- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് ദിവസം രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു; ഭർത്താവിനോടും വീട്ടുകാരോടും പോലും സത്യം മറച്ചു വച്ചു; വനിതാ മതിലൽ തീരാനായി ഒരു ദിവസം വൈകിപ്പിച്ചു; കണ്ണൂരിലെ സിപിഎം താവളത്തിൽ പരിശീലനം നൽകിയത് കടുത്ത സിപിഎം പൊലീസുകാർ; ഓപ്പറേഷൻ കനകബിന്ദു നേരിട്ട് നടത്തിയത് ശ്രീധന്യ കൺസട്രക്ഷൻ ഉടമയും തിരുവനന്തപുരത്തെ അതിശക്തനുമായ കളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനായ ഐപിഎസുകാരൻ
കണ്ണൂർ: കനകദുർഗയെയും ബിന്ദുവിനെയും 7 ദിവസം രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച് പൊലീസ് നടത്തിയ ആസൂത്രണത്തിലൂടെയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചു ദർശനം നടത്തിച്ചത്. ഡിസംബർ 30നു നട തുറക്കുമ്പോൾ ദർശനം നടത്തിക്കാനായിരുന്നു നീക്കം. എന്നാൽ അന്നു തിരക്കായിരുന്നതിനാൽ 31 ലേക്കു മാറ്റി. അപ്പോൾ സർക്കാർ ഇടപെട്ടു. ജനുവരി ഒന്നിനു പുലർച്ചെ യുവതീദർശന വാർത്ത പുറത്തു വരുന്നതു വനിതാ മതിലിനു ദോഷം ചെയ്യുമെന്ന ആശങ്കയുയർന്നു. ഇതോടെ രണ്ടാം തീയതിയിലേക്കു മാറ്റി. അങ്ങനെ വനിതാ മതിൽ വിജയിപ്പിച്ചു കൊണ്ടു തന്നെ ഓപ്പറേഷൻ കനക ദുർഗ്ഗ വിജയിപ്പിച്ചെടുത്തു. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചതു പോലെ നടന്നു.
സംസ്ഥാന പൊലീസ് മേധാവി, ഐജി ബൽറാം കുമാർ ഉപാധ്യായ, കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ എന്നിവർക്കായിരുന്നു നടത്തിപ്പ് ചുമതല. ഇതിൽ താഴേ തട്ടിൽ എല്ലാം ഏകോപിപ്പിച്ചത് ഹരിശങ്കറായിരുന്നു. ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ മകനാണ് ഹരിശങ്കർ. ഇതിനെല്ലാം ഉപരി സംസ്ഥാനത്തെ പ്രധാന ബിൽഡറായ കളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനും. ശ്രീധന്യ കൺസ്ട്രക്ഷൻ ഉടമയായ ചന്ദ്രബാബു എസ് എൻ ഡി പിയുടെ മുൻ നേതാവാണ്. വെള്ളാപ്പള്ളി നടേശനുമായി തെറ്റിയാണ് എസ് എൻ ഡി പിയിൽ നിന്ന് ചന്ദ്രബാബു പുറത്തായത്.
മണ്ഡലകാലത്ത് ഡിസംബർ 24ന് ദർശനത്തിനെത്തിയ കനകദുർഗയേയും ബിന്ദുവിനേയും ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കി കൊണ്ടുപോയി കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലാണ് താമസിപ്പിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 3 താവളങ്ങളിൽ ഇവർ താമസിച്ചു. ശബരിമല സന്നിധാനത്ത് സ്ത്രീകളെ എത്തിച്ച് അപ്രതീക്ഷിതനീക്കത്തിന് ചുമതലപ്പെടുത്തിയത് കണ്ണൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘത്തെ. ശബരിമലയിലും പരിസരത്തും നിലയുറപ്പിച്ചിരുന്ന പൊലീസുകാരെ ആരെയും അറിയിക്കാതെയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. സ്ത്രീകളെ സന്നിധാനത്ത് എത്തിച്ചു തിരികെ സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഇവർക്കു നൽകിയ ചുമതല. കണ്ണൂർ ധർമശാലയിലെ കെ.എ.പി. നാലാം ബറ്റാലിയൻ ക്യാമ്പിൽ നിന്നുൾപ്പെടെയുള്ള പൊലീസുകാരെയാണ് രഹസ്യ ഡ്യൂട്ടിക്ക് ആഭ്യന്തര വകുപ്പ് നിയോഗിച്ചത്. പ്രത്യേക ടീ ഷർട്ട് ധരിച്ച് ഇവർ യുവതികൾക്കൊപ്പം തന്നെ നിലയുറപ്പിക്കുകയായിരുന്നു. എല്ലാം കണ്ണൂരിലെ പൊലീസ് ചെയ്തപ്പോൾ നിയന്ത്രിച്ചത് കോട്ടയം എസ് പിയായ ഹരിശങ്കറും.
എല്ലാ പഴുതുകളും നോക്കിയിട്ടും സ്ത്രീകളെ കയറ്റാൻ ശബരിമലയിൽ പൊലീസിനു കഴിഞ്ഞിട്ടില്ല. ദർശനത്തിനു സഹായവുമായി എത്തുന്ന സ്ത്രീകളെ പൊലീസ് തന്നെ തിരിച്ചയക്കുന്നുവെന്നും വിമർശനമുണ്ടായി. പൊലീസിലെ വിശ്വാസികളെ കുറിച്ചും സർക്കാരിന് സംശയമുണ്ടായി. ഇതോടെയാണ് കണ്ണൂരിൽ നിന്ന് തീവ്ര സിപിഎം അനുഭാവമുള്ള പൊലീസുകാരെ കണ്ടെത്തിയത്. ശബരിമലയിലെ പ്രതിഷേധത്തെത്തുടർന്ന് മടങ്ങുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്ത യുവതികൾ ദർശനം നടത്തണമെന്ന നിലപാടിലായിരുന്നു. വനിതാ പൊലീസിന്റെ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിൽ കഴിഞ്ഞ ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വനിതാ മതിലിന് ശേഷമാണ് യുവതീപ്രവേശത്തിനു സർക്കാർ അനുകൂല നിലപാടെടുത്തത്.
സർക്കാർ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലേക്കെത്തി. നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ട ചുമതല ഇന്റലിജൻസ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവരാണ് സന്നിധാനത്ത് പൊലീസ് കൺട്രോളർമാരായി ഉണ്ടായിരുന്നത്. യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതിൽ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു. മുഖ്യമന്ത്രിയും കാര്യങ്ങൾ അപ്പോഴപ്പോൾ അറിഞ്ഞു. ദേവസ്വം മന്ത്രി പോലും ഒന്നും അറിഞ്ഞില്ല.
ഒന്നാം തീയതി രാത്രി 10.30 ന് കനകദുർഗയും ബിന്ദുവും വടശേരിക്കര കഴിഞ്ഞു പമ്പയിലേക്ക് വരികയാണെന്നൊരു അജ്ഞാത ഫോൺ സന്ദേശം പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി. 6 പേർ കൂടെയുണ്ടെന്നുമായിരുന്നു സന്ദേശം. എന്നാൽ ഇത് ആരും വിശ്വാസത്തിൽ എടുത്തില്ല. സ്വകാര്യ വാഹനത്തിൽ പൊലീസ് അകമ്പടിയിൽ യുവതികൾ പമ്പയിലെത്തി. അതിനു ശേഷം വനംവകുപ്പിന്റെ ആംബുലൻസിൽ സന്നിധാനത്തിനു സമീപം ബെയ്ലി പാലം വരെ എത്തിച്ചു. സംശയം തോന്നാതിരിക്കാൻ കൈയിൽ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാർ മഫ്തിയിൽ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയിൽ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാർഡിനോടും 'ഐജിയുടെ ഗസ്റ്റ്' എന്നായിരുന്നു മറുപടി. സോപാനത്തേക്കുള്ള സ്റ്റാഫ് ഗേറ്റിലും ഇത് തന്നെയാണ് പൊലീസുകാർ പറഞ്ഞത്.
തുടർന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാർക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു. സന്നിധാനത്തെ ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. സന്നിധാനം എസ്ഒ ജയദേവും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ദിവസം പുലർച്ചെ നിർമ്മാല്യത്തിനു വരാതിരുന്ന ജയദേവ് ഇന്നലെ ആ സമയം എത്തി. കൊടിമരച്ചുവട്ടിൽനിന്ന് ബലിക്കൽപ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവർ ഓടിയെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു കൊടുത്തു. 3.48ന് തിരുനടയുടെ ഏറ്റവും പിൻനിരയിൽ നിന്നാണു ദർശനം നടത്തിയത്. ഈ സമയം ഗണപതിഹോമം നടക്കുകയായിരുന്നു. അതിനാൽ തന്ത്രി, മേൽശാന്തി, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെട്ടില്ല. അയ്യപ്പന്മാർ തിരിച്ചറിയും മുൻപേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. ഇതേ ആംബുലൻസിൽ തിരികെ കൊണ്ടു പോയി. ഇതിനിടെ ഫോട്ടോ ഷൂട്ടും.
ഓപ്പറേഷൻ കനകദുർഗ
ഓപ്പറേഷൻ വിവരങ്ങൾ കുടുംബാഗങ്ങളിൽ നിന്ന് പോലും ബിന്ദുവും കനക ദുർഗയും മറച്ചുവച്ചു. ്. മുമ്പ് സ്ത്രീകൾ ദർശനത്തിന് ശ്രമിച്ചപ്പോൾ മുൻകൂട്ടി അറിയിച്ചതും മാധ്യമങ്ങളിലൂടെ അക്കാര്യം പരസ്യമാവുകയും ചെയ്തതാണ് പ്രതിഷേധം രൂക്ഷമാക്കിയത്. യുവതികൾക്ക് മടങ്ങേണ്ടിയും വന്നു. എന്നാൽ ഇത്തവണ വിവരങ്ങളൊന്നും ചോർന്നു പോകാതെയുള്ള ആസൂത്രണം നടന്നു.
ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മുപ്പതിനാണ് ബിന്ദുവും കനകദുർഗയും പൊലീസിനെ സമീപിച്ചത്. വനിതാ മതിൽനടക്കുന്ന ബുധനാഴ്ച പൊലീസ് ഇതിനായി സമയംനൽകി. ദർശനത്തിന് പുലർച്ചെ സമയം തിരഞ്ഞടുത്തത് പൊലീസ് ഉന്നതതലങ്ങളിലെ വിശദമായ ആലോചനകൾക്കും കണക്കുകൂട്ടലുകൾക്കുമൊടുവിലാണ്. വനിതാമതിലുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ശ്രദ്ധതിരിഞ്ഞ സമയം പൊലീസ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനായാണ് പുലർച്ചെ സമയം തിരഞ്ഞെടുത്തതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സുരക്ഷയൊരുക്കാൻ കത്തുനൽകിയതും സൗകര്യങ്ങളൊരുക്കാമെന്ന് ഉറപ്പുനൽകിയതും പൊലീസും യുവതികളും അതിരഹസ്യമായി സൂക്ഷിച്ചു.
എറണാകുളം ജില്ലയിൽനിന്നാണ് പുലർച്ചെ കനകദുർഗയും ബിന്ദുവും ഉൾപ്പെടുന്ന സംഘം പന്പയിലെത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഉന്നതരെമാത്രം അറിയിച്ചായിരുന്നു യുവതികളെത്തിയത്. സന്നിധാനത്ത് ഡി.വൈ.എസ്പി.മാർക്കുപോലും വിവരം അറിയുമായിരുന്നില്ല. പമ്പയിലെ സ്കാനർ പരിശോധനയും ഒഴിവാക്കി. ദർശനത്തിന് ശേഷം അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ രാവിലെ പത്തോടെ എത്തി. യുവതികൾ എത്തിയതറിഞ്ഞ് ബിജെപി. പ്രവർത്തകരടക്കം എത്തിയിരുന്നു. വിശ്രമിച്ചശേഷം ഉച്ചയ്ക്ക് 12.15-ന് പൊലീസ് അകമ്പടിയോടെ യുവതികൾ പൊലീസ് ജീപ്പിൽ തൃശ്ശൂർ ഭാഗത്തേയ്ക്ക് പോയി. പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ ഇടറോഡുകളിലൂടെയാണ് ഇവരെ കൊണ്ടുപോയത്.
പിന്നാലെ വീട്ടുകാരും ഇവിടെനിന്നുമാറി. തുടർന്ന് പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തി. ബിന്ദു സുഹൃത്താണെന്നും ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടതിനാലാണ് വീട്ടിൽ വിശ്രമിക്കാൻ സൗകര്യം നൽകിയതെന്നും വീട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ