തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ ഇടതു സർക്കാർ മുഖം രക്ഷിക്കാൻ വേണ്ടിായണ് വനിതാ മതിൽ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 30 ലക്ഷം വനിതകളെ അണിനിരത്താൻ ലക്ഷ്യമിട്ട വനിതാ മതിലിൽ അതിലേറെ ആളുകൾ പങ്കെടുക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സിപിഎം പിന്തുണക്കുന്ന പരിപാടിയിൽ അണി നിരത്താനായി വനിതാ മതിലിൽ പങ്കെടുക്കാൻ അധികാര കേന്ദ്രങ്ങളിലെ പ്രമുഖരെല്ലാം എത്തി. വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ പ്രമുഖരുടെ ഭാര്യമാരും സെലബ്രിറ്റികളും മതിലിൽ പങ്കെടുക്കാൻ എത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സിപിഐ നേതാവ് ആനി രാജയും അടക്കമുള്ള പ്രമുഖർ മതിലിൽ കണ്ണികളാകാൻ എത്തിയപ്പോൾ നേതാക്കളുടെ ഭാര്യമാരും മക്കളും അടക്കമുള്ളവരും മതിലിൽ അണിനിരക്കാൻ എത്തി.

മുഖ്യമന്ത്രി പിണാറായി വിജയന്റെ ഭാര്യ കമലയും മകൾ വീണയും ഒപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലാകൃഷ്ണന്റെ ഭാര്യ വിനോദിനിയും അടുത്തടുത്താണ് നിന്നത്. വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകൻ അരുൺകുമാറിന്റെ ഭാര്യയും മതിലിൽ പങ്കെടുക്കാൻ എത്തി. ഒപ്പം ഉഷാ ടൈറ്റസും കലക്ടർ വാസുകയും അടുത്തടുത്തു നിന്നു തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖിയും ഒരുക്കങ്ങൾ നോക്കി മുന്നിൽ നിന്നും. ഡബ്ബിങ് താരം ഭാഗ്യലക്ഷ്മിയും പാചക വിദഗ്ധ ലക്ഷ്മി നായർ അടക്കമുള്ളവരും എത്തി. മിക്ക സിപിഎം നേതാക്കളും ഭാര്യയും മക്കളുമായാണ് എത്തിയത്.

രാഷ്ട്രീയ രംഗത്ത് ഭർത്താക്കന്മാർ ശോഭിക്കുമ്പോൾ പലപ്പോഴും വീട്ടിൽ ഒതുങ്ങാറുള്ളവരാണ് ഭാര്യമാർ. അവരും നവോത്ഥാന വനിതാ മതിലിൽ അണിചേരാനായി തെരുവിൽ ഇറങ്ങിയത് കൗതുക കാഴ്‌ച്ചയായി. ജമീല പ്രകാശവും സിനിമാ സംവിധായിക വിധു വിൻസെന്റും ആക്ടിവിസ്റ്റ് ധന്യാ രാമൻ അടക്കമുള്ളവർ അയ്യങ്കാളി സ്‌ക്വയറിൽ എത്തി. നവോത്ഥാന സത്യപ്രതിജ്ഞ എടുത്തുകൊണ്ടാണ് സ്ത്രീശക്തി പ്രകടമായത്. ശബരിമല വിഷയത്തിലാണ് വനിതാ മതിൽ എന്ന ആശയം ഉയർന്നതെങ്കിലും ജാതിമത വ്യത്യാസം മറന്നുകൊണ്ട് അനേകം സ്ത്രീകൾ തലസ്ഥാനത്തും എത്തിയിരുന്നു. വിദേശ വനിതകൾ അടക്കം മതിലിൽ അണിചേർന്നതും ശ്രദ്ധേയാണ്.

സംസ്ഥാനത്ത് പൊതുവെ വലിയ സ്ത്രീ പങ്കാളിത്തമാണ് മതിലിന് ലഭിച്ചത്. മൂന്നേ മുക്കാലോടെ മതിലിനുള്ള റിഹേഴ്‌സൽ ആരംഭിച്ചു. നാലുമണിക്ക് പ്രതിജ്ഞ ചൊല്ലി മതിൽ ഉയർന്നു. തുടർന്ന് നലേ കാലു വരെയാണ് മതിൽ തുടരുകയായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ നീളുന്ന വനിതാ മതിലിൽ 50 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നവോത്ഥാനസംരക്ഷണ സമിതിയുടേയും സർക്കാരിന്റേയും നേതൃത്യത്തിലാണ് മതിൽ സംഘടിപ്പിക്കുന്നത്.