തിരുവനന്തപുരം: 'ടീച്ചർ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്..അഭിമാനത്തോടെ തന്നെ പറയും..ഞങ്ങൾക്ക് ലോ കോളേജിൽ മൂന്നാം സെമസ്റ്ററിൽ കോൺസ്റ്റിറ്റിയൂഷൻ പഠിപ്പിച്ചുതന്ന അദ്ധ്യാപികയാണ് ബിന്ദുടീച്ചർ. ഭരണഘടന യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടെന്ന തെളിയിച്ച ടീച്ചർക്ക് അഭിവാദ്യങ്ങൾ. ബിന്ദു ടീച്ചർ പഠിപ്പിച്ച വിഷയം ജൻഡർ ജസ്റ്റിസ് ..ഈ നിമിഷം മുതൽ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപിക.' കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസി.പ്രൊഫസറായ ബിന്ദു അമ്മിണി ശബരിമല നട കയറിയതിന് പിന്നാലെ ശിഷ്യർ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിവ. നിയമത്തിലെ പരിജ്ഞാനം മാത്രമല്ല, ലിംഗ നീതിക്ക് വേണ്ടി പോരാടാനുള്ള ഉറച്ച മനസാണ് ബിന്ദു അമ്മിണിയെ വ്യത്യസ്തയാക്കുന്നത്.

ബിന്ദു അമ്മിണിയുടെ സുഹൃത്തായ മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ രാഹുൽ ഹമ്പിൾ സനൽ ഫേസ്‌ബുക്കിൽ പഴയ ഒരുസംഭവം കുറിച്ചു:

'ആറേഴ് വർഷം മുൻപാണ്... എന്റെ ഒരു എഫ്ബി സുഹൃത്ത് ഒരു വിഷയം പറഞ്ഞു ഒരു നിയമ വിദ്യാർത്ഥിനിക്ക് ഗവൺമെന്റ് ആശുപത്രി ഡോക്ടറിൽ നിന്ന് ജാതീയ അധിക്ഷേപം നേരിട്ടിരിക്കുന്നുവെന്നും വാർത്തയാക്കണം എന്നും.. അന്ന് എന്റെ ഒരു മാധ്യമ സുഹൃത്തിനോട് ഞാൻ കാര്യം പറയുകയും സംഭവം വാർത്തയാക്കുകയും ചെയ്തിരുന്നു. ഡെന്റൽ ആശുപത്രിയിൽ പല്ല് എടുക്കാൻ ചെന്നപ്പോൾ ഡോക്ടർ ഇല്ല എന്നു പറഞ്ഞതിനെ ചോദ്യം ചെയ്ത യുവതി പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ആണെന്നറിഞ്ഞപ്പോൾ അവരെ ജാതീയമായി അധിക്ഷേപിച്ച ഡോക്ടർക്ക് മുഖമടച്ച് ഒന്ന് കൊടുത്തു എന്നാണ് എതിർ പക്ഷം പരാതി കൊടുത്തത്... അത് സത്യമാണെന്ന് ഇന്ന് മനസിലായി,, കാരണം ആ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ താമസിച്ചു പഠിച്ച നിയമ വിദ്യാർത്ഥിനി ഇന്ന് ലോ കോളേജ് അദ്ധ്യാപികയാണ്,,, പേര് ബിന്ദു അമ്മിണി.'

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു അമ്മിണി ദളിത് സമുദായാംഗമാണ്. ആദിവാസി-ദളിത് അവകാശങ്ങൾക്ക് വേണ്ടി തുറന്നുസംസാരിക്കാനും, സമൂഹത്തിൽ ചാലകശക്തിയാകാനും സ്വയം സമർപ്പിച്ച വ്യക്തിത്വം. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ബിന്ദു ജീവതപങ്കളിയെ കണ്ടെത്തിയതും അവിടെ നിന്നുതന്നെ. ഹരിഹരനെ. എന്നാൽ, എട്ടുവർഷം മുമ്പ് പാർട്ടിയോട് പിണങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് വിരാമമിട്ടു. നിയമജോലിയിൽ പ്രവേശിച്ചു. ദളിത് അവകാശ പോരാട്ടങ്ങൾക്കായി വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗം മാത്രമല്ല, സജീവ പ്രവർത്തക കൂടിയാണ്

ബിന്ദു സിപിഐഎംഎൽ പ്രവർത്തകയായിരുന്നുവെന്നാണ് അമ്മ അമ്മിണി പറയുന്നത്. ശബരിമലയിലേക്ക് ആദ്യം പോയി മല കയറാൻ പരാജയപ്പെട്ടപ്പോൾ അമ്മ ആ ശ്രമത്തെ തള്ളിപ്പറയുകയും ചെയ്തു. കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്‌സലൈറ്റ് പാർട്ടിയിൽ ചേർന്നതെന്നും പിന്നീട് ഇതിന്റെ പേരിൽ ഒരു ദിവസം ജയിലിൽ കിടന്നിട്ടുമുണ്ടെന്ന് അമ്മ പ്രമാടം ചാഞ്ഞപറമ്പിൽ അമ്മിണി പറയുന്നു.

'അവൾ ചെറുപ്പത്തിൽ ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോൾ അവൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാൻ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂൾ, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠിക്കുന്ന സമയത്താണ് നക്‌സലൈറ്റുകളുടെ സംഘത്തിൽ ചേരുന്ന

എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാൽ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നുവെന്നും അമ്മിണി. ഇപ്പോഴത്തെ ബിന്ദുവിന്റെ ശബരിമല ദർശനത്തിന് പിന്നിൽ ആരോ ഉണ്ട്. പരപ്രേരണയാൽ ആണെങ്കിലും അത് ചെയ്യാൻ പാടില്ലായിരുന്നു. നാട്ടിൽ നിന്ന് ബിന്ദു പോയിട്ട് 20 വർഷമായി. വീടു വച്ച് കോഴിക്കോട്ടാണ് താമസം. കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു വർഷം വരെ ഞാനുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വീണ്ടും ബിന്ദുവിനെ വിളിക്കുന്നത്.

മകൻ ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. സമരക്കാർ ഇവിടെയും വന്നു. അതു കാരണം ഉപജീവനമാർഗമായ കട തുറക്കാൻ കഴിഞ്ഞില്ല. ഒടുക്കം പൊലീസിനെ വിളിച്ചു വരുത്തി. ബിന്ദു പാർട്ടിയിൽ പ്രവർത്തിച്ചു നടന്നപ്പോഴായിരുന്നു കല്യാണം. ഒരു തവണ തെരഞ്ഞെടുപ്പിലും മൽസരിച്ചു. ആർ ശ്രീലേഖ പത്തനംതിട്ട എസ്‌പിയായിരുന്നപ്പോൾ നക്‌സലൈറ്റ് പാർട്ടിയുടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു. തന്റെ നിരപരാധിത്വം വിശദീകരിച്ചതോടെ എസ്‌പി അവളെ വിട്ടയച്ചു.

അവൾ വന്ന് അഡ്വ ആനിസ്വീറ്റിയുടെ ഓഫീസിൽ കയറിയപ്പോഴേക്കും വീണ്ടും പൊലീസ് വന്ന് പിടിച്ചു കൊണ്ടു പോയി. ഐജിയുടെ നിർദ്ദേശപ്രകാരമായിരുന്നു രണ്ടാമത് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ജയിലിലും കിടന്നു. തന്നെ സാമ്പത്തികമായി സഹായിക്കാൻ ബിന്ദു തയാറാണ്. പക്ഷേ, ചോദിക്കാറില്ലെന്നും അമ്മണി പറഞ്ഞു. താൻ കോൺഗ്രസുകാരിയാണെന്നും അമ്മിണി പറയുന്നു.'

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുർഗ ബിന്ദു അമ്മിണിയുടേതിൽ നിന്നും ഭിന്നമായി ആക്ടിവിസ്റ്റ് പശ്ചാത്തലമില്ല. ബ്രാഹ്മണ സമുദായാംഗമായ കനകദുർഗ തികഞ്ഞ വിശ്വാസിയും അയ്യപ്പഭക്തയുമാണ്.ഏരെ നാളായി അയ്യപ്പദർശനം മോഹിക്കുന്ന ഇവർ അത് മാത്രം കണക്കിലെടുത്താണ് മല കയറാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം. സിവിൽ സപ്ലൈസ് ജീവനക്കാരിയായ കനകദുർഗ ശബരിമലയിലെത്തുന്ന കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

ഡിസംബർ 24 ന് ബിന്ദുവും കനകദുർഗയും ആദ്യം ശബരിമലയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. ഇവരുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധപ്രകടനം അരങ്ങേറി. കനക ദുർഗയുടെ വീട്ടുകാരും യുവതീ പ്രവേശനത്തെ എതിർത്തിരുന്നു. തിരുവനന്തപുരത്ത് യോഗമുണ്ടെന്ന പേരിലാണ് ഇവർ വീട്ടിൽ നിന്ന് പോയതെന്നും ശബരിമല ദർശനത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭർത്താവ് കൃഷ്ണനുണ്ണിയും മറ്റ് ബന്ധുക്കളും പറഞ്ഞു. 'നവോത്ഥാനകേരളം ശബരിമലയിലേക്ക്' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെയാണ് ബിന്ദുവും കനക ദുർഗ്ഗയും പരസ്പരം പരിചയപ്പെട്ടത്.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്ന് 97 ാം ദിവസമാണ്. തൃപ്തി ദേശായിയും, രഹ്ന ഫാത്തിമയും അടക്കം പലരും മല കയറാൻ എത്തിയെങ്കിലും, സംഘപരിവാറിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നു. രഹ്ന ഫാത്തിമയ്ക്കാകട്ടെ ഇതിന്റെ പേരിൽ കേസും കൂട്ടവുമായി. രഹ്ന ഫാത്തിമയ്‌ക്കൊപ്പം മല കയറിയ മോജോ ടിവി റിപ്പോർ്ട്ടർ കവിതയ്ക്കും തിക്താനുഭവമായിരുന്നു. ആന്ധ്ര സ്വദേശി മാധവി, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്, കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി പമ്പയിലെത്തി. അർത്തുങ്കൽ സ്വദേശി ലിബി, ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു, കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി എന്നിവരുടെ ശ്രമങ്ങളും വിഫലമായി.