- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലു തേയ്ക്കാതേയും കുളിക്കാതേയും ആരും ക്ഷേത്രത്തിൽ പോകാറില്ല; ആർത്തവകാല അശുദ്ധിയും അതു പോലെ മാത്രം; ഗുരു സ്മൃതിയിലും ആർത്തവകാല മാറി നിൽക്കലിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്; ഇരുട്ടിന്റെ മറവിൽ രഹസ്യമായി യുവതികളെ ശബരിമലയിൽ കൊണ്ടു പോകുന്നതല്ല നവോത്ഥാനം; ഇപ്പോഴുള്ളത് ചതിക്കപ്പെട്ടുവെന്ന വികാരം; പിണറായി ഇല്ലാതാക്കിയത് കഷ്ടപ്പെട്ടുണ്ടാക്കിയ വനിതാ മതിലിന്റെ കരുത്തിനെ; സർക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് പ്രീതി നടേശൻ; വെള്ളാപ്പള്ളിയുടെ കുടുംബം കടുത്ത നിരാശയിൽ
ആലപ്പുഴ: വനിതാ മതിലിൽ പങ്കെടുക്കുമ്പോൾ വല്ലതും ഞങ്ങൾക്ക് കൂടി കിട്ടുമെന്നാണ് എസ് എൻ ഡി പി പ്രതീക്ഷിച്ചത്. വല്ലതും തരണമെന്ന അഭ്യർത്ഥന എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ തന്നെ ആവശ്യപ്പെടുകയും ചെയ്തു. വനിതാ മതിലിലെ താരമായിരുന്നു പ്രീതി നടേശൻ. എന്നാൽ പ്രതീക്ഷിച്ചതൊന്നുമല്ലെ സംഭവിച്ചത്. ശബരിമലയിലെ ആചാര സംരക്ഷകരാണ് തങ്ങളെന്ന് ആവർത്തിച്ചിരുന്ന വെള്ളാപ്പള്ളിയെ വെട്ടിലാക്കി ശബരിമലയിൽ സർക്കാർ യുവതികൾക്ക് പ്രവേശനമൊരുക്കി. ഇത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. അപ്പോഴും സർക്കാരിനെ വിമർശിച്ചില്ല. എന്നാൽ ഭാര്യ പ്രീതി നടേശൻ പിണറായി സർക്കാരിനെ കടന്നാക്രമിക്കുകയാണ്.
ശബരിമലയിൽ യുവതികളെ രഹസ്യമായി പ്രവേശിപ്പിക്കുന്നത് നവോത്ഥാനമല്ലെന്നാണ് പ്രീതി പറയുന്നത്. സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്നും തുറന്നടിക്കുന്നു. നേരത്തെ ബിഡിജെഎസ് നേതാവായ വെള്ളാപ്പള്ളിയുടെ മകൻ തുഷാറും സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതിയുടെ അഭിമുഖമെത്തുന്നത്. ഇതോടെ പിണറായി സർക്കാരിനെ ഇനി പിന്തുണയ്ക്കാനാവാത്ത സ്ഥിതിയിൽ വെള്ളാപ്പള്ളിയും എത്തുകയാണ്. വനിതാ മതിലിന് തൊട്ട് പിന്നാലെ യുവതികളെ പൊലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിച്ചതല്ല നവോത്ഥാനമെന്നാണ് പ്രീതി പറുന്നത്. വിശ്വാസികൾക്കൊപ്പമാണ് എസ് എൻ ഡി പിയെന്നും അവർ തുറന്നു പറയുന്നു, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രീതി നടേശൻ കാര്യങ്ങൾ വിശദീകരിക്കുന്നത്.
ക്ഷേത്രാചാരങ്ങൾ പിന്തുടരുന്ന സമുദായമാണ് ഈഴവരുടേത്. സുപ്രീംകോടതി വിധിക്ക് ശേഷവും ശബരിമലയിൽ യുവതികൾ കയറരുതെന്ന നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. അയ്യപ്പനേയും വിശ്വാസങ്ങളേയും ആചാരങ്ങളേയും വിശ്വസിക്കുന്ന ഒരു യുവതിയും സന്നിധാനത്ത് പോകില്ല. പോകുന്നവരെല്ലാം ആക്ടിവിസ്റ്റുകളാണ്. ആർത്തവ ശുദ്ധി വരുത്തിയ ശേഷമേ ക്ഷേത്രങ്ങളിൽ പോകാവൂവെന്ന് ഗുരു സ്മൃതിയും വിശദീകരിക്കുന്നു. ശ്രീനാരായണ ധർമ്മത്തിനൊപ്പമാണ് ഞങ്ങൾ. പല്ലു തേയ്ക്കാതേയും കുളിക്കാതേയും വിശ്വാസികൾ ആരും ക്ഷേത്രത്തിൽ പോകാറില്ല. ഇതിന് സമാനമാണ് ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസവും.
നവോത്ഥാനത്തിന്റെ പേരിൽ ചതിക്കപ്പെട്ടെന്ന വികാരമാണ് ഇപ്പോഴുള്ളത്. വനിതാ മതിൽ ശബരിമലയുമായി ബന്ധപ്പെട്ടല്ലെന്നും മറ്റ് നിരവധി നവോത്ഥാന മൂല്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നുമാണ് വിശദീകരിച്ചിരുന്നത്. അതുകൊണ്ടാണ് എല്ലാ പാർട്ടിയിലുള്ളവരോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. നവോത്ഥാന മൂല്യങ്ങളുയർത്തുന്ന മതിലിൽ പങ്കെടുത്തില്ലായിരുന്നില്ലെങ്കിൽ വരും തലമുറ ഇപ്പോഴത്തെ നേതൃത്വത്തെ കുറ്റപ്പെടുത്തുമെന്നും കരുതി. അതുകൊണ്ടാണ് വനിതാ മതിലിൽ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കുമ്പോഴും ശബരിമലയിലെ യുവതി പ്രവേശത്തെ എസ് എൻ ഡി പി യോഗം എതിർത്തിരുന്നു.
വനിതാ മതിലുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലികൊടുത്തിരുന്നു. അതിൽ ശബരിമലയുമായി ബന്ധപ്പെട്ട് ഒന്നുമില്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ അവിടെ വച്ച് തന്നെ ഇറങ്ങി പോകുമായിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ യുവതികൾ ശബരിമലയിലെത്തി. ചതിക്കപ്പെട്ടത് ഞങ്ങളാണ്. ചെയ്തതെല്ലാം തെറ്റാണെന്ന തോന്നലുണ്ടായി. ഇരുട്ടിന്റെ മറവിൽ യുവതികളെ ശബരിമലിയിൽ കൊണ്ടു പോകുന്നതല്ല നവോത്ഥാനം. ആചാരങ്ങളിലെ മാറ്റം ഒറ്റയടിക്ക് നടപ്പാക്കേണ്ടതല്ല. ഭരണഘടനാ ഭേദഗതികൾ പോലും ചർച്ചകളിലൂടെയാണ് നടപ്പാക്കുന്നത്. നവോത്ഥാനം നടപ്പാക്കേണ്ടത് രക്തചൊരിച്ചിലൂടെയുമല്ല. ഇതിനെല്ലാം നമ്മൾ വിലകൊടുക്കേണ്ടി വരും. മുഖ്യമന്ത്രി പിടിവാശി കൈവെടിയണം.
വനിതാ മതിലിന്റെ കരുത്ത് തന്നെ യുവതിയെ കയറ്റിയതിലൂടെ തകർത്തു. വനിതാ മതിലിലൂടെ ഉണ്ടായ സൽപേര് ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും പ്രീതി നടേശൻ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയിലെ പ്രീതി നടേശന്റെ അഭിമുഖത്തിന്റെ പൂർണ്ണ രൂപം
നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ. വനിത മതിൽ സംഘടിപ്പിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് രണ്ട് യുവതികൾ പൊലീസ് അകമ്പടിയോടെ ശബരിമലയിൽ പ്രവേശിച്ചത്. ഞാൻ ഇതിൽ വളരെ അസ്വസ്ഥയാണ്. ഇതിൽ ഒരു നവോത്ഥാനവുമില്ല. എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണ്. ക്ഷേത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ ഞങ്ങൾ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങളുടെ കൂടെയുള്ള യുവതികളാരും ശബരിമലയിൽ പ്രവേശിക്കില്ലെന്നും പറഞ്ഞിരുന്നു. ചില ആക്ടിവിസ്റ്റുകൾ പോയേക്കാം. എന്നാൽ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ശബരിമല വിധി.
ശ്രീനാരായണ ധർമം പിന്തുടരുന്നവരാണ് ഞങ്ങൾ. ആർത്തവത്തിന് ശേഷം ശുദ്ധിയോടെയും ഏഴ് ദിവസങ്ങൾക്ക് ശേഷവും മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാവു എന്ന് ഗുരു സ്മൃതിയിലും പറയുന്നുണ്ട്. കേരളത്തിലുള്ളവരാരും പല്ല് തേക്കാതെയും കുളിക്കാതെയുമൊന്നും അമ്പലത്തിൽ പോകാറില്ല. അത് പോലെ ഇതും ഒരു ആചാരമാണ്. ഇത് അന്ധവിശ്വാസമൊന്നുമല്ല, ഇന്ത്യയുടെ വൈവിദ്ധ്യപൂർണമായ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ് ഇതും. നവോത്ഥാനത്തിന്റെ പേരിൽ നമ്മൾ വഞ്ചിക്കപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്. ഇത് ഒരിക്കലും ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്നതല്ല എന്നും ഞങ്ങൾ പറഞ്ഞിരുന്നു. സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകാനും ഇതിലൂടെ സാധിക്കുമെന്ന് കരുതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഇതിൽ നിന്ന് മാറി നിന്നാൽ നാളത്തെ തലമുറ ചോദിക്കും ഗുരുവിന്റെ പേരിലുള്ള നവോത്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന്. എസ്എൻഡിപി കൗൺസിലും ബോർഡും ചേർന്നാണ് വനിത മതിലിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. യോഗത്തിന്റെ എക്സിക്യുട്ടീവ് ഓഫീസർ എന്ന നിലയ്ക്ക് അദ്ദേഹത്തിന് തീർച്ചയായും ഇതിൽ തീരുമാനമെടുക്കേണ്ടി വരും.
യുവതി പ്രവേശനത്തിനെതിരെ നിരവധി സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി ഇതൊന്നും മനസിലാക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്. ഒരു സ്ത്രീയെന്ന നിലയിലും വോട്ടവകാശം വിനിയോഗിക്കുന്ന വ്യക്തി എന്ന നിലയിലും, എനിക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്കും രാത്രിയിൽ ഭയപ്പെടാതെ ഇറങ്ങി നടക്കാനാകില്ല. സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി നൽകാൻ സർക്കാരിനായിട്ടില്ല. അവർക്ക് ഇത് മുഖ്യ അജണ്ട ആക്കാമായിരുന്നില്ലേ
വനിത മതിലിൽ പങ്കെടുക്കുമ്പോഴും ശബരിമല യുവതി പ്രവേശനത്തിന് ഞങ്ങൾ എതിരായിരുന്നു. യോഗത്തിലെ നിരവധി സ്ത്രീകൾ ഇതിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. ജനറൽ സെക്രട്ടറി വിളിച്ചതുകൊണ്ട് മാത്രമാണ് അവരെല്ലാം ഇതിൽ പങ്കെടുക്കാനായി എത്തിയത്. വനിത മതിലിനെത്തിയപ്പോൾ അവരെന്നോട് പ്രതിജ്ഞ വായിക്കുവാൻ ആവശ്യപ്പെട്ടു. ഞാനാണ് വായിക്കുന്നതെന്ന കാര്യമൊന്നും മുൻകൂട്ടി പറഞ്ഞിരുന്നില്ല. അവിടെയെത്തിയപ്പോൾ, സി.എസ്.സുജാത ഒരു പേപ്പർ എന്റെ കയ്യിൽ തരികയും വായിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യോജിക്കാൻ കഴിയാത്ത തരത്തിൽ ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ അത് വായിക്കുകയും ചെയ്തു.
ശബരിമലയെക്കുറിച്ചോ, യുവതിപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനതിൽ പങ്കെടുക്കാതെ മടങ്ങുമായിരുന്നു. യുവതി പ്രവേശത്തിന് വേണ്ടിയുള്ള മതിൽ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു. മതിലിന് തൊട്ടടുത്ത ദിവസമാണ് ഒരു സ്ത്രീ കരഞ്ഞ് കൊണ്ട് എന്നെ വിളിക്കുന്നത്. യുവതികൾ സന്നിധാനത്ത് പ്രവേശിച്ചു എന്ന വാർത്തയായിരുന്നു അത്. യുവതി പ്രവേശനത്തിന് അവർ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു. പുനപരിശോധന ഹർജിയിൽ സുപ്രീംകോടതി എന്ത് പറയുമെന്ന് എനിക്കറിയില്ല. പക്ഷേ കേരള മുഖ്യമന്ത്രി മുൻകയ്യെടുത്ത് ഈ വിഷയത്തിൽ മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ഒരു ചർച്ച നടത്താമായിരുന്നു. അതുമല്ലെങ്കിൽ പുനപരിശോധന ഹർജിയുടെ വിധി വരുന്നത് വരെ സാവകാശം നോക്കാമായിരുന്നു.
നവോത്ഥാനം ഒരിക്കലും രഹസ്യമായി സാധ്യമാവുകയില്ല. തലയിൽ തുണിയിട്ട് മുഖം മറച്ചാണ് യുവതികൾ സന്നിധാനത്തെത്തിയത്. പല ക്ഷേത്രങ്ങളിലും ആചാരങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ അത് വളരെ സാവധാനം മാത്രമേ സാധ്യമാകു. നിരവധി ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷം മാത്രമേ പല വിധികളും സാധ്യമായിട്ടുള്ളു. കഴിഞ്ഞ ദിവസത്തെ നടപടിക്ക് നമ്മൾ വലിയ വില കൊടുക്കേണ്ടി വന്നുവെന്നത് സത്യമാണ്. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചതെന്ന് നോക്കു. നിരവധി ആളുകൾ ഇപ്പോൾ ജയിലിലാണ്. രക്തച്ചൊരിച്ചിൽ കൊണ്ട് ഒരിക്കലും നവോത്ഥാനം സാധ്യമാകില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കടുത്ത സ്വഭാവത്തിൽ നിന്ന് മാറണം. അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ തയാറാകണമെന്നും പ്രീതി നടേശൻ ആവശ്യപ്പെട്ടു.