- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരം കേട്ടത് ഞെട്ടലോടെ..മാനസികമായി തളർന്നുപോയി; ശബരിമലയുടെ പരിപാവനത കളങ്കപ്പെട്ടു...മനോവിഷമത്തോടെ തിരിച്ചുപോവുകയാണ്; യുവതീ പ്രവേശനത്തെ തുടർന്ന് മാലയൂരി ഇരുമുടിക്കെട്ട് പാതിവഴിയിൽ ഉപേക്ഷിച്ച് തീർത്ഥാടകർ; എരുമേലിയിൽ നാലംഗസംഘവും വണ്ടിപ്പെരിയാറിൽ 30 അംഗ സംഘവും യാത്ര അവസാനിപ്പിച്ചു
എരുമേലി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്ത പരന്നതോടെ നാലുതീർത്ഥാടകർ ഇരുമുടി പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി. എരുമേലി ധർമശാസ്താ ക്ഷേത്രത്തിലാണ് തീർത്ഥാടകർ മാലയൂരി ഇരുമുടിയും ഉപേക്ഷിച്ചത്.
തിരുവനന്തപുരം നെയ്യാറ്റിൻകര പാലിയോട് സ്വദേശികളായ പൂങ്ങ്വിള വീട്ടിൽ ബാബു, സുനിൽ, സുഭാഷ്, അനിൽ എന്നീ തീർത്ഥാടകരാണ് എരുമേലി ക്ഷേത്രത്തിൽ യാത്ര അവസാനിപ്പിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നു കാൽനടയായി 200 കിലോമീറ്റർ സഞ്ചരിച്ച് എത്തിയവരായിരുന്നു ഇവർ. യുവതികളുടെ പ്രവേശനം ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണ് മടക്കമെന്ന് ഇവർ പറഞ്ഞു. ബാബു 19 വർഷമായും സുനിൽ അഞ്ചുവർഷമായും കാൽനടയാത്ര ചെയ്താണ് ശബരിമല ദർശനം നടത്തിയിരുന്നത്. സുഭാഷ് അഞ്ചാം വർഷവും അനിൽ കുമാർ രണ്ടാമത്തെ തവണയുമാണ് നടന്നെത്തുന്നത്. എരുമേലിയിൽനിന്നു പുല്ലുമേട് വഴിയാണ് ഇവർ പതിവായി പോയിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച ആഴാംകുളം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചാണ് ബുധനാഴ്ച രാവിലെ സംഘം എരുമേലിയിലെത്തിയത്. അപ്പോഴാണ് യുവതികൾ ശബരിമല ദർശനം നടത്തിയതായി ഇവർ അറിഞ്ഞത്. വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും മാനസികമായി തളർത്തിയെന്നും തീർത്ഥാടക സംഘം പറഞ്ഞു. ശബരിമലയുടെ പരിപാവനത കളങ്കപ്പെട്ടതായും മനോവിഷമത്തോടെ തിരികെ പോവുകയാണെന്നും തീർത്ഥാടകർ പറഞ്ഞു.
ബാലരാമപുരത്ത് നിന്ന് പതിവായി ശബരിമലയ്ക്ക് കാനന പാത വഴി നടന്നുപോകുന്ന 33 അംഗ തീർത്ഥാടക സംഘം സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാറിൽ വച്ച് ശബരിമല യാത്ര റദ്ദാക്കി. ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തിൽ സമർപ്പിച്ച ശേഷം തിരിച്ചു നാട്ടിലേക്ക് പോയി
പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. രാത്രി ഒരു മണിയോടെ പമ്പയിൽ നിന്നു ഇവർ മല കയറി. ഒരു സംഘം പൊലീസ് മഫ്തിയിൽ ഇവരെ അനുഗമിച്ചു. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തി മടങ്ങുകയായിരുന്നു.