- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല നട അടച്ചു; പരിഹാരക്രിയയ്ക്ക് ശേഷം തുറക്കുമെന്ന് ദേവസ്വം ബോർഡ്; നട അടയ്ക്കാനുള്ള തീരുമാനം എടുത്തത് തന്ത്രിയും മേൽശാന്തിയും തമ്മിലെ ചർച്ചയിൽ; തിരുനട അടയ്ക്കാനുള്ള തീരുമാനം എടുത്തത് യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രിയുടെ സ്ഥിരീകരണമെത്തിയതോടെ; ശബരിമലയിൽ സർവ്വത്ര പ്രതിസന്ധി; നട അടയ്ക്കൽ എത്രനേരത്തേക്കെന്ന് ആർക്കും വ്യക്തതയില്ല; കനകദുർഗയും ബിന്ദുവും മലചവിട്ടയിൽ ഭക്തരിൽ പ്രതിഷേധം ശക്തം
സന്നിധാനം; യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ശബരിമല നട അടച്ചു. തന്ത്രിയും മേൽശാന്തിയും ചേർന്നാണ് തീരുമാനം എടുത്തത്. നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളും നിർത്തി. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോവുകയാണ്. ദർശനത്തിന് കാത്ത് നിൽക്കുന്ന അയ്യപ്പഭക്തർക്ക് ദർശനം എപ്പോഴുണ്ടാകുമെന്ന് ആർക്കും ഒരു പിടിയുമില്ല. കനക ദുർഗയും ബിന്ദുവും സോപാനത്ത് എത്തി ദർശനം നടത്തിയ സാഹചര്യത്തിലാണ് ഇത്.
യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. 10.30നാണ് നടയടച്ചത്. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ന് നട തുറക്കും. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേൽശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാൻ തീരുമാനിച്ചത്. തന്ത്രിയുടെ നിർദേശ പ്രകാരം മേൽശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.നടയടച്ച് ശുദ്ധിക്രിയക്കുള്ള നടപടി തുടങ്ങി. നെയ്യഭിഷേകം നിർത്തി. തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്തു.
ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ. അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു.
ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവർ അറിയിക്കുകയായിരുന്നു. തുടർന്നു പരിമിതമായ തോതിൽ പൊലീസ് സംരക്ഷണം നൽകിയെന്നാണു സൂചന. പുലർച്ചെ ദർശനം നടത്തിയ ശേഷം അപ്പോൾ തന്നെ ഇവർ മലയിറങ്ങിയെന്നുമാണു റിപ്പോർട്ട്. രാത്രി ഒരു മണിയോടെ പമ്പയിൽനിന്നു മല കയറിയ ഇവർ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടൻ തന്നെ ദർശനം നടത്തിയെന്നാണു കരുതുന്നത്.
മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദർശനം നടത്തി ഉടൻ മടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികൾ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചന.