- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ഇനി ശബരിമലയിൽ ശുദ്ധിക്രിയ; അതീവ രഹസ്യമായി യുവതികളെത്തിയപ്പോൾ ഒഴിവാക്കപ്പെട്ടത് അനിശ്ചിതമായുള്ള നട അടയ്ക്കൽ; ആചാര ലംഘനം നടന്നതിനാൽ ഉടൻ പരിഹാരക്രിയ തുടങ്ങും; ബോർഡ് പ്രസിഡന്റ് പോലും അറിയാതെ യുവതികളെത്തിയതിൽ അമർഷം അതിശക്തം; എ പത്മകുമാർ രാജിവയ്ക്കുമെന്ന് സൂചന; പൊട്ടിത്തെറി ഒഴിവാക്കാൻ അനുനയ നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വവും
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ രംഗത്ത് എത്തിയതോടെയുണ്ടായ അഭ്യൂഹങ്ങൾക്ക് വിരാമം. യുവതി കയറിയെന്നതിന് ഔദ്യോഗിക സ്ഥിരീകരണവും വരികയാണ്. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആചാര ലംഘനമുണ്ടായതിന്റെ പേരിൽ ശുദ്ധിക്രിയ നടത്തും. അതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നൽകാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതിൽ അമർഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാർ രാജിവയ്ക്കുമെന്നാണ് സൂചന. ഇക്കാര്യം അടുത്ത സഹപ്രവർത്തകരെ പത്മകുമാർ അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രശ്നം കൈവിട്ടു പോകാതിരിക്കാൻ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.
അതിനിടെ ശബരിമലയിൽ യുവതി പ്രവേശനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്നു. സ്ത്രീകൾ കയറിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. സ്ത്രീകൾ കയറിയെന്നത് വസ്തുതയാണെന്നും പിണറായി പറഞ്ഞു. തടസ്സമില്ലാതായ സാഹചര്യത്തിൽ അവർ കയറിയെന്ന് മുഖ്യമന്ത്രി പറയുന്നു. നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവുമാണ് ഇപ്പോൾ ശബരിമലയിലെത്തിയത്. ഇവരെ ആക്ടിവിസ്റ്റുകളെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നേരത്തെ വിളിച്ചത്. ഈ സാഹചര്യത്തിലാണ് എല്ലാം തീവ രഹസ്യമായി നടത്തിയത്. പൊലീസ് സംരക്ഷണത്തോടെ ഇന്ന് പുലർച്ചെ ദർശനം നടത്തിയെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. ഇത്തവണ പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദുപറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ആരും അറിയാത്ത വിധം മുഖം മറച്ചാണ് ഇവർ സന്നിധാനത്തേക്ക് പോയത്. മാധ്യമങ്ങളേയും അറിയിച്ചില്ല.
ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയിൽനിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാൻ സാധിച്ചു. സ്ത്രീ വേഷത്തിൽത്തന്നെയാണ് ദർശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. പ്രത്യേക വിഐപി ലോഞ്ച് വഴി ഇവരെ പൊലീസ് എത്തിച്ചതും ദേവസ്വം ബോർഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്റ്റാഫുകൾക്ക് കയറാനുള്ള വഴിയാണ് ഇത്. ഈ സാഹചര്യത്തിലാണ് രാജിയെന്ന നിലപാടിലേക്ക് പത്മകുമാർ എത്തുന്നത്. അതിനിടെ യുവതികൾ അതീവ രഹസ്യമായി ദർശനം നടത്തിയത് ശബരിമലയെ വലിയ പ്രതിസന്ധിയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. യുവതികൾ പ്രവേശിക്കുന്നത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ നട അടക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കിൽ അനിശ്ചിത സമയത്തേക്ക് നട അടയ്ക്കേണ്ടി വരുമായിരുന്നു.
ഈ സാഹചര്യമാണ് ഒഴിവായത്. ഇനി സന്നിധാനത്ത് പതിവ് പരിഹാര ക്രിയകൾ നടത്തും. അതിന് ശേഷമാകും മറ്റ് ചടങ്ങുകളിലേക്ക് കടക്കുക. അതിനിടെ ശബരിമലയിൽ യുവതികൾ കയറിയിട്ടുണ്ടെങ്കിൽ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ അറിയിച്ചു. സന്നിധാനത്ത് ദർശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാൽ മാത്രമേ മേൽനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാൻ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 'യുവതികൾ കയറിയിട്ടുണ്ടെങ്കിൽ ആചാരപരമായ കാര്യങ്ങൾ ചെയ്യും. ക്രിയനടത്താൻ വേണ്ടി നടയടക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം അറിയിച്ചിട്ടുണ്ട്', ശശികുമാര വർമ്മ പറഞ്ഞു. ദേവസ്വം ബോർഡ് തന്ത്രിയെ കാര്യങ്ങൾ ഔദ്യോഗികമായി അറിയിച്ചാൽ ഉടൻ ശുദ്ധിക്രിയ നടത്തും.
പൊലീസ് സഹായത്തോടെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ച് ആചാര ലംഘനം നടത്തിയെന്നാണ് പരിവാറുകാരുടെ പ്രതികരണം. മുഖം മറച്ചെത്തിയ യുവതികൾ ആചാരലംഘനം നടത്തിയതായി പൊലീസും,ഇന്റലിജൻസും സ്ഥിരീകരിച്ചെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു. രാത്രി ഒരു മണിയോടെയാണ് ഇവർ മല കയറിയത്. പമ്പയിൽ നിന്ന് തന്നെ മഫ്തിയിലെത്തിയ പൊലീീസ് സംഘം ഇവർക്ക് സുരക്ഷ ഒരുക്കി.ഒപ്പം ഇവർ മല കയറുന്ന ദൃശ്യങ്ങളും പൊലീസ് ക്യാമറയിൽ പകർത്തി.ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് ഇവർ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തെത്തിയത്. മഫ്തിയിലെത്തിയ പൊലീസ് തങ്ങൾക്ക് സുരക്ഷ ഒരുക്കിയതായും അവർ പറഞ്ഞു. അതേ സമയം ബിന്ദുവിന്റെയും,കനക ദുർഗ്ഗയുടെയും വീടുകൾക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.
മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതെ വന്നാൽ സുരക്ഷയൊരുക്കാമെന്ന പൊലീസ് വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടത്. ആദ്യ ശ്രമത്തിനുശേഷം വീട്ടിൽപോലും പോകാതെയാണ് ഇവർ രണ്ടാംശ്രമത്തിന് ഒരുങ്ങിയത്. ആദിവാസി ദളിത് സംഘടനകളുടെ സുരക്ഷയിലായിരുന്നു ഇവർ എത്തിയത്.