിക്കോടും നെടുമ്പാശേരിയിലും കല്ലെറിഞ്ഞ് തകർത്തെന്നും തച്ചങ്കരി അറിയിച്ചു. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ത് നേട്ടമാണ് ഹർത്താൽ അനുകൂലികൾക്ക് ലഭിക്കുക. പാൽ, പത്രം, എന്നീ അവശ്യസൗകര്യങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയതുപോലെ കെ.എസ്.ആർ.ടി.സിയെയും ഒഴിവാക്കണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അത് എത്രയും പെട്ടെന്ന് പരിഗണിക്കപ്പെടണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം ഈ നാടിന്റെയും ജനങ്ങളുടെയും നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയ വിഷയത്തെതുടർന്നുണ്ടായ സംഘർഷങ്ങളിൽ രണ്ടു ദിവസത്തിനിടെ 100 ബസുകളാണ് തകർക്കപ്പെട്ടത്. ഇതുവരെ നഷ്ടം 3.35 കോടി രൂപയാണെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ബസുകൾ തകർക്കപ്പെട്ടതുമൂലം മാത്രമുണ്ടായ നഷ്ടമാണിത്. സർവീസുകൾ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാൻ ദിവസങ്ങളെടുക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ