- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിൽ ശബരിമലക്ക് വേണ്ടിയെന്ന് ബിബിസിയെ കൊണ്ടും പറയിപ്പിച്ചു! വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം ഇട്ടത് കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കൽ തന്നെ; ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ എഴുതിയത് യുവതീ പ്രവേശനത്തിനായി സത്രീകൾ അണി നിരന്നുവെന്ന്; ഐഎഎസുകാരേയും സർക്കാർ ഉദ്യോഗസ്ഥരേയും കുടുംബശ്രീക്കാരേയും വരെ നിർബന്ധിച്ച് റോഡിലിറക്കി സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം വിജയിക്കുമോ?
ലണ്ടൻ: വനിതാ മതിലിന് പിന്നിൽ സർക്കാരിന് രഹസ്യ അജണ്ട ഉണ്ടായിരുന്നോ? അതെ എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഉത്തരം. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങൾക്ക് ശേഷം ശബരിമലയിൽ ദർശനത്തിന് എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇതോടെ കേരളത്തിലെ സ്ത്രീകളെല്ലാം യുവതി പ്രവേശന വിധിക്ക് എതിരാണെന്ന് പൊതുവേ വിലയിരുത്തലുകൾ ഉയർന്നു. അങ്ങനെ അല്ല കാര്യങ്ങളെന്ന് വരുത്താനായിരുന്നു വനിതാ മതിൽ. കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തേയും അണിനിരത്തി വനിതാ മതിൽ സംഘടിപ്പിക്കുക. ഇതിലൂടെ കേരളത്തിലെ നവോത്ഥാന സംഘടനകളെല്ലാം യുവതി പ്രവേശന വിധിക്ക് അനുകൂലമാണെന്ന തോന്നൽ കേരളത്തിന് പുറത്തുണ്ടാക്കുക. ഈ ലക്ഷ്യത്തോടെയാണ് സർക്കാരും സിപിഎമ്മും വനിതാ മതിൽ സൃഷ്ടിച്ചത്. ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിൽ വനിതാ മതിൽ ശബരിമല വിധിക്ക് അനുകൂലമാണെന്ന വാർത്തകൾ സജീവമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചതും.
വനിതാ മതിലിന്റെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തണം എന്ന നിരന്തര ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മതിൽ കെട്ടിയ ഇന്നലെ അത് യാഥാർഥ്യമാകുന്നതിനു മണിക്കൂറുകൾ മുൻപ് മാത്രമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വനിത മതിൽ എന്ന് കേരള മുഖ്യമന്ത്രി പിണറയി വിജയൻ വെളിപ്പെടുത്തിയത് . അതുവരെ സർക്കാർ സ്പോൺസേഡ് പരിപാടി അല്ലെന്നും പുരോഗമനമാണ് ലക്ഷ്യം എന്നുമൊക്കെയാണ് പറഞ്ഞിരുന്നത് . ചാനൽ ചർച്ചകളിൽ നിരന്തരം സി പി എം നേതാക്കൾ പരിപാടിക്കു ശബരിമലയുമായി ബന്ധം ഇല്ലെന്നു പറയുകയും ചെയ്തിരുന്നു . വനിതാ മതിലിനു മുന്നിൽ നിർത്തിയ എസ എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ഈ പരിപാടി ഒരു തരത്തിലും ശബരിമലയുമായി കൂട്ടിക്കെട്ടേണ്ട എന്നും പലവട്ടം പ്രസ്താവിച്ചു . എന്നാൽ പരിപാടി നടന്നു മണിക്കൂറുകൾക്കകം ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി ലക്ഷക്കണക്കിന് സ്ത്രീകൾ റോഡിൽ പ്രതിഷേധ മതിൽ സൃഷ്ട്ടിച്ചു എന്ന വസ്തുതയാണ് . ഇതിലൂടെ സർക്കാരും സി പിഎമും കെട്ടി ഉയർത്തിയ പ്രതിരോധ മതിൽ ഇടിയുകയാണ് .
വനിതാ മതിൽ പ്രചാരണം മുറുകിയപ്പോൾ ആളെ ലഭിക്കാതെ വരുമോ എന്ന സന്ദേഹത്തിലാകണം മുഖ്യമന്ത്രിയും പാർട്ടിയും പുരോഗമനം പറഞ്ഞതെന്നും മതിൽ യാഥാർഥ്യമായപ്പോൾ സർക്കാർ രാഷ്ട്രീയം കളിക്കാൻ ഇറങ്ങുക ആണെന്നുമാണ് സോഷ്യൽ മീഡിയ പോര് മുറുകുന്നത് . എന്നാൽ ഈ മാസം 22 നു കോടതി റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധിക്കു എതിരേയുണ്ടായ പ്രക്ഷോഭം മാത്രം കണ്ടാൽ പോരെന്നും അനുകൂലമായും പറയാൻ ആൾ ഉണ്ട് എന്ന് കാട്ടിക്കൊടുക്കാനുമാണ് മതിൽ കെട്ടിയതു എന്ന പ്രചാരണവും ശക്തമായിരിക്കുകയാണ് . ഇതിന്റെ ഭാഗമായി തന്നെ മതിൽ പ്രചാരണ വിഭാഗം ദേശീയ , അന്തർദേശീയ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെടാൻ പരമാവധി ശ്രമം നടത്തി എന്നും ട്വിറ്റര് അടക്കമുള്ള മാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നു കഴിഞ്ഞു . തലയിൽ തട്ടമിട്ട സ്ത്രീകളും കന്യാസ്ത്രീകളും വരെ പുരോഗമനം ലക്ഷ്യമിട്ടാണോ മതിലിൽ പങ്കാളികളായത് അതോ യുവതികളുടെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയാണോ പങ്കെടുത്തത് എന്ന് വെളിപ്പെടുത്താനും പരിപാടി ആസൂത്രണം ചെയ്ത സർക്കാരിന് ബാധ്യത ഉണ്ടെന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ് .
ശബരിമലയിൽ സമത്വം തേടിയാണ് സ്ത്രീകൾ 620 കിലോമീറ്റർ നീളത്തിൽ അണിനിരന്നത് എന്ന് ബിബിസി വളച്ചു കെട്ടൽ ഇല്ലാതെ തലക്കെട്ടിൽ തന്നെ വക്തമാക്കുകയാണ് . കേരളത്തിൽ വനിതാ മതിൽ രൂപം കൊണ്ട് മണിക്കൂറുകൾക്കകം തന്നെ ബിബിസിയിൽ വാർത്ത വന്നതും ശ്രദ്ധ നേടി . യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം ആണ് വനിതാ മതിൽ എന്ന് ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകാനും ബിബിസി തയ്യാറായി . ആചാര സംരക്ഷണം എന്ന വാക്ക് പറയാതെ സ്ത്രീ സമത്വം എന്ന വാക്കുപയോഗിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത് എന്നതും ശ്രദ്ധേയം . ഇതിലൂടെ അന്താരഷ്ട്ര തലത്തിൽ കേരളത്തിൽ സ്ത്രീ സമത്വം നൂറ്റാണ്ടുകൾക്കു പിന്നിലാണ് എന്ന് വരുത്താനും മതിലിലൂടെ സാധിക്കുകയാണ്. മറ്റ് അന്തർദേശീയ മാധ്യമങ്ങളും ഇതേ വഴിയിലൂടെയാണ് വനിതാ മതിലിനെ റിപ്പോർട്ട ്ചെയ്തത്.
മതിൽ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് രൂപം കൊണ്ടതെന്നും ബിബിസി വെളിപ്പെടുത്തുന്നു . മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞതിന് വിരുദ്ധമായാണ് ഇത്തരം കാര്യങ്ങൾ മതിൽ പണിക്കു ശേഷം പുറത്തു വരുന്നതും . സ്കൂളുകൾക്ക് അവധി നൽകിയതും മറ്റും സർക്കാർ അറിയാതെയാണ് എന്ന വാദത്തിന്റെ മുന ഒടിക്കാൻ കാരണമാകും എന്നതിനാലാണ് ബിബിസിയും മറ്റും ഇക്കാര്യങ്ങൾ വസ്തുതാപരമായി പരാമർശിക്കുന്നത് . മുപ്പതു ലക്ഷം പേരെ പ്രതീക്ഷിച്ചിടത്തു അമ്പതു ലക്ഷം പേരെ ലഭിച്ചെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത് എന്നും ബിബിസി ഹിന്ദി വിഭാഗം തലവൻ ഇമ്രൻ ഖുറേഷി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു . ശബരിമലയേക്കാൾ സ്ത്രീ സമത്വം ലക്ഷ്യമിട്ടാണ് താൻ മതിലിൽ പങ്കെടുത്തെന്നു പ്രമുഖ സ്ത്രീ പക്ഷവാദി തനൂജ ഭട്ടതിരിയെ ഉദ്ധരിച്ചും ബിബിസി റിപ്പോർട്ട് തുടരുന്നു . തനൂജയുടെ വാക്കുകളിൽ തന്നെ മതിലിൽ പങ്കെടുത്തവർ നന്നായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ വക്തമാകുന്നു . കോടതി വിധി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടതും ബിബിസി പരാമർശിക്കുന്നുണ്ട് . തൊട്ടടുത്ത് എത്തിയ ലോക്സഭ ഇലക്ഷൻ മുൻ നിർത്തിയാണ് പ്രശനം രാഷ്ട്രീയമായി ഇത്രയും വഷളായത് എന്ന നിരീക്ഷണവും ബിബിസി നടത്തുന്നു . ഹിന്ദു സമൂഹം ആർത്തവത്തെ അശുദ്ധിയായി വീക്ഷിക്കുന്ന പരാമർശവും ബിബിസി ആവർത്തിക്കുന്നുണ്ട് .
ആർത്തവകാലത്തു ക്ഷേത്ര ദർശനം അനുവദനീയം അല്ലെന്ന പരാമർശവും വാർത്തയിൽ ഉൾപ്പെടുത്താൻ മറന്നിട്ടില്ല . കൂടെ സ്വാമി അയ്യപ്പന്റെ യുവയോഗി അവതാര പ്രാധാന്യവും വാർത്തയിൽ പറഞ്ഞു പോകുന്നുണ്ട് . ആർത്തവമല്ല വിഷയം , അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതമാണ് പ്രക്ഷോഭകരണം എന്ന കോടതി വിധിയെ എതിർക്കുന്നവരുടെ നിലപാടും കൂട്ടിച്ചേർത്താണ് ബിബിസി വാർത്ത അവസാനിപ്പിക്കുന്നത് . വിശ്വാസം സംരക്ഷിക്കാൻ ഉള്ള അവകാശത്തിനു വേണ്ടിയാണു പ്രതിഷേധം എന്ന എതിർപ്പുയർത്തുന്നവരുടെ ഭാഗവും ബിബിസി വിട്ടു കളയുന്നില്ല . ഇതിലൂടെ ഇരു ഭാഗത്തും ന്യായമുണ്ട് എന്ന നിലയിലേക്ക് നീങ്ങുകയാണ് ബിബിസി . ഈ വിഷയത്തിൽ തുടർച്ചയായി ബിബിസിയിൽ വാർത്തകൾ പ്രത്യേക്ഷപ്പെടുന്നതും ശ്രദ്ധ നേടുകയാണ് . ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടും ഏതാനും പേർ മാത്രമാണ് ക്ഷേത്ര ദർശനത്തിനു തയ്യാറായി എത്തിയതെന്നും അവർക്കാകട്ടെ കടുത്ത പ്രതിഷേധത്തിൽ ക്ഷേത്ര പരിസരത്തു എത്താതെ മടങ്ങേണ്ടി വന്ന കാര്യവും കൂടി പരാമർശിച്ചാണ് ബിബിസി മതിൽ വാർത്ത അവസാനിപ്പിക്കുന്നത് .
' ശബരിമലയിൽ യുവതികളെ കയറ്റാനോ,എന്തിന് അതിന്റെ ആവശ്യമില്ല, വയസ്സായി കഴിയുമ്പോ കയറാമല്ലൊ,അത് മതി ' ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ കുറിച്ച് വനിതാ മതിലിൽ അണി നിരന്ന അമ്മമാർക്കുള്ള അഭിപ്രായമാണിത്.പിന്നെന്തിനാണ് ഈ വനിതാ മതിൽ എന്ന ചോദ്യത്തിന് സ്ത്രീ സുരക്ഷയ്ക്കാവും എന്നൊരു പറച്ചിലും.നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ സംഘടിപ്പിക്കാനായി സ്ത്രീകളെ നിർബന്ധിച്ച് കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വാചകങ്ങൾ. മുഖ്യമന്ത്രി പങ്കെടുത്ത വെള്ളയമ്പലത്ത് എത്തിയ യുവതികൾ പോലും വനിതാ മതിലിനേയും ശബരിമലയേയും തമ്മിൽ ബന്ധിപ്പിക്കാൻ തയ്യാറായിരുന്നില്ല. അതു രണ്ടും വേറെയെന്നായിരുന്നു നിലപാട്. എസ് എൻ ഡി പിയും ആചാര സംരക്ഷണത്തിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചതും സർക്കാരിന് തിരിച്ചടിയായിരുന്നു. ഇതെല്ലാം വനിതാ മതിലിന്റെ വാർത്തകളിലൂടെ മറികടക്കാമെന്നാണ് വിലയിരുത്തൽ. ഈ മാസം 22ന് ശബരിമലയിലെ പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. ഈ സമയം കേരളത്തിലെ സ്ത്രീകളുടെ വികാരം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന് വരുത്താനായിരുന്നു വനിതാ മതിൽ.
നവോത്ഥാനത്തിന്റെ പേരിലെ വനിതാ മതിൽ സർക്കാർ നേരിട്ട് എറ്റെടുത്ത് നടത്തിയതും ഈ ലക്ഷ്യത്തിന് വണ്ടിയാണ്. എന്നാൽ വനിതാ മതിലിൽ എന്തിനാണ് അണിനിരക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു പലർക്കും.പത്ത് വയസ്സിന് താഴെയുള്ളവരും,55 വയസ്സിന് മുകളിലുള്ളവരും ശബരിമലയിൽ കയറിയാൽ മതിയെന്ന അഭിപ്രായമാണ് പല അമ്മമാരും പങ്ക് വച്ചത്.പിന്നെ അവര് വീട്ടിൽ വന്ന് വിളിച്ചപ്പോൾ വന്നതാണ്,ഞങ്ങളുടെ ആരുടെയും വീട്ടിൽ നിന്ന് ഒരു യുവതികളും ശബരിമലയിലേയ്ക്ക് പോകില്ലെന്നും അമ്മമാർ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനം സാദ്ധ്യമാക്കി,ആചാര ലംഘനമാണ് വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അവാസന സമയത്തെ ഈ നിലപാട് പ്രഖ്യാപനവും ദേശീയ തലത്തിൽ വനിതാ മതിലിനെ ശബരിമലയുടെ ഭാഗമാക്കാനുള്ള നീക്കമായിരുന്നു. ഏറെ കരുതലോടെയാണ് ശബരിമലയേയും സ്ത്രീ പ്രവേശനത്തേയും വനിതാ മതിലിനേയും ബന്ധപ്പെടുത്തിയത്.
ശബരിമല വിധിയെ കുറിച്ച് ചർച്ച ചെയ്യാനാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഈ യോഗത്തിന്റെ തീരുമാനമായി വനിതാ മതിലിനെ അവതരിപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളികളെ മറികടക്കുന്നതിനും പ്രതിരോധം തീർക്കുന്നതിനും സർക്കാരിന്റെ മുൻകൈയിലാണ് മതിൽ സംഘടിപ്പിക്കപ്പെട്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർഎസ്എസ് സ്ത്രീകളെ നിരത്തിലിറക്കിയപ്പോൾ സ്ത്രീകളെത്തന്നെ ഇറക്കി അതിനെ നേരിടാനുള്ള സർക്കാരിന്റെ ശ്രമമാണ് വനിതാ മതിലിലൂടെ യാഥാർഥ്യമായത്. നാമജപ പ്രതിഷേധങ്ങളിലും മറ്റും സ്ത്രീകളെ അണിനിരത്തി, ആചാര സംരക്ഷണത്തിനായി നിലകൊള്ളുന്നവരാണ് കേരളത്തിലെ സ്ത്രീകൾ എന്നുള്ള പ്രചാരണത്തെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പുരോഗമന നിലപാടുകളുള്ള സ്ത്രീകളും നാട്ടിലുണ്ടെന്നും അവർക്കാണ് കേരളത്തിൽ പ്രാമുഖ്യമെന്നും കാട്ടിക്കൊടുക്കാനായിരുന്നു ശ്രമം. എസ് എൻ ഡി പി ആടക്കമുള്ള വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് മതിൽ സംഘടിപ്പിച്ചതെങ്കിലും ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം വനിതകളെ അണിനിരത്തിയത്. ഇടതുപക്ഷ അനുകൂല സംഘടനകളെയും കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളെയും പ്രയോജനപ്പെടുത്താൻ സിപിഎമ്മിന് സാധിച്ചു.
ഈ വനിതാ മതിലിനെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിനു ലഭിച്ച അംഗീകാരമായി വ്യാഖ്യാനിക്കാനും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുമായിരിക്കും എൽഡിഎഫും സർക്കാരും ഇനി ശ്രമിക്കുക. ഇത് സുപ്രീംകോടതിയിലെ തുടർ നിയമ നടപടികളെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.