- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീവേഷം ധരിച്ചെത്തിയ കയലിനെ ഭക്തർ ശ്രദ്ധിച്ചത് പുരുഷ വേഷത്തിലേക്ക് മാറുമ്പോൾ; ട്രാൻസ് ജെൻഡേഴ്‌സിനേയും ഇനി മലകയറ്റില്ലെന്ന നിലപാടിലേക്ക് വിശ്വാസികൾ; തേനി സ്വദേശിക്ക് പമ്പയിൽ നിന്ന് മടങ്ങേണ്ടി വന്നത് ഭക്തരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ്; നീലമലയിലും മരക്കൂട്ടത്തും യുവതികളെത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കർമ്മ സമിതിയുടെ പ്രത്യേക സ്ക്വാഡ്; ആചാരലംഘനം തടയാനുറച്ച് പരിവാറുകാർ
പമ്പ: ബിന്ദുവിനേയും കനകദുർഗയേയും ആംബുലൻസിൽ എത്തിച്ച് ആചാര ലംഘനം നടത്തിയതോടെ ശബരിമലയിൽ വിശ്വാസികളും നിലപാട് കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമലയിലേക്ക് പോകാനെത്തിയ ട്രാൻസ്‌ജെന്ററിനെ പമ്പയിൽവച്ച് പ്രതിഷേധകർ തടഞ്ഞു. ട്രാൻസ് ജെൻഡേഴ്‌സിന് ദർശനാനുമതിയുണ്ടെന്ന് തന്ത്രിയും പന്തളം രാജകുടുംബവും നിലപാട് എടുത്തിരുന്നതാണ്. ഇതേ തുടർന്ന് മൂന്ന് പേർ ഈ തീർത്ഥാടനകാലത്ത് സന്നിധാനത്ത് എത്തുകയും ചെയ്തു. എന്നാൽ വേഷപ്രച്ഛന്നരായി സ്ത്രീകൾ സന്നിധാനത്ത് എത്താനുള്ള സാധ്യതയുള്ളതിനാൽ ഇനി ട്രാൻസ് ജെൻഡേഴ്‌സിനേയും മലകയറ്റേണ്ടെന്നാണ് വിശ്വാസികളുടെ തീരുമാനം.
തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പുലർച്ച ആറരയോടെയാണ് കയൽ പമ്പയിൽ എത്തിയത്. പമ്പയിൽനിന്ന് കാനനപാതയിലേക്കുള്ള വഴിയിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കയൽ വസ്ത്രം മാറുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാരിയുടുത്താണ് കയൽ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകൾ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കർമ്മ സമിതി പ്രവർത്തകർ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേർന്നു. കായലിനെ പോകാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്തു.
17 വർഷമായി ശബരിമല ചവിട്ടുന്ന ആളാണ് താൻ എന്നാണ് കയൽ മാധ്യമങ്ങളോട് പറഞ്ഞത്. സംഘർഷം മനസ്സിലാക്കി തിരിച്ചു പോകാനും തീരുമാനിച്ചു. നിലവിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്ന് കയൽ പൊലീസിനെ അറിയിക്കുകയായിരുന്നു. നേരത്തേ ട്രാൻസ്‌ജെന്റേഴ്‌സ് ശബരില ദർശനത്തിനെത്തിയിരുന്നു. ഇവരെ പൊലീസ് പോകാൻ അനുദിച്ചില്ല. എന്നാൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് എടുത്തതോടെ അവർ ദർശനത്തിന് എത്തി. മുൻ വർഷങ്ങളിലും ട്രാൻസ് ജെൻഡേഴ്‌സ് മല കയറാറുണ്ട്.
എന്നാൽ ഇന്നലെ ശ്രീലങ്കൻ സ്വദേശിയായ ശശികല എന്ന യുവതി മലകയറാൻ എത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധകർ പമ്പയിൽ താവളം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കയൽ തിരിച്ച് പോയതെന്നാണ് വ്യക്തമാകുന്നത്. കയലിനെ പൊലീസ് അകമ്പടിയോടെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് ഇവർ നിലയ്ക്കൽ വിട്ടുവെന്നാണ് സൂചന. പൊലീസിന്റെ തന്ത്രങ്ങളിൽ വിശ്വാസികൾക്ക് വിശ്വാസം പോര. ഏത് വഴിയും സന്നിധാനത്തേക്ക് പൊലീസ് യുവതികളെ എത്തിക്കും. ഇത് മനസ്സിലാക്കിയാണ് ട്രാൻസ് ജെൻഡേഴ്‌സിനേയും തടയുന്നത്. കർമ്മ സമിതിക്കാർക്കൊപ്പം തമിഴ്‌നാട്ടിലെ അയ്യപ്പഭക്തരും തടയാൻ മുന്നിലുണ്ട്. ഇതും പൊലീസിനെ വലയ്ക്കുന്നുണ്ട്.