- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുറപ്പിന്റെ കമ്മിറ്റിയാ...പൈസ കൂട്ടുന്ന കമ്മിറ്റിയാ എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്; പരിപാടിക്ക് ചെന്നില്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് സഖാക്കളുടെ ഭീഷണി; അട്ടപ്പാടിയിൽ പാവപ്പെട്ട ആദിവാസി സ്ത്രീകളെ വനിതാ മതിലിന് എത്തിച്ചത് പറഞ്ഞുപറ്റിച്ച്; കൊല്ലത്ത് വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചെന്ന പരാതി; പട്ടാമ്പിയിൽ ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയിട്ട് പിരിഞ്ഞുപോകാൻ അനൗൺസ്മെന്റ്; മതിൽ പണിത് കഴിഞ്ഞിട്ടും വിടാതെ വിവാദങ്ങൾ
അഗളി/ പട്ടാമ്പി: വനിതാ മതിൽ ചരിത്ര വിജയമെന്നും ഗിന്നസ് ബുക്കിലേക്കെന്നും അവകാശവാദങ്ങൾ ഉയരുന്നതിനിടെ, അതിന് അപവാദമായി രണ്ടുകഥകൾ. പാലക്കാട് പട്ടാമ്പി കരിങ്ങനാടിൽ മതിലിന് ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയെങ്കിൽ, അട്ടപ്പാടിയിൽ തൊഴിലുറപ്പിനെന്നും പറഞ്ഞാണ് പാവപ്പെട്ട ആദിവാസികളെ പറ്റിച്ചത്.
അട്ടപ്പാടിയിലെ കഥ ആദ്യം നോക്കാം. വനിതാ മതിലിൽ അണിചേർന്നതിന്റെ യഥാർഥ കാരണമൊന്നും ആദിവാസികൾക്ക് അറിയില്ല. കമ്പോളത്തിൽ അന്നന്നത്തേക്കുള്ള അന്നം വാങ്ങാൻ എത്തിയതാണ് അവർ. തൊഴിലുറപ്പിന് കൂലി കൂട്ടുന്നതിന്റെ കമ്മിറ്റിയുണ്ടെന്ന് പറഞ്ഞു. എന്നാൽ, പിന്നെ പൊയ്ക്കളയാമെന്ന് വച്ചു. ഇതാണ് ഒരു സ്ത്രീയുടെ പ്രതികരണം. എങ്കക്കടവ് ഊരിൽ നിന്ന് ഇങ്ങനെ 20 ഓളം പേരെ വനിതാ മതിലിന് സഖാക്കൾ കൊണ്ടുപോയി. തൊഴിലുറപ്പിനെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയത്. ഒരുനോട്ടീസൊക്കെ കിട്ടി. അതൊന്നും വായിച്ചുനോക്കിയില്ല. തൊഴിലുറപ്പെന്ന് ധരിച്ചാണ് പോയതെന്ന് മറ്റൊരുഅമ്മയും പറഞ്ഞു. എന്നാൽ, പരിപാടിക്ക് പോയില്ലെങ്കിൽ ഇനി തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് ഭീഷണി മുഴക്കിയതായി മറ്റൊരു സ്ത്രീ പറഞ്ഞു. ജോലിയുമില്ല കൂലിയുമില്ല എന്ന് അവസ്ഥ ചിന്തിക്കാൻ പോലും വയ്യ. ഈ സാഹചര്യത്തിലാണ് പലരും വനിതാ മതിലിൽ പങ്കെടുത്തത്.
വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിലുറപ്പ് പദ്ധതി തൊഴിൽ നിഷേധിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. കൊല്ലം നെടുവത്തൂർ പഞ്ചായത്തിലെ നീലേശ്വരം വാർഡിലെ 21 ഓളം തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് ജി ഇ ഒ ജോലി ചെയ്യാൻ അനുവദിച്ചില്ലന്നാണ് ആക്ഷേപം. തൊഴിലാളികളായ സ്ത്രീകളെ വനിതാ മതിലിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പല തവണ സി പി എം നേതാക്കളും ജനപ്രതിനിധികളും സമീപിച്ചിരുന്നു. എന്നാൽ തൊഴിലാളികൾ വനിതാ മതിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്ഥലത്ത് ബ്ലോക്ക് അധികൃതർ എത്തിയത് .തൊഴിലാളികൾക്ക് മുന്നേ എത്തിയ ബ്ലോക്ക് ജിഎഒ തൊഴിൽ നിഷേധിച്ചതായാണ് തൊഴിലാളികളുടെ ആരോപണം.
അതേസമയം, എസ്എൻഡിപിയുടെ ആഭിമുഖ്യത്തിൽ വനിതാ മതിലിൽ പങ്കെടുത്ത പല വനിതകളും കാര്യമറിയാതെയാണ് എത്തിയതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായി.മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് പലരും എത്തിയത്. തങ്ങളോട് എസ്എൻഡിപിയുടെ പരിപാടിയാണെന്നാണ് അറിയിച്ചിരുന്നതെന്നും, വീട്ടിലുള്ളവർക്ക് വനിതാ മതിലിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലെന്നും ചിലർ പ്രതികരിക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. പാലക്കാട് പട്ടാമ്പി കരിങ്ങനാടിൽ മതിലിന് ആളെ കിട്ടാതെ ചങ്ങലയാക്കാനായിരുന്നു ശ്രമം. ഒടുവിൽ, ആ ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതിജ്ഞ ചൊല്ലുന്ന സമയം കഴിഞ്ഞാൽ മതിൽ അവസാനിപ്പിക്കാമെന്ന അറിയിപ്പ് മൈക്കിലൂടെ കേൾക്കാം.
വനിതാമതിൽ ചരിത്രവിജയമെന്ന് മുഖ്യമന്ത്രിയും സർക്കാരും അവകാശപ്പെടുമ്പോൾ മതിൽ പരാജയമാണെന്ന് വാദിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് വന്നു. വനിതാ മതിൽ ജനം തള്ളിക്കളഞ്ഞതാണെന്നും ആളെക്കിട്ടാതെ പലയിടങ്ങളിലും മതിൽ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം ഏറെ കൊട്ടിഘോഷിച്ച വനിതാ മതിൽ പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാർട്ടി പരിപാടിയായി അധ: പതിച്ചെന്ന് ബിജെപി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
എന്നാൽ, വനിതാ മതിൽ ചരിത്രവിജയമാണെന്നും പരിപാടിയെ പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റർ ദൂരം സ്ത്രീകളുടെ വന്മതിൽ തീർക്കുന്നതിനുള്ള പ്രവർത്തനം നടത്തിയതെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വനിതാ മതിൽ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നൽകിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകൾ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതിൽ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.