- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മണിക്കൂർ നേരത്തെ ശുദ്ധിക്രിയകൾക്കും പുണ്യാഹത്തിനും കലശത്തിനും ശേഷം ശബരിമല നട വീണ്ടും തുറന്നു; സ്വാമിയേ ശരണം അയ്യപ്പാ.. വിളിച്ച് ഭക്തർ വീണ്ടും ശ്രീകോവിലിന് അരികിലേക്ക് നീങ്ങുന്നു; നട അടച്ച് ശുദ്ധിക്രിയ നടത്തിയത് തന്ത്രിയും മേൽശാന്തിയും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം; കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം; തലസ്ഥാനത്ത് തെരുവുയുദ്ധം
പമ്പ: യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച ശബരിമല നടതുറന്നു. ശുദ്ധിക്രിയകൾ പൂർത്തിയായതിനു ശേഷമാണ് വീണ്ടും ശ്രീകോവിൽ നട തുറന്നത്. ഇതോടെ സ്വാമിയേ ശരണം അയ്യപ്പാ വിളിച്ചു കൊണ്ട് സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടു തുടങ്ങി. ശബരിലമലയിൽ യുവതികൾ കയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സംരക്ഷണം നൽകിയെന്നും നേരത്തെ സംരക്ഷണം കിട്ടാത്തതുകൊണ്ടാണ് അവർ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടസങ്ങളില്ലാത്തുകൊണ്ടാവാം അവർ ഇന്നു കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെത്തിയത് സർക്കാർ തീരുമാനപ്രകാരമല്ലെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
പുലർച്ചെയോടെ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതായി വ്യക്തമായതിനെ തുടർന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിർത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേൽശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാൻ തീരുമാനിച്ചത്. തന്ത്രിയുടെ നിർദ്ദേശ പ്രകാരം മേൽശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
നേരത്തെ ശബരിമലയിൽ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ ബിന്ദുവും കനകദുർഗയുമാണ് ശബരിമല ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദർശനം നടത്തിയത്. ഇവർ മഫ്ടി പൊലീസിന്റെ സുരക്ഷയിലായിരുന്നു ദർശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുർഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് ശബരിമലയിൽ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദർശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങൾക്ക് ദർശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.
ശബരിമലയിൽ ചരിത്രം ചവിട്ടികയറി യുവതികൾ ഇന്ന് പുലർച്ചെയാണ് ദർശനം നടത്തിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുർഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു തുടങ്ങി രണ്ട് യുവതികളാണ് പുലർച്ചെ ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. എന്നാൽ ഒദ്യോഗികമായി ഇത് ശരിവയ്ക്കാൻ തന്ത്രിയും ദേവസ്വം പ്രസിഡന്റും തയ്യാറായിരുന്നില്ല. എന്നാൽ, പിന്നാലെ മുഖ്യമന്ത്രി യുവതികൾ പ്രവേശിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം ശബരിമല നടയടിച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. ശബരിമലയിൽ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാർഥ്യമായി അംഗീകരിക്കാൻ കഴിയണമെന്നും കോടിയേരി വ്യക്തമാക്കി. പലഘട്ടങ്ങളിലും സ്ത്രീകൾ കയറാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സായുധ പൊലീസിനെ ഉപയോഗിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഇപ്പോൾ രണ്ട് സ്ത്രീകൾ ദർശനം നടത്തിയിരിക്കയാണ്. അത് യാഥാർഥ്യമായി അംഗീകരിക്കണം. സ്ത്രീകൾ വരട്ടെ എന്ന് തീരുമാനിക്കയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
നാളെ ഹർത്താൽ, സഹകരിക്കില്ലെന്ന് വ്യാപാരികൾ
ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ഹർത്താൽ പ്രഖ്യാപിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുമെന്ന് ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും അറിയിച്ചിട്ടുണ്ട്. ബിജെപി പിന്തുണയോടെയാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ്.
അതേസമയം പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകൾ തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളാണ് യോഗത്തിൽ സംബന്ധിച്ചത്. ഹർത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ തീരുമാനം.
ഭാവിയിൽ അപ്രതീക്ഷിത ഹർത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചു. പക്ഷേ നാളെ സ്വകാര്യ ബസുകൾ നിരത്തിൽ ഇറക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ ഇനി മുതൽ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാളെത്തെ ഹർത്താലിൽ ഇവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് പലയിടത്തും സംഘർഷം
ശബരിമലയിലെ യുവതി പ്രവേശനത്തിനു പിന്നാലെ സംസ്ഥാനം വീണ്ടും സംഘർഷ ഭൂമിയാകുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് സംഘർഷമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം നിലവിൽ ബിജെപി- സിപിഎം പ്രവർത്തകർ തമ്മിലായി. ഇരുപക്ഷവും റോഡിന് ഇരുവശത്തും നിന്ന് മുദ്രാവാക്യം വിളിക്കുകയും പരസ്പരം വെല്ലുവിളിക്കുകയുമാണ്. ബിജെപിയുടെ ബാനറും പോസ്റ്ററും സിപിഎം നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സിപിഎമ്മിന്റെ പോസ്റ്ററുകൾ ബിജെപി നശിപ്പിച്ചുവെന്ന് ആരോപിച്ച് അവരും രംഗത്തെത്തി. അടുത്തയാഴ്ചത്തെ പൊതുപണിമുടക്കിന്റെ ഒരുക്കങ്ങൾ നടക്കുന്ന എൽ.ഡി.എഫ് സംഘാടക സമിതി ഓഫീസിൽ നിന്നും പ്രവർത്തകർ ഇറങ്ങിവന്നാണ് പ്രതിഷേധിച്ചത്. ജില്ലാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഏറെ നേരത്തിനു ശേഷം പൊലീസ് ഇടപെട്ട് ഇരുപക്ഷത്തേയും ശാന്തരാക്കി. ഇതിനിലെ ലാത്തിച്ചാർജ്ജും സംഘർഷവുമുണ്ടായി.
അതിനിടെ, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കടകൾക്കും ബസുകൾക്കും നേരെ ആക്രമണം നടക്കുന്നുണ്ട്. ഗുരുവായൂരിൽ പ്രതിഷേധക്കാർ പൊലീസിനു നേർക്കും കല്ലെറിഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ ബിജെപി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. അഞ്ച് മഹിളാമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചും പ്രതിഷേധം നടക്കുന്നു.
പാലക്കാട് പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസിനു നേർക്ക് കല്ലേറുണ്ടായി. കൊല്ലത്തും കരുനാഗപ്പള്ളിയിലും കടകൾ അടപ്പിച്ചു. പാലക്കാടും കടകൾ അടപ്പിച്ചു. കെഎസ്ഇബി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മന്ത്രി എ.കെ ബാലൻ ഉണ്ടെന്നറിഞ്ഞ് ബിജെപി പ്രവർത്തകർ അവിടേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസിനു നേർക്ക് കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. പൊലീസ് ലാത്തിച്ചാർജ് നടത്തി.
നെയ്യാറ്റിൻകര, തിരുവല്ല, മാവേലിക്കര, പാലക്കാട്, ഗുരുവായൂർ തുടങ്ങി വിവിധ ഇടങ്ങളിൽ സംഘർഷം അരങ്ങേറി. പാലക്കാട് നഗരവും മുൾമുനയിലായി. കടകൾ അടപ്പിച്ചവരെ വിരട്ടിയോടിച്ചു. പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസുകാർക്കും ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. ഗുരുവായൂർ കിഴക്കേനടയിൽ കല്ലേറിൽ എസ്ഐ:പ്രേമാനന്ദകൃഷ്ണന് പരുക്കേറ്റു. മാവേലിക്കര താലൂക്ക് ഓഫിസ് ആക്രമിച്ചു. പാലക്കാട് കൊടുവായൂരിൽ കെഎസ്ആർടിസി ബസിന് കല്ലേറുണ്ടായി. പത്തനംതിട്ട ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസിൽ ബിജെപി കരിങ്കൊടി കെട്ടി റീത്ത് വച്ചു.