തൃശൂർ: സദസ്യർക്ക് നടുവിൽ സിറാജ് മാഷ്. വേദിയിൽ നിന്ന് മണവാട്ടിയും കൂട്ടുകാരും നോക്കുന്നത് മാഷിന് നേരെ മാത്രം. ഒപ്പനപ്പാട്ട് സ്പീക്കറിൽ പാട്ട് മുഴങ്ങിയതോടെ മാഷിന്റെ കൈ താളത്തിൽ ചലിച്ചുതുടങ്ങി. അതിനുസരിച്ച് വേദിയിലും കളിമുറുകി. കൈകൊട്ടി, വിരലുകൾ കൂട്ടിയും അകറ്റിയും മാഷ് നൽകിയ സൂചനകൾ മാത്രം ഗ്രഹിച്ച് വേദിയിൽ മൊഞ്ചത്തിമാർ തെറ്റാതെ ചുവടുവച്ചപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി.

ഇന്നലെ രാത്രി സംസ്ഥാന സ്‌കൂൾ യുവജനോത്സവ നഗരിയിലെ നിശാഗന്ധിയിൽ (വേദി -2)നടന്ന സാസ്‌കാരിക സായാഹ്നത്തിലാണ് ദൈവം സമ്മാനിച്ച പോരായ്മകളോട് പടപൊരുപൊരുതി സ്വന്തമാക്കിയ സർഗ്ഗപ്രതിഭ പങ്കുവച്ച് പത്തനംതിട്ട അടൂർ സി എസ് ഐ ഭാഗീക ശ്രവണ വിദ്യാലയത്തിലെ കലാകാരികൾ കാണികളുടെ മനംകവർന്നത്.

സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ശക്തമായ പോരാട്ടത്തിലൂടെ ഒപ്പനയിൽ ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സദസ്യരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ ഇവരുടെ പ്രകടനം ഒരിക്കൽക്കൂടി കാണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സാംസ്‌കാരിക സായാഹ്നത്തിൽ പരിപാടി അവതരിപ്പിക്കാൻ ഈ കൂട്ടികൾക്ക് അവസരമൊരുക്കിയതെന്ന് സംഘാടകർ അറിയിച്ചു. രണ്ടുകൊല്ലത്തെ അശ്രാന്ത പരിശ്രമത്തിന്റെ പൂർത്തീകരണമാണ് വേദിയിൽ ദൃശ്യമായതെന്നും കാരുണ്യവാനായ ദൈവത്തിന്റെ കൃപാകടാക്ഷത്താൽ കുട്ടുകൾ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്നും സിറാജ് മാഷ് മറുനാടനോട് വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ സിറാജ് വർഷങ്ങളായി ഒപ്പന പരിശീലകനായി പ്രവർത്തിച്ചുവരികയാണ്.

ഒരു നിയോഗം പോലെയാണ് താൻ പരിശീലകന്റെ കുപ്പായമണിഞ്ഞ് സ്‌കൂളിലെത്തിയതെന്നും അദ്ധ്യാപകരായ ലിജുവിന്റെയും ബിന്ദുവിന്റെയും പ്രിൻസിപ്പലിന്റെയുമെല്ലാം അകമഴിഞ്ഞ സഹകരണവും അർപ്പണമനോഭാവവുമാണ് സുത്യർഹമായ ഈ നേട്ടത്തിന് പിന്നിലെ ചാലകശക്തിയെന്നും സിറാജ് പറഞ്ഞു. കുട്ടികളെ ഒപ്പന പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യം സിറാജ് ആദ്യം ഒഴിഞ്ഞ് മാറുകയായിരുന്നെന്നും പിന്നീട് ഏറെ നാളത്തെ നിർബന്ധത്തിനും കാത്തിരിപ്പിനും ഒടുവിലാണ് വിഷമകരമായ ഈ ദ്യൗത്യം ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനായതെന്നും സ്‌കൂളിലെ അദ്ധ്യാപകരായ ലിജുവും ബിന്ദുവും വ്യക്തമാക്കി.

സാധാരണകുട്ടികളുടെ പഠനം പൂർത്തിയാൽപിന്നെ ഗുരുക്കന്മാർ തിരിഞ്ഞ് നോക്കിയില്ലങ്കിലും കുഴപ്പമില്ല.പക്ഷേ ഇവർ വേദിയിൽ ചുവട് വയ്ക്കണമെങ്കിൽ മാഷ് മുന്നിൽ നിൽക്കണം.വേണ്ടെത്ര കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഇവരുടെ പാദമുദ്രകളുടെയും അംഗചലനങ്ങളുടെയും കടിഞ്ഞാൽ നിയന്ത്രിക്കുന്നത് വേദിക്കുമുന്നിൽ സദസ്യരുടെ കൂടെ നിൽക്കുന്ന സിറാജിന്റെ കരചലനങ്ങളും മുഖഭാവുവുമാണ്.അതുകൊണ്ട് തന്നെ കുട്ടികൾ ഏവിടെ പരിപാടി അവതരിപ്പിക്കാൻ പോയാലും സിറാജും ഒപ്പമുണ്ടാവും ...മേളത്തിന്റെ കൈമുദ്രകൾ പകരാൻ .കൈകൊട്ടി..തലചെരിച്ച് ...താളത്തിലാടി ..അങ്ങിനെ..അങ്ങിനെ.