കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്‌കോളർഷിപ്പുകൾ അട്ടിമറിക്കപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകേണ്ട സ്‌കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കാതെ പോകുന്നത്. സ്പെഷ്യൽ സ്‌കൂളുകളിലും സാധാരണ വിദ്യാലയങ്ങളിലും വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്‌കോളർഷിപ്പുകളാണ് ഇത്തരത്തിൽ വർഷങ്ങളായി ലഭിക്കാതിരിക്കുന്നത്. ഇത് കാരണം ഇത്തരം വിദ്യാർത്ഥികളിൽ പലരുടെയും പഠനം തന്നെ ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകേണ്ടത്. ഇതിനായി പഞ്ചായത്തുകൾ ബജറ്റിൽ ഫണ്ട് വകയിരുത്തേണ്ടതുണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും ഇത് ചെയ്തിട്ടില്ല. 28500 രൂപയാണ് പ്രതിവർഷം ഒരു വിദ്യാർത്ഥിക്ക് പഞ്ചായത്ത് സ്‌കോളർഷിപ്പായി നൽകേണ്ടത്. ഇതിൽ 50 ശതമാനം ഗ്രാമപഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ, കോർപ്പറേഷനോ നൽകണം, ബാക്കി 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും തുല്യമായി വീതിച്ചു നൽകണം. എന്നാൽ ഇപ്പോൾ നൽകി വരുന്ന പഞ്ചായത്തുകൾ പോലും ആറായിരം രൂപവരെയാണ് മാക്സിമം ഒരു വിദ്യാർത്ഥിക്ക് നൽകുന്നത്.

ബാക്കി തുക വകമാറ്റി ചെലവഴിക്കുകയുമാണ്. പല പഞ്ചായത്തുകളും ഇത്തരത്തിലൊരു ഫണ്ട് ബജറ്റിൽ ഉൾപെടുത്തുകപോലും ചെയ്തിട്ടില്ല. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ശരാശരി നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ പഠനം നടത്തുണ്ട്. ഇത്തരത്തിൽ വിദ്യാഭ്യാസം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവകാശപ്പെട്ട സ്‌കോളർഷിപ്പാണ് ഇപ്പോൾ വർഷങ്ങളായി പഞ്ചായത്തുകളുടെ വകമാറ്റിചെലവഴിക്കലും, ബജറ്റിൽ ഉൾപെടുത്താതിരിക്കലും കാരണം വിദ്യാർത്ഥികൾക്ക് ലഭിക്കാതെ പോകുന്നത്.

ഇവിടെ ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം നൽകിയാൽ മാത്രമേ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ അവരുടെ വിഹിതം നൽകുകയൊള്ളൂ. ഗ്രാമപഞ്ചായത്ത് നൽകുന്ന തുകയുടെ 50 ശതമാനമാണ് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നൽകുക. യഥാർത്ഥത്തിൽ 28500 രൂപ വകയിരുത്തേണ്ടയിടത്ത് പല പഞ്ചയാത്തുകളും ആറായിരം രൂപ മാത്രമാണ് വകയിരിത്തുന്നത്. അതിനാൽ തന്നെ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ ഇതിന്റെ 50 ശതമാനം മാത്രമാണ് വീതിച്ച് നൽകുന്നത്.

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, മാവൂർ, ഒളവണ്ണ, മുക്കം മുനിസിപ്പാലിറ്റി, കുരുവട്ടൂർ പഞ്ചായത്ത്് ഇവിടങ്ങളിലൊന്നും ഭിന്നശേശിക്കരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് വകയിരുത്തുക പോലും ചെയ്തിട്ടില്ല. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോടുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഈ അവഗണനയും അനാസ്ഥയും കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് പൊതു പ്രവർത്തകനും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കെആർസിഎസിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയായ നൗഷാദ് തെക്കയിൽ.

സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഓരോ പഞ്ചായത്ത് പരിധിയിലും നൂറിലധികം വിദ്യാർത്ഥികളാണ് ഭിന്ന ശേശിക്കരായുള്ളത്. ഇവരുടെ പലരീതിയിലുള്ള ചികിത്സകൾക്ക് പോലും ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്കുള്ള ഏക ആശ്രയമാണ് ഇത്തരത്തിലുള്ള സ്‌കോളർഷിപ്പുകൾ. അത് പോലും അട്ടിമറിക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്ന പഞ്ചായത്തുകളുടെ നടപടി ഏറ്റവും ക്രൂരമാണ്. നിലിവിൽ സർക്കാർ മേഖലയിൽ സ്പെഷ്യൽ സ്‌കൂളുകൾ കുറവായതിനാൽ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറെ ചിലവേറിയതാണ്. പലരുടെയുംകൂടെ രക്ഷിതാക്കൾ സകൂൾ വിടുന്നത് വരെ സ്‌കൂളിൽ തന്നെ നിൽക്കേണ്ടതുണ്ട്. ഇത്തരം വിദ്യാർത്ഥികളുടെ പ്രഥമികാവശ്യങ്ങൾക്ക് പേലും രക്ഷിതാക്കളുടെ സഹായം ആവശ്യമുള്ളതിനാലാണിത്. ഇവർക്കുള്ള ഏക വിദ്യാഭ്യാസ സഹായമണിപ്പോൾ ഇത്തരത്തിൽ കൊള്ളയടിക്കപ്പെടുന്നത്.