- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നിന്ന് ജോലി ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ബജറ്റ് സെക്ഷനിലെ മേലാളന്മാർക്ക് നിർബന്ധം; അതിനായി ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീറ്റുകൾ ഒഴിവാക്കി; നിന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നോക്കി ആനന്ദം കൊള്ളാനും ഉദ്യോഗസ്ഥർ; സെക്ഷനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനം; ലക്ഷങ്ങൾ മുടക്കി പുതുക്കിപ്പണിത ബജറ്റ് സെക്ഷനിൽ മഴയത്ത് ചോർച്ചയും
തിരുവനന്തപുരം: ജോലി ചെയ്യുന്ന സമയത്ത് നിന്ന് തന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നിന്ന് ജോലി ചെയ്യണം. . ഇരിക്കാൻ അനുവാദമില്ല. ഇരിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാൻ സെക്ഷനിൽ നിന്ന് കസേരകൾ ആദ്യമേ എടുത്തുമാറ്റുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിന്റെ ബജറ്റ് സെക്ഷനിലാണ് ജീവനക്കാരുടെ മാനസിക അവസ്ഥയെ തന്നെ തകർക്കുന്ന തൊഴിൽ പീഡനം അരങ്ങേറുന്നത്. ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതത് ഈ അടുത്ത കാലത്താണ്.
പുതുക്കിപ്പണിതപ്പോഴാണ് ഇരിക്കാനുള്ള കസേരകൾ ഒഴിവാക്കിയത്. ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതത് പ്രളയകാലത്താണ്. പ്രളയകാലത്ത് ബജറ്റ് സെക്ഷൻ പുതുക്കിപണിയുന്നതിന്നെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേ ബഡ്ജറ്റ് സെക്ഷനിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ഇരിക്കേണ്ടതില്ലാ എന്നാണ് മേലാളന്മാരുടെ തീരുമാനം. ഇപ്പോൾ ബജറ്റ് സെക്ഷൻ പുതുക്കിപ്പണിത് ചെയറുകളും മേശകളും സജ്ജീകരിച്ചെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സീറ്റുകൾ നൽകിയില്ല. അതിനാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഇപ്പോൾ ഓഫീസ് സമയത്ത് നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്.
നിന്ന് ജോലിചെയ്യുന്ന ജീവനക്കാരെ നോക്കി ആനന്ദിക്കാനും വകുപ്പിൽ ഉദ്യോഗസ്ഥർ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കടുത്ത മാനസികപീഡനമാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നേരെ ബജറ്റ് സെക്ഷനിൽ നടക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ടെക്സ്റ്റയിൽ ഷോപ്പിലെ സ്ത്രീ ജീവനക്കാർക്ക് ജോലി സ്ഥലത്ത് ഇരിക്കാൻ കസേരകൾ നിഷേധിക്കപ്പെട്ടപ്പോൾ അതിന്റെ പേരിൽ വലിയ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനമാണ് കേരളം. അതിനു ശേഷമാണ് ടെക്സ്റ്റയിൽ ഷോപ്പുകളിലെ ജീവനക്കാർക്ക് ഇരിപ്പിടം നൽകപ്പെട്ടത്.
ഈ കഴിഞ്ഞ മാസവും ഇരിപ്പിടം നൽകുന്നുണ്ടോ എന്നറിയാൻ ടെക്സ്റ്റയിൽ ഷോപ്പുകളിൽ തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടന്നിരുന്നു. സ്വകാര്യ മേഖലയിലെ ജോലിയിടങ്ങളിൽ സ്ത്രീകൾക്ക് ഇരിപ്പിടം നൽകുന്നുണ്ടോ എന്നറിയാനാണ് സർക്കാർ തലത്തിൽ മിന്നൽ പരിശോധനകൾ നടന്നത്. ഇതേ സർക്കാരിന്റെ വകുപ്പിൽ തന്നെയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഇരിക്കേണ്ടതില്ലെന്നു തീരുമാനിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിക്കാത്തത്. കടുത്ത പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ധനവകുപ്പിൽ നിന്നും തന്നെ ഉയരുന്നത്. പക്ഷെ ഇതൊന്നും തന്നെ കണ്ടില്ലെന്നു നടിക്കുകയാണ് ബജറ്റ് സെക്ഷൻ കയ്യാളുന്ന ഉദ്യോഗസ്ഥർ.
പ്രളയ ദുരന്തം കാരണം സംസ്ഥാനം പ്രതിസന്ധിയിൽ നിൽക്കെയാണ് ഈ ബജറ്റ് സെക്ഷൻ പുതുക്കിപ്പണിയുന്നത്. ലക്ഷങ്ങൾ ചെലവിട്ടു നടത്തിയ ഈ പുതുക്കിപ്പണിയലിനെതിരെ ധനവകുപ്പിൽ നിന്ന് വരെ പ്രതിഷേധം ഉയർന്നിരുന്നു. ഇങ്ങിനെ പുതുക്കിപ്പണിതപ്പോഴാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുള്ള ഇരിപ്പിടങ്ങൾ എടുത്തുമാറ്റിയത്. ലക്ഷങ്ങൾ ചിലവഴിച്ച് ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതെങ്കിലും ഇപ്പോഴും ബജറ്റ് സെക്ഷൻ ചോരുന്നതായി ആക്ഷേപമുണ്ട്. ഇതിനെതിരെ സെക്ഷനിൽ നിന്ന്പരാതിയും മുകളിലേക്ക് പോയിട്ടുണ്ട്.