സന്നിധാനം: ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ എത്തിയ മനിതി സംഘത്തെ ഭക്തർ കൂട്ടത്തോടെ പായിച്ചതിൽ പിന്നെ പൊലീസ് തന്ത്രങ്ങൾ അഴിച്ചുപണിതിരുന്നു. ഡിസംബർ 24 ന് ബിന്ദു അമ്മിണിയും കനകദുർഗ്ഗയും മല കയറിയപ്പോൾ നേരിട്ട കടുത്ത പ്രതിഷേധം കൂടിയായതോടെ അടവുകൾ പൊലീസ് മാറ്റി. അതിന്റെ ഫലമായാണ് വനിമാ മതിലിന് പിറ്റേന്ന് ആരും അധികം ശ്രദ്ധിക്കാത്ത നേരത്ത് പൊലീസ് അകമ്പടിയോടെ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തുകയും ചെയ്തു. ഊണും ഉറക്കവുമൊഴിച്ച് പ്രതിഷേധക്കാർ യുവതികളെ തടയാൻ കാവലിരിക്കുമ്പോൾ യൂണിഫോമിലുള്ള പൊലീസ് അകമ്പടി ഇനി വിലപ്പോവില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുകയാണ്.

യുവതികൾക്ക് അകമ്പടി വരുന്നവർ ഭക്തരെ പോലെയായിരിക്കും ഇനി പെരുമാറുക. ശ്രീലങ്കൻ യുവതി മല കയറി അവസരത്തിൽ മഫ്തിയിലും അയ്യപ്പവേഷത്തിലും പൊലീസുകാർ ആദ്യഘട്ടത്തിൽ ഒപ്പം കയറി. പൊലീസുകാരുടെ ഈ ആദ്യസംഘത്തിന് ഇരുപത് മീറ്റർ പിന്നിലായി മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ആദ്യ സംഘത്തെ ചില മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ ഇവർ ദൗത്യത്തിൽ നിന്ന് ഒഴിവായി. മഫ്തിയിലുള്ള രണ്ടാം സംഘം ശശികലയുടേയും കുടുംബത്തിന്റേയും സുരക്ഷക്കായി ഒപ്പം ചേർന്നു.

ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മലകയറുന്നത് പൊലീസുകാരാണെന്ന് പിന്നെ ആർക്കും തിരിച്ചറിയാനായില്ല. നട അടയ്ക്കുന്നതിന് ഒരു മിനുട്ട് മുമ്പ് ശശികല പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി. ദർശനത്തിന് ശേഷം സാധാരണ ഭക്തരുടെ ക്യൂവിലേക്ക് ഇവരെ മാറ്റി. തിരിച്ചിറങ്ങുന്ന സമയത്ത് മാധ്യമങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ശശികലയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. ശശികല പതിനെട്ടാം പടിക്ക് താഴെവരെ എത്തി ദർശനം നടത്താതെ മടങ്ങിയെന്ന് അദ്ദേഹം പ്രതികരിച്ചതും പൊലീസിന്റെ നിർദ്ദേശപ്രകാരം തന്നെ.

ശശികല മലയിറങ്ങിയതും പൊലീസിന്റെ സംരക്ഷണയിൽ തന്നെ ആയിരുന്നു. ദർശനം നടത്താൻ പൊലീസ് അനുവദിച്ചില്ല എന്നാരോപിച്ച് പിന്നീട് ശശികല മാധ്യമങ്ങൾക്ക് മുമ്പിൽ കയർത്തതും സുരക്ഷിതമായി മടങ്ങാൻ വേണ്ടി ആയിരുന്നു. ശ്രീലങ്കൻ കുടുംബം സുരക്ഷിതമായി പത്തനംതിട്ട ജില്ല വിട്ടതിന് ശേഷമാണ് ഇവർ ദർശനം നടത്തിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഇനി സുരക്ഷ നൽകുന്ന പൊലീസുകാർ സ്വാമിമാരായി മാറി ഇരുമുടിക്കെട്ടുമേന്തും.

പത്തോളം യുവതികൾ ദർശനം നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വനിതാമതിലിന് മുമ്പും യുവതികൾ കയറിയതായി പറയുന്നു. ഇനിയും നിരവധി പേർ സന്നിധാനത്തേക്ക് പോകാൻ പൊലീസ് സംരക്ഷണം തേടാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുൻനിർത്തി അവർക്ക് സുരക്ഷ നൽകാനാണ് പുതിയ സംവിധാനം ആലോചിക്കുന്നത്. സന്നിധാനം, പമ്പ, നിലയക്കൽ എന്നിവിടങ്ങളിലെല്ലാം പ്രത്യേക മഫ്തിസംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്. യൂണിഫോം ധരിച്ച് യുവതികൾക്ക് അകമ്പടിയായി പോകുന്നതും പിന്നീട് പ്രതിഷേധം ഏറ്റുവാങ്ങുന്നതും പതിവായപ്പോഴാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്ത്രം മാറ്റിയത്. ബിന്ദുവിനും അമ്മിണിക്കുമൊപ്പം എത്തിയ പൊലീസുകാർ പാന്റ്‌സും ടീഷർട്ടും ഇട്ടതാണ് പെട്ടെന്ന് തിരിച്ചറിയാൻ കാരണമായത്. ഇനി അതാവർത്തിക്കുന്നത് ബുദ്ധിയല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞുകഴിഞ്ഞു.

യുവതികൾക്കൊപ്പം അകമ്പടിയായെത്തുന്ന പൊലീസ് സംഘാംഗങ്ങൾ തന്നെയാണ് ദർശനത്തിന് തെളിവായി ചിത്രങ്ങളുമെടുക്കുന്നത്. സിസി ടിവി ദൃശ്യങ്ങളും ഇതിന് സഹായകമാകാറുണ്ട്. പലപ്പോഴും യുവതികൾ പൊലീസ് സംരക്ഷണം തേടുന്നത് മാധ്യമങ്ങൾക്കും മറ്റും ചില പൊലീസുകാർ തന്നെ ചോർത്തിക്കൊടുക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിന്ദു അമ്മിണിയും, കനകദുർഗ്ഗയും വന്നനാളിലും മാധ്യമങ്ങൾക്ക് ഇത്തരത്തിൽ അലർട്ട് സന്ദേശം ലഭിച്ചെങ്കിലും പുതുവത്സരദിനത്തിലെ ജാഗ്രതക്കുറവിൽ ഇത് അവഗണിക്കപ്പെടുകയായിരുന്നു. ഇക്കാരണത്താൽ സന്നിധാനത്തേക്ക് പോകാനെത്തുന്ന യുവതികളുടെ വിവരങ്ങൾ ഇനി ഉന്നത ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങും.