- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ നിന്ന് ബിന്ദുവും കനകദുർഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയത് ഊടുവഴികൾ താണ്ടി; വിവരം അറിഞ്ഞ് സംഘപരിവാർ എത്തും മുമ്പ് പൊലീസ് വണ്ടിയിൽ സ്ഥലം വിട്ടു; പാലിയേക്കര ടോൾ പ്ലാസയിൽ ബിജെപിക്കാർ ഇരുവരേയും തേടി വഴി തടഞ്ഞ് പരിശോധിച്ചെങ്കിലും സൂചന ലഭിച്ചില്ല; സ്പെഷ്യൽ ബ്രാഞ്ചിന്റെ അറിവോടെ വാഹനങ്ങൾ മാറി കണ്ണൂരിൽ എത്തിയതായി സൂചന; സിപിഎം പാർട്ടി ഗ്രാമത്തിൽ കനത്ത സുരക്ഷയിൽ കഴിയുന്ന രണ്ടു പേർക്കും എന്ന് വീട്ടിൽ ചെല്ലാനാവുമെന്ന് ഒരു നിശ്ചയവുമില്ല
കണ്ണൂർ: ശബരിമല ദർശനത്തിലൂടെ ചരിത്രം രചിച്ച കനകദുർഗയും ബിന്ദുവും കണ്ണൂരിലെ സുരക്ഷിത കേന്ദ്രത്തിൽ എത്തിയതായി സൂചന. സിപിഎം പാർട്ടി ഗ്രാമത്തിലാണ് ഇരുവരും ഉള്ളത്. കണ്ണൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് ഇവരെ ഒളികേന്ദ്രത്തിലെത്തിച്ചത്. ഇപ്പോൾ കോട്ടയം എസ് പി ഹരിശങ്കർ നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കൃത്യമായ റിപ്പോർട്ടും നൽകുന്നുണ്ട്. ഒരു ഐജിയും എഡിജിപിയും നേരിട്ടാണ് ഇവരുടെ സുരക്ഷ കൈകാര്യം ചെയ്യുന്നത്. ഇവരുടെ താമസസ്ഥലം തൽകാലം രഹസ്യമാക്കി വയ്ക്കും. എത്ര ദിവസം ഇവർ ഒളിവിൽ കഴിയുമെന്നത് ഇനിയും വ്യക്തതയില്ലാത്ത കാര്യമാണ്. അതിനിടെ ഇവരുടെ ബന്ധുക്കൾക്ക് പോലും കാര്യങ്ങളെ കുറിച്ച് അറിവൊന്നുമില്ല.
ശബരിമല ദർശനത്തിന് ശേഷം കനകദുർഗയും ബിന്ദുവും നിലയ്ക്കലും എരുമേലിയും പിന്നിട്ടുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ദർശന വാർത്ത പൊലീസ് പുറത്തു വിട്ടത്. നേരെ എത്തിയത് അങ്കമാലിയിലാണ്. ശബരിമലയിൽ നിന്നുള്ള മടക്കയാത്രയിൽ ബിന്ദുവും കനകദുർഗയും തങ്ങിയത് അങ്കമാലി നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപമുള്ള വീട്ടിലാണ്. ബിന്ദുവിന്റെ സുഹൃത്തായ ജോൺസന്റെ വീട്ടിൽ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തിൽ ഇരുവരും എത്തിയത്. അതായത് പമ്പയിൽ നിന്ന് രാവിലെ ആറുമണിക്ക് തന്നെ ഇവർ യാത്ര തുടങ്ങിയിരുന്നു. രാവിലെ എട്ട് മണിക്ക് ശേഷമാണ് വാർത്ത പുറത്തുവന്നത്. കാലടിയിൽ നിന്ന് ഉൾവഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവർക്കൊപ്പമുണ്ടായിരുന്ന സഹായികൾ മടങ്ങി. യുവതികൾ എത്തുന്നതിനു മുൻപ് 9 മണിയോടെ പൊലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്നു വിരമിച്ച ജോൺസൺ പരിസ്ഥിതി പ്രവർത്തകനും ഇടതു സഹയാത്രികനുമാണ്. ജോൺസന്റെ വീട്ടിൽ യുവതികളെത്തിയ വിവരം ചോർന്നതോടെ 12.15 ന് പൊലീസ് അകമ്പടിയോടെ യുവതികളെ പുറത്തേക്കു കൊണ്ടുപോയി. ഇതിനു പിന്നാലെ ജോൺസണും വീട്ടുകാരും ഇവിടെനിന്നു മാറി. വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി വീടിനു മുന്നിൽ തമ്പടിച്ചത് സംഘർഷസ്ഥിതിയുണ്ടാക്കി. വീടിനു മുന്നിൽ പ്രതിഷേധിച്ച സമരക്കാർ 10 മിനിറ്റോളം മൂക്കന്നൂർ ഏഴാറ്റുമുഖം റോഡ് ഉപരോധിച്ചു. ഇരുവരും പൊലീസ് ഏർപ്പെടുത്തിയ കാറിൽ ദേശീയപാതയിലൂടെ ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും തൃശൂർ ഭാഗത്തെത്തിയിട്ടില്ല. പാലിയേക്കര ടോൾ പ്ലാസയിൽ ബിജെപി പ്രവർത്തകർ മണിക്കൂറുകളോളം കാവൽ നിൽക്കുകയും വാഹനങ്ങൾ പരിശോധിക്കുകയും ചെയ്‌തെങ്കിലും യുവതികളെ കണ്ടെത്തിയില്ല.
പൊലീസ് വാഹനത്തിൽ കൊണ്ടു പോയ ഇരുവരെയും ഇടയ്ക്കുവച്ച് സ്വകാര്യ കാറിലേക്കു മാറ്റി. പൊലീസ് അകമ്പടി അവസാനിപ്പിക്കുകയും െചയ്തു. ചാലക്കുടി പിന്നിട്ടതു സ്‌പെഷൽ ബ്രാഞ്ചിന്റെ അറിവോടെയായിരുന്നു. യാത്ര താൽക്കാലിക സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ ശേഷം പുലർച്ചെ യാത്ര പുനരാരംഭിച്ച് കണ്ണൂരിലെത്തിയെന്നാണ് സൂചന. പൊലീസും സിപിഎം പ്രവർത്തകരും കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ ഇവർക്ക് സുരക്ഷയൊരുക്കുന്നുണ്ട്. പാർട്ടി ഗ്രാമമായതു കൊണ്ട് തന്നെ പുറത്തു നിന്ന് പ്രതിഷേധങ്ങൾ ഇനി ഉണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രശ്‌നങ്ങൾ ശമിക്കുന്നതുവരെ ഇരവരേയും അവിടെ തന്നെ താമസിപ്പിക്കും. ബിന്ദുവിന്റെ പൊയിൽക്കാവിലെ വീടിനുനേരെ ആകമണം ഭയന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ സർവകലാശാലയുടെ തലശ്ശേരിയിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയായ പത്തനംതിട്ട ളാക്കൂർ സ്വദേശിനിയായ ബിന്ദു ഭർത്താവ് ഹരിഹരനൊപ്പം പൊയിൽക്കാവിലാണു താമസം. വീട്ടിൽ ഇപ്പോൾ ആരുമില്ല. ഹരിഹരൻ സിപിഐ എംഎല്ലിന്റെ സജീവ പ്രവർത്തകനായിരുന്നു.
കനകദുർഗയുടെ ഭർതൃവീട്ടിലും കുടുംബ വീട്ടിലും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ ഇന്നലെ പുലർച്ചെയെത്തിയ പൊലീസ് ഭർത്താവ് കൃഷ്ണനുണ്ണിയെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഇവിടേക്ക് നടത്തിയ പ്രതിഷേധ പ്രകടനം വീടിനു സമീപം പൊലീസ് തടഞ്ഞു. കനകദുർഗയുടെ അരീക്കോട്ടെ കുടുംബവീട്ടിലും പൊലീസ് സുരക്ഷ ഒരുക്കി. അമ്മയും സഹോദരനുമാണ് ഇവിടെ താമസം. ശബരിമല ദർശനത്തിനായി കഴിഞ്ഞമാസം 21ന് അങ്ങാടിപ്പുറത്തു നിന്നു പുറപ്പെട്ട കനകദുർഗ പിന്നീട് ഇവിടേക്കു തിരിച്ചെത്തിയിരുന്നില്ല. മക്കളെ ഇതിനു മുൻപ് മഞ്ചേരിയിലെ സഹോദരിയുടെ വീട്ടിലേക്കു മാറ്റിയിരുന്നു. ആനമങ്ങാട് മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ് കനകദുർഗ.
കഴിഞ്ഞവർഷം ഡിസംബർ 23 ന് നടത്തിയ മല ചവിട്ടാനുള്ള ബിന്ദുവിന്റേയും കനകദുർഗയുടേയും ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. സന്നിധാനത്തിന് തൊട്ടടുത്ത് വരെയെത്തിയ ഇവർക്ക് ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വരികയായിരുന്നു. എന്നാൽ തിരിച്ചെത്തുമ്പോൾ ദർശനം നടത്താനുള്ള സൗകര്യം ചെയ്ത തരാമെന്ന പൊലീസിന്റെ ഉറപ്പുമായിട്ടാണ് അന്ന് മടങ്ങിയത്. അപ്പോഴും വീട്ടിലെത്തിയില്ല. ആദ്യശ്രമം പരാജയപ്പെട്ടതിന് ശേഷം ബിന്ദുവും കനകദുർഗയും കോട്ടയം എസ്‌പി.യുടെ സംരക്ഷണയിലായിരുന്നു. ഈ പശ്ചാത്തലത്തിൽ ബിന്ദുവിനെ കാണാനില്ലെന്ന പരാതിയുമായി നേരത്തേ സഹോദരൻ രംഗത്ത് വന്നിരുന്നു.
ഇക്കാര്യത്തിൽ പരാതി പറയാൻ കോട്ടയം എസ്‌പിയെ വിളിച്ചിട്ട് അദ്ദേഹം ഫോണെടുക്കുന്നില്ലെന്നു വ്യക്തമാക്കിയ കുടുംബം പിന്നീട് നിശബ്ദരാകുകയും ചെയ്തു. ഈ സമയത്ത് ശബരിമല ദർശനത്തിന്റെ ഉറപ്പ് നൽകിയ സാഹചര്യത്തിൽ പൊലീസ് സംരക്ഷണയിലായിരുന്നു ബിന്ദുവും കനകദുർഗ്ഗയും എന്നാണ് വിവരം. അതീവനാടകീയമായിട്ടായിരുന്നു പൊലീസ് ഓപ്പറേഷൻ നടപ്പാക്കിയത്. ഇന്നലെ കാനനപാതയിലൂടെ ആണ് ഇവരെ പമ്പയിൽ എത്തിച്ചത്. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. ഇന്ന് പുലർച്ചെ നടതുറന്നപ്പോൾ പൊലീസ് അകമ്പടിയിൽ ഇതരസംസ്ഥാന ഭക്തരുടെ കൂടെയാണ് ഇവരെ കയറ്റിവിട്ടത്. പ്രതിഷേധം ഉയരാൻ ഇടയുള്ള സാഹചര്യം കണക്കാക്കി മലയാളി ഭക്തരെ ഒഴിവാക്കുകയും ചെയ്തു.