- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികളെത്തി; കോടതി വിധിക്ക് ശേഷം പത്തോളം യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ; പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാം; സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല; കലാപം അഴിച്ചുവിടുന്നത് ആർഎസ്എസുകാരെന്നും മന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം പത്തോളം സ്ത്രീകൾ ദർശനം നടത്തിയെന്ന വാർത്തകൾ ശരിവെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിൽ ആർഎസ്എസുകാർ ബഹളം വെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി വിധി അനുസരിച്ച് പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ അവിടെ എത്തിയിട്ടുമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി. ആർഎസ്എസ് ഇനി ബഹളം വച്ചിട്ട് കാര്യമില്ല. പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിശ്വാസികളാണെങ്കിൽ ആക്ടിവിസ്റ്റുകൾക്കും ശബരിമലയിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു. ഏത് പ്രായത്തിലുള്ളവർക്കും ശബരിമലയിലേക്ക് വരാമെന്ന് സുപ്രീം കോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയിൽ എത്തിയ സ്ത്രീകൾക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല. കലാപം അഴിച്ചുവിടുന്നത് ആർ.എസ്.എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം ഇതുവരെ 40നും 50 മദ്ധ്യേ പ്രായമുള്ള പത്ത് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായാണ് പൊലീസ് റിപ്പോർട്ട്. ശ്രീലങ്കയിലും മലേഷ്യയിലും നിന്നുള്ളവരടക്കമാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകി. ശ്രീലങ്കൻ യുവതിയെ കൂടാതെ മലേഷ്യയിൽ നിന്നെത്തിയ മൂന്നു യുവതികളും പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 25 അംഗ മലേഷ്യൻ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയിൽ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തർക്കമുണ്ടായപ്പോൾ തങ്ങൾ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യൻ സ്ത്രീകൾ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുവതികൾ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സർക്കാരിനും പൊലീസിലെ ഉന്നതർക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവർക്കു പുറമേ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ സംഘങ്ങൾക്കൊപ്പവും 50 വയസ്സിൽ താഴെയുള്ള വനിതകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനൽകിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയശേഷമാണ് കൂടുതൽ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സർക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം.
മലയാളി യുവതികൾ മലകയറാൻ സന്നദ്ധരാവാതിരുന്നതോടെയാണ് പൊലീസ് വിദേശികളെ എത്തിച്ചത്. ശബരിമലയെ തകർക്കുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന സംഘപരിവാർ, കോൺഗ്രസ് ആരോപണം ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ, ഒരു മഹാരാഷ്ട്രക്കാരി, രണ്ട് വിദേശികൾ എന്നിവരെ രഹസ്യാത്മകമായി മലകയറ്റിയെന്ന് പൊലീസ് പറയുന്നു. ശ്രീലങ്കക്കാരി ശശികല ഒഴിച്ച് മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവിടുന്നില്ല. തടയാൻ തയ്യാറായി നിന്ന സംഘപരിവാറുകാരെ ഇളിഭ്യരാക്കിയാണ് മലേഷ്യൻ യുവതികളെ ബെഹറ മലകയറ്റിയത്.
25പുരുഷന്മാർക്കൊപ്പമെത്തിയ മലേഷ്യൻ യുവതികളാണ് യുവതികളാണു മല കയറിയത്. ബിന്ദുവും കനകദുർഗ്ഗയും കയറിയതു പോലെ പുരുഷന്മാരായ ഭക്തരുടെ വലയത്തിനുള്ളിലാണ് ഇവരും മലകയറിയത്. മലേഷ്യയിൽ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമായ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ 50വയസിന് താഴെയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇവരെ തടഞ്ഞു. ഈ സമയത്തൊന്നും അവിടെ പൊലീസ് ഉണ്ടായിരുന്നില്ല. ബഹളം അറിഞ്ഞ് ഒരു സംഘം പൊലീസുകാരെത്തി. കാഴ്ചയിൽ പ്രായംകുറവാണെന്ന് തോന്നിപ്പിക്കുന്നവർ യുവതികളാണെന്ന് പ്രതിഷേധക്കാർ തറപ്പിച്ചു പറഞ്ഞു.
എന്നാൽ പ്രായം 50ന് മുകളിലാണെന്ന് കാട്ടുന്ന മലേഷ്യൻ രേഖകൾ യുവതികൾ കാണിച്ചതോടെയാണ് ഇവരെ കടത്തിവിട്ടത്. പൊലീസിന്റെ നിർദ്ദേശപ്രകാരം അവർ വ്യാജരേഖ ഉണ്ടാക്കിയതാണോയെന്ന് സംശയിക്കണം. ഏറെനേരം നീണ്ട തർത്തിനൊടുവിൽ കറുപ്പ് വേഷം ധരിച്ച സ്ത്രീകൾ ദർശനം നടത്തുകയായിരുന്നു. ഇവർ മലയിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലെത്തിയ ശേഷമാണ് മലഷ്യൻ യുവതികൾ 40നും 50നും മദ്ധ്യേ പ്രായമുള്ളവരായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തിയത്. ഈ സംഘത്തിനൊപ്പം കറുപ്പണിഞ്ഞ് പൊലീസുകാർ ഉണ്ടായിരുന്നു. ബഹളമുണ്ടായിട്ടും അവർ അനങ്ങിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും ഇവരെ തിരിച്ചറിയാനായില്ല. കണ്ണൂരിൽ നിന്നുള്ള പൊലീസുകാരാണ് മലേഷ്യൻ സംഘത്തിനും സുരക്ഷയൊരുക്കിയത്. കണ്ണൂർ എസ്പിയുടെ സ്ട്രൈക്കിങ് ഫോഴ്സിലുള്ള പൊലീസുകാരാണ് ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സുരക്ഷ നൽകിയതെന്ന് പിന്നീട് വെളിവായിരുന്നു.
ബിന്ദുവിനും കനകദുർഗ്ഗയ്ക്കും പിന്നാലെയെത്തിയ ശ്രീലങ്കക്കാരി ശശികല പാരീസിൽ സ്ഥിരതാമസമാക്കിയ 47കാരിയായാണ്. അയ്യപ്പ ഭക്തയാണ്. പാരീസിൽ നിന്നു ചെരുപ്പു പോലും ഇടാതെ കഠിന വൃതം നോറ്റാണ് ശബരിമലയിൽ എത്തിയതെന്നാണു പൊലീസ് പറയുന്നത്. പ്രതിഷേധത്തിനൊടുവിൽ രാത്റി 9.30ന് തിരിച്ചിറങ്ങുന്നതായി ഭാവിച്ചെങ്കിലും രാത്രി 10.50ന് പൊലീസ് സഹായത്തോടെ ദർശനം നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ശശികല വ്യാഴാഴ്ച രാത്രി നട അടയ്ക്കുന്നതിനു തൊട്ടു മുൻപാണു ദർശനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത്രയും യുവതികളെ മലകയറ്റിയത് വിവരം ശബരിമലയിലെ സുരക്ഷാചുമതലയുണ്ടായിരുന്ന എസ്പിമാരോടു പോലും മുൻകൂട്ടി പറഞ്ഞില്ല. എല്ലാം ബെഹറയും എ.ഡി.ജി.പി മനോജ് എബ്രഹാമും ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയും നേരിട്ട് നിയന്ത്രിക്കുകയായിരുന്നു. എന്നാൽ ഇതിൽ ചില സംശയങ്ങൾ ഇപ്പോഴുമുണ്ട്.
ബെഹറയുടെ നിർദ്ദേശപ്രകാരം യുവതീപ്രവേശനത്തിന് മുൻപ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയിരുന്നു. സന്നിധാനത്തുകൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധു, നെടുമങ്ങാട് എ.എസ്പി സുജിത് ദാസ് എന്നിവർക്കാണ് സുരക്ഷാ ചുമതല നൽകിയിരുന്നത്. ഇതിൽ മധുവിനെ ഒഴിവാക്കി കാസർകോട് ജില്ലാ പൊലീസ് മേധാവി ശ്രീനിവാസിന് സന്നിധാനത്ത് ബന്തവസ് ചുമതല നൽകി. പി.കെ.മധുവിനെ നിലയ്ക്കലിലെ ബന്തവസിന്റെ ചുമതലയിലേക്ക് മാറ്റി. എരുമേലിയിൽ എസ്പി സക്കറിയാ ജോർജ്ജിന് ക്രമസമാധാന ചുമതലയും ചൈത്രാ തെരേസാ ജോണിന് ബന്തവസ് ചുമതലയും നൽകിയിരുന്നെങ്കിലും ഇരുവരെയും ഒഴിവാക്കി.
റെയിൽവേ എസ്പി മെറിൻ ജോസഫിനെ ബന്തവസിന്റെയും എൻ.ആർ.ഐ സെൽ എസ്പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാനത്തിന്റെയും ചുമതലയിൽ നിയമിച്ചു. പമ്പയിൽ ക്രമസമാധാന ചുമതല നൽകിയിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യയെ ഒഴിവാക്കി പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി ബാസ്റ്റിൻ സാബുവിനെ നിയമിച്ചു. നിലയ്ക്കലിൽ ക്രമസമാധാന ചുമതലയിലേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ജെ.ഹിമേന്ദ്രനാഥിനെ മാറ്റിനിയമിച്ചു. ഡിസംബർ 30മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചുമതല വിഭജിച്ച് 25ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ചുമതലയേൽക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ തങ്ങളെമാറ്റിയ വിവരമറിയുന്നത്.