ചങ്ങനാശ്ശേരി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഉറച്ച നിലപാടിന് പിന്നിൽ സിപിഎമ്മിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സംഘർഷങ്ങളിലൂടെ പരിവാറുകാർ ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ഇടതു പക്ഷത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് വോട്ട് ബാങ്കുകളെ പൊളിച്ചെഴുതാനുള്ള നീക്കം. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭകൾ നൽകുന്നത്. വിശ്വാസികൾക്കൊപ്പമാണ് സഭയും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ സർക്കാരിന് കിട്ടില്ലെന്നാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നൽകുന്ന സൂചന.

സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നത്. തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. ചിരപ്രതിഷ്ഠ നേടിയ വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ക്രൈസ്തവരുടെ നിലപാട് പ്രഖ്യാപനമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. വനിതാ മതിലിൽ യാക്കോബായ സഭക്കാരുടെ പ്രാതിനിധ്യം സർക്കാരിന് കഴിഞ്ഞിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങളെല്ലാം സർക്കാരുമായി അടുക്കുന്നുവെന്ന വാദവുമെത്തി. ഇതിനിടെയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിലപാട് വിശദീകരിച്ചെത്തിയത്

വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്നതിന് ഭരണകർത്താക്കളും മതവിഭാഗങ്ങളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇതോടെ ശബരിമലയിൽ ന്യൂനപക്ഷങ്ങളും വിശ്വാസ സംരക്ഷണത്തിനാണ് മുൻതൂക്കം നൽകുന്നതെന്നാണ് വ്യക്തമാകുന്നത്. വനിതാ മതിലിനെതിരെ വിമർശനവുമായി കെസിബിസി നേരത്തെ രംഗത്ത് വന്നിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കണമെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു.

സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടത്. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നതു തെറ്റായ സന്ദേശം നൽകും. നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സംഘടനയോ സമുദായമോ അവകാശപ്പെടുന്നതു ശരിയല്ലെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.