- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ അക്രമം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും പേരാമ്പ്രയിലും വടകരയിലും; അക്രമം കാട്ടിയവർക്കെതിരെ 801 കേസുകൾ; 1369 പേർ അറസ്റ്റിൽ; 717 കരുതൽ തടങ്കലിൽ; സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്നവരെയും പിടികൂടുമെന്ന് ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് സർക്കാരും പൊലീസും ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ശബരിമല കർമസമിതിയും വിഎച്ച്പിയും, ബിജെപി പിന്തുണയോടെ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം കാട്ടിയവർക്കെതിരെ പൊലീസ് കർശന നടപടി തുടങ്ങി. അക്രമം നടത്തിയ 1369 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. 801 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുവരെ 717 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും ഒപ്പം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും വടകരയിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്. പി തിരുവനന്തപുരം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഇന്നലെ മുതൽ കടുത്ത സംഘർഷമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
ഇന്നലെ കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് അംഗത്തിന്റെ വീടിന് നേരെ രാത്രി 11: 30 ന്ബോംബേറ് ഉണ്ടായിരുന്നു. ഇതിന് പുറമെ കണ്ണൂരിലും തിരുവനന്തപുരത്തും ബോംബേറ് ഉണ്ടായിരുന്നു. ഹർത്താൽ ദിനമായ ഇന്നലെ കോഴിക്കോട് മിഠായി തെരുവിലും വലിയ സംഘർഷങ്ങളാണ് നിലനിന്നത്. ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിച്ച കടകൾക്കു നേരെ ബിജെപി, ആർ.എസ്,എസ്് പ്രവർത്തകർ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.
അതേസമയം, എല്ലാ ജില്ലകളിലെയും അക്രമങ്ങൾ അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് 'ബ്രോക്കൺ വിൻഡോ' പ്രത്യേകദൗത്യം ആരംഭിച്ചു. അക്രമികളെ പിടികൂടി കർശന നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലാകുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കും.
അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നടപടിയെടുക്കും. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കും. ആയുധങ്ങൾ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആൽബം തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ഡിജിറ്റൽ ടീമിന് രൂപം നൽകും. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഈ ആൽബം ഉദ്യോഗസ്ഥർക്ക് നൽകും.
സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു. ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ നിർദ്ദേശം നൽകി.
സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.