- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട അടച്ചതിന് തന്ത്രിക്ക് നന്ദി; കോടതി നീതി തരുമെന്ന് വിശ്വാസം; അത് ലഭിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽ നിന്ന് ഓർഡിനൻസ് ആവശ്യപ്പെടും; പെരുന്നയിലെ മന്നം ജയന്തി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞ് മടങ്ങിയ സുകുമാരൻ നായർ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തിരികെയെത്തി ശബരിമല വിഷയം സദസിനെ അറിയിച്ചത് ഇങ്ങനെ; ശരണം അയ്യപ്പാ..വിളികളുമായി അനുയായികളും
ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് നട അടച്ച് പരിഹാരക്രിയ നടത്തിയതിന്റെ പേരിൽ ശബരിമല തന്ത്രിക്ക് നന്ദി അറിയിച്ച് ജി സുകുമാരൻ നായർ. പന്തളം രാജകുടുംബത്തോടും നന്ദിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യുവതീ പ്രവേശന വിഷയത്തിൽ കോടതിയിൽ നിന്ന് നീതികിട്ടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അത് ലഭിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽനിന്ന് ഓർഡിനൻസ് ആവശ്യപ്പെടും. പൊലീസ് സഹായത്തോടെയാണ് യുവതികൾ പ്രവേശിച്ചത്. പരിഹാരക്രിയ നടത്തിയെന്ന് ഭക്തരെ അറിയിക്കണമെന്ന് ശബരിമലയിൽ നിന്ന് ഉത്തരവാദപ്പെട്ടവർ നിർദേശിച്ചതുകൊണ്ടാണ് വേദിയിലെത്തി ഇക്കാര്യം പറയുന്നതെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കി.
ചങ്ങനാശേരി പെരുന്നയിലെ മന്നം ജയന്തി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞ് മടങ്ങിയ സുകുമാരൻ നായർ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തിരികെയെത്തിയാണ് ശബരിമല വിഷയം സദസിനെ അറിയിച്ചത്. ശബരിമലയിൽ ദർശനം നടത്തി ചരിത്രം കുറിച്ചത് ബിന്ദുവും കനകദുർഗയുമാണ്. വിവരം അറിഞ്ഞ ശേഷം എൻഎസ്എസ് നിലപാട് സുകുമാരൻ നായർ മൈക്കിലൂടെ അറിയിച്ചപ്പോൾ വൈകാരികമായി ശരണം അയ്യപ്പാ.. വിളികളുമായി പെരുന്നയിലെ അണികളും എഴുനേറ്റു.
യുവതികൾ പ്രവേശിച്ചത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജികളെ ഒരുതരത്തിലും ബാധിക്കില്ല. ജനുവരി 22ന് ഹരജികൾ കോടതി പരിഗണിക്കും. കേസിനെ ഇത് ഒരുതരത്തിലും ബാധിക്കില്ല. യുവതീ പ്രവേശനത്തിന് എതിരായ നിയമപോരാട്ടം തുടരുമെന്നും സുകുമാരൻ നായർ പെരുന്നയിൽ പറഞ്ഞു. ഇന്നു പുലർച്ചേ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്ത് ഇവർ എത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സുരക്ഷയോടെയാണ് ബിന്ദുവും കനകദുർഗയും സന്നിധാനത്ത് ദർശനം നടത്തിയത്. മഫ്ടിയിലാണ് പൊലീസ് സന്നിധാനത്തേക്ക് യുവതികളെ എത്തിച്ചത്.
മുഖ്യമന്ത്രിയാണ് യുവതികൾ ദർശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്. പുലർച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികൾ സന്നിധാനത്തെത്തി ദർശനം നേടിയത്. അധികമാരും അറിയും മുൻപ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു. 24ന് പൊലീസ് സുരക്ഷയിൽ ദർശനത്തിന് ശ്രമിച്ച് എതിർപ്പ് മൂലം പിന്മാറേണ്ടി വന്നവരാണ് കനകദുർഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങൾ അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്മാരടക്കം ആറ് പേർ സംഘത്തിലുണ്ടായിരുന്നു. പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു.
പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയിൽ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീർത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി. കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളിൽ നിന്ന് അൽപം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടർന്നു. വലിയനടപ്പന്തലിലെ ക്യൂ നിൽക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു.
ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദർശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദർശനം സാധ്യമാക്കിയതെന്നതിൽ സംശയമില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടർന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാൻ തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീർത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാൻ സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ