- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിലെ വിശ്വാസികൾക്ക് യുവതി പ്രവേശനത്തിൽ എതിർപ്പ് അതിശക്തം; ഒന്നും വിചാരിക്കുന്നത് പോലെ നടക്കുന്നില്ലെന്ന തിരിച്ചറിവിൽ സർക്കാരും പൊലീസ് മേധാവിയും; അക്രമങ്ങൾ കൈവിട്ട കളിയായാൽ എസ് പിമാർക്കെതിരെ നടപടി വരും; ശബരിമലയിലെ യുവതി പ്രവേശനം സേനയിലും പ്രതിസന്ധിയാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിലെ പ്രതിഷേധങ്ങൾ നേരിടാൻ പൊലീസിന് താൽപ്പര്യക്കുറവോ? പൊലീസിലെ 90 ശതമാനം പേരും അയ്യപ്പ വിശ്വാസികളാണ്. ഇവരും യുവതി പ്രവേശനത്തിന് എതിരാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ യുവതി പ്രവേശനം അതീവ രഹസ്യമായി പൊലീസിലെ ഉന്നതർ സൂക്ഷിക്കുന്നത്. യുവതികൾ മലചവിട്ട് തിരിച്ചു പോയ ശേഷം മാത്രമാണ് പൊലീസുകാർ പോലും ഇതേ കുറിച്ച് അറിയുന്നത്. അതിനിടെ അക്രമ സംഭവങ്ങൾ തടയുന്നതിൽ പൊലീസിന് വലിയ വീഴ്ച വന്നുവെന്ന് ഡിജിപിയും തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തു കഴിഞ്ഞ 2 ദിവസങ്ങളിലുണ്ടായ വ്യാപക അക്രമങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയ ജില്ലാ പൊലീസ് മേധാവികൾക്കു സംസ്ഥാന പൊലീസ് മേധാവിയുടെ ശകാരം എത്തിയത്. നേരത്തേ നിർദ്ദേശിച്ചിട്ടും മുൻകരുതൽ അറസ്റ്റ് നടത്താതിരുന്നതിനും ആവശ്യത്തിനു പൊലീസിനെ വിന്യസിക്കാതിരുന്നതിനുമാണു ഡിജിപി ലോക്നാഥ് ബെഹ്റ വിഡിയോ കോൺഫറൻസിൽ എസ്പിമാരെ വിമർശിച്ചത്. എന്നാൽ വിശ്വാസികളായ പൊലീസുകാർ ഭക്തർക്ക് ഒപ്പമാണെന്ന പൊതുഅഭിപ്രായം പൊലീസിലും സജീവമാണ്. അതുകൊണ്ടാണ് കലാപങ്ങൾ ഹർത്താൽ ദിനത്തിൽ വ്യാപിച്ചതെന്നും വിലയിരുത്തലുണ്ട്.
ഹർത്താൽ ദിനത്തിലും തലേന്നും പ്രതിഷേധത്തിന്റെ പേരിൽ വ്യാപക അക്രമമാണു സംസ്ഥാനത്തുണ്ടായത്. അതു തടയുന്നതിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന വിമർശനം സമ്മതിക്കുന്നതായി ഡിജിപിയുടെ നടപടി. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും തുടർനടപടിയിലും വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. അതായത് വിശ്വാസത്തിന്റെ പേരിൽ അക്രമങ്ങളോട് മൃദു സമീപനം പാടില്ലെന്നാണ് നിർദ്ദേശം. സന്നിധാനത്തുള്ള പൊലീസുകാരും നിരീക്ഷണത്തിലാണ്. യുവതികളെ തടയാൻ ഇനി ശ്രമിക്കുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും.
ഇത്തരക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയാണ് കനകദുർഗയേയും ബിന്ദുവിനേയും അംബുലൻസിൽ അതീവ രഹസ്യമായി സന്നിധാനത്തെ പൊലീസ് കൊണ്ടു വന്നത്. ഇതിൽ പൊലീസുകാർക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസുകാരെ പോലും നിരീക്ഷിക്കുന്നത്. ശബരിമലയിൽ 2 യുവതികൾ കയറിയതിനു പിന്നാലെ സംസ്ഥാനത്തു പ്രതിഷേധക്കാരുടെ വ്യാപക അക്രമം നടക്കുമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. അക്രമത്തിനു നേതൃത്വം നൽകാൻ സാധ്യതയുള്ളവരുടെ ജില്ല തിരിച്ചുള്ള പട്ടികയും കൈമാറി. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.
ബുധനാഴ്ച വൈകിട്ടു ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുത്ത അടിയന്തര യോഗത്തിനു ശേഷം മുൻകരുതൽ അറസ്റ്റ് നടത്താൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദ്ദേശം നൽകി. എന്നാൽ പല എസ്പിമാരും ഇതിൽ വീഴ്ച വരുത്തി. തിരുവനന്തപുരം സിറ്റി, റൂറൽ, പാലക്കാട്, കാസർകോട്, തൃശൂർ റൂറൽ എന്നിവിടങ്ങളിലാണ് ഗുരുതര വീഴ്ച. ഇനി വീഴ്ചയുണ്ടായാൽ എസ് പിമാർക്കെതിരെ നടപടിയെടുക്കാനാണ് ഡിജിപിയുടെ തീരുമാനം.