ലണ്ടൻ: നാടും നഗരവും ഉറങ്ങാത്ത രാവായിരുന്നു കടന്നുപോയത്. പുതുവർഷത്തെ സ്വാഗതംചെയ്യാൻ അത്ഭുതങ്ങൾ ഒരുക്കിവെച്ച് ലോകത്തെ മിക്ക നഗരങ്ങളും കാത്തിരുന്നു. സിംഗപ്പുരും മലേഷ്യയും ഓസ്‌ട്രേലിയയുമൊക്കെ മറ്റുള്ളവരെക്കാൾ നേരത്തെ പുതുവർഷത്തെ സ്വാഗതം ചെയ്തു. പതിവുപോലെ വിസ്മയവെളിച്ചമൊരുക്കി ദുബായിയിലെ ബുർജ് ഖലീഫയും പുതുവർഷത്തെ സ്വാഗതം ചെയ്തു. ലണ്ടനിൽ ലണ്ടൻ ഐയും ബിഗ് ബെന്നുമായിരുന്നു ആകർഷണങ്ങൾ. പാരീസിൽ ചാംസ് എലീസിലെ ആർക്ക് ഡി ട്രയംഫും പുതുവർഷത്തിനായി മിന്നിത്തിളങ്ങി.

ഹോങ്കോങ്ങിൽ പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കിയിരുന്നത് വലിയ വെടിക്കെട്ടായിരുന്നു. വിക്ടോറിയ ഹാർബറിൽ നടന്ന സംഗീതവിരുന്ന് ആസ്വദിക്കാൻ മൂന്നുലക്ഷത്തോളംപേർ എത്തി. തായ്‌ലൻഡിൽ ബാങ്കോക്കിലെ ചാവോ ഫരായ നദിക്കരയിലായിരുന്നു ആഘോഷം. കരിമരുന്ന് പ്രയോഗവും ആട്ടവും പാട്ടുമെല്ലാം തായ് പുതുവർഷത്തെ സ്വാഗതം ചെയ്തു. സിംഗപ്പുരിൽ മറീന ബേയിലായിരുന്നു പുതുവർഷത്തെ വരവേറ്റ് ആഘോഷങ്ങളേറെയും ഒരുക്കിയിരുന്നത്.

ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവർഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാൻ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവർഷമെത്തി. പുതുവർഷം ആദ്യം വിരുന്നെത്തുന്ന ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലുമൊക്കെ ആഘോഷങ്ങൾ വളരെ നേരത്തെ തുടങ്ങിയിരുന്നു.

 

സിഡ്‌നിയിലും മെൽബണിലും ഓക്ക്‌ലൻഡിലും നേപ്പിയറിലുമൊക്കെ രാവേറെച്ചെല്ലുവോളം ആഘോഷങ്ങൾ പൊടിപൊടിച്ചു. ഗ്രീസിൽ അക്രോപൊലീസ് മലയ്ക്കുമുകളിലെ പുരാതന പാർത്തനോൺ ക്ഷേത്രത്തിന് മുകളിലായാണ് പുതുവർഷാഘോഷമുണ്ടായത്. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയുമൊക്കെ പ്രധാന നഗരങ്ങളിൽ പുതുവർഷം സാഘോഷം കൊണ്ടാടി.

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവിടെ, നഗരചത്വരത്തിൽ ആയിരങ്ങളാണ് പുതുവർഷാശംസ കൈമാറാൻ തടിച്ചുകൂടിയത്. ഭരണാധികാരി കിം ജോങ് ഉൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തതും ഇവിടെനിന്നാണ്. ഓരോവർഷവും രാജ്യം ലക്ഷ്യമിടുന്ന കാര്യങ്ങൾ കിം ജോങ് പ്രഖ്യാപിക്കുന്നത് തന്റെ പുതുവർഷപ്രസംഗത്തിലാണ്.

 

ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന കാര്യം കഴിഞ്ഞവർഷം പുതുവർഷ പ്രസംഗത്തിലാണ് കിം പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്. ജക്കാർത്തയിൽ നൂറുകണക്കിന് ദന്പതിമാർ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തിൽ ജീവിതപങ്കാളിയെ കണ്ടെത്തി.

ഉറങ്ങാതെ ലണ്ടൻ

ബ്രിട്ടനിൽ ലക്ഷക്കണക്കിനാളുകളാണ് പുതുവത്സരാഘോഷത്തിനായി തെരുവിൽ ഉറങ്ങാതെ കാത്തിരുന്നത്. ബിഗ്‌ബെന്നിൽ പുതുവർഷത്തെ അറിയിച്ചുകൊണ്ട് വെളിച്ചം വിതറിയപ്പോൾ ആയിരങ്ങൾ ഒന്നിച്ചൊരുമിച്ച് ഹാപ്പി ന്യൂ ഇയർ പറഞ്ഞ് ആശംസകൾ കൈമാറി. ഏഴ് ഭാഷകളിൽ ലണ്ടൻ ഈസ് ഓപ്പൺ എന്നെഴുതിയാണ് പുതുവർഷത്തെ സ്വാഗതം ചെയ്തത്. മേയർ സാദിഖ് ഖാൻ ഇത് ഇംഗ്ലീഷിൽ പറഞ്ഞശേഷം സ്പാനിഷ്, പോളിഷ്, ഫ്രഞ്ച്, റുമാനിയൻ, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ അത് തെളിഞ്ഞുവന്നു. ബ്രെക്‌സിറ്റിനുശേഷനും ലണ്ടനും ഇംഗ്ലണ്ടും ലോകത്തിന് മുന്നിൽ തുറന്നുതന്നെ നിൽക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പുതുവർഷത്തിലെ ഈ വാക്കുകൾ നൽകിയ സൂചന. ഇക്കൊല്ലം മാർച്ച് 29-നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി വേർപിരിയുക.

ഒരുവർഷത്തിലേറെയായി പ്രവർത്തനരഹിതമായിരുന്ന ലണ്ടന്റെ മുഖമുദ്രയായ ആ വലിയ ക്ലോക്കിൽത്തന്നെയായിരുന്നു ആയിരങ്ങൾ മിഴിനട്ടുനിന്നിരുന്നത്. കരിമരുന്ന് പ്രയോഗങ്ങളും വിസ്മയവെളിച്ചങ്ങളും ലണ്ടൻ ഐയെയും ബിഗ്‌ബെന്നിനെയും പുതുവർഷത്തിൽ അത്യാകർഷകമാക്കി. ലണ്ടൻ ഐയുടെ പശ്ചാത്തലത്തിൽ നാലിടത്തുനിന്നാണ് കരിമരുന്ന് പ്രയോഗം നടത്തിയത്.

 

പുതുവർഷാഘഘോഷത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗവും ഇവിടെയായിരുന്നു. എട്ടു ടൺ കരിമരുന്നാണ് 2019-നെ വരവേൽക്കാൻ ആകാശത്ത് വിസ്മയചിത്രങ്ങൾ തീർത്തത്. പുതുവർഷത്തെ വരവേറ്റ് പ്രത്യേക സംഗീതവും മുഴങ്ങി. വീ ആർ യുവർ ഫ്രണ്ട്‌സ്, സ്റ്റേ ആൻഡ് ഡോൺഡ് ലീവ് മി എലോൺ തുടങ്ങിയ ഗാനങ്ങൾ രാവിനെ സംഗീതസാന്ദ്രമാക്കി. അയർലൻഡിൽനിന്നും ഫ്രാൻസിൽനിന്നും സ്വീഡനിൽനിന്നുമുള്ള കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുത്തു.

സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ പുതുവത്സരാഘോഷത്തിന് മുക്കാൽ ലക്ഷത്തോളം പേരാണ് എത്തിയത്. എഡിൻബറോ ഹോഗ്മാനെയിൽ നടന്ന സ്ട്രീറ്റ് പാർട്ടിയായിരുന്നു മുഖ്യ ആഘോഷ വേദി.

കണ്ണടക്കാതെ കോവളവും ഫോർട്ടുകൊച്ചിയും

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ മുറുവുകൾ നൽകിയ വർഷമാണ് കടന്നുപോയത്. എങ്കിലും പുതുവർഷത്തെ ആഘോഷപൂർവം തന്നെ കേരളം വരവേറ്റു. കോവളത്തു ഫോർട്ടു കൊച്ചിയിലും വലിയ ആഘോഷങ്ങൾ നടന്നു. ഫോർട്ടുകൊച്ചിയിൽ പാപാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.

കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വർക്കലയിലും വിദേശികളടക്കം നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഡി ജെ പാർട്ടികളും ആഘോഷങ്ങൾക്ക് മിഴിവേകി. പ്രളയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാനം. പുതുവർഷ പാർട്ടികളിൽ എക്സൈസ് പൊലീസ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരെത്തി.

ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട് അനുബന്ധിച്ച് വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടന്നത്.