പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലപാതക കേസിലേക്ക് നയിച്ചത് പാർട്ടിക്കുള്ളിൽ രൂപം കൊണ്ട് പ്രശ്‌നങ്ങളെന്ന സൂചനയുമായി കുടുംബം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായത് മുതൽ ഒരു വർഷമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാാണ് ഷാജഹാന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.കൊലയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഷാജഹാന്റെ കുടുംബം ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചു.

ഇക്കഴിഞ്ഞ ഞ്ച്രാഞ്ച് സമ്മേളനത്തിൽ ഷാജഹാൻ കുന്നംക്കാട് ഞ്ച്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ കഴിയാതിരുന്ന പ്രതികൾ സിപിഐഎം ബന്ധം ഉപേക്ഷിച്ചിരുന്നു. ഇവർ ആർഎസ്എസിൽ ചേർന്നുവെന്നുമാണ് ആരോപണം. ഇതിന് ശേഷമാണ് പ്രതികൾക്ക് ഷാജഹാനുമായി വൈരാഗ്യം ഉണ്ടായതെന്ന് ഷാജഹാന്റെ കുടുംബം വ്യക്തമാക്കി.

ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഇതും പ്രതികളിൽ വൈര്യാഗ്യം ഉയർത്തി. പിന്നീട് ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഫ്ളക്സ് മാറ്റി പ്രതികൾ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്ളക്സ് വെക്കാൻ ശ്രമിച്ചത് ഷാജഹാനും മറ്റു സിപിഐഎമ്മും പ്രവർത്തകരും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതികളിൽ ഒരാളായ നവീന്റെ നേതൃത്വത്തിലാണ് ഷാജഹാനെ പ്രതികൾ ആക്രമിച്ചതെന്നും, ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുടെണ്ടെന്നും കുടുംബം പറയുന്നു. മാത്രമല്ല സംഭവ സമയത്ത് ഷാജഹാനൊപ്പം ഉണ്ടായിരുന്ന സുരേഷ് പ്രതികളിൽ ഒരാളുടെ അച്ഛനായതുകൊണ്ട് മാത്രമാണ് ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഇവർ പറയുന്നു.

അതേസമയം കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധം ചർച്ചയാകവേ കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്‌പിയുടെ പ്രതികരണം.

ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്‌ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാൻ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിന്റെ നിലപാട്.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതുകൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നതുകൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാജഹാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആർഎസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

അതേസമയം മുഖ്യമന്ത്രി ഫേസ്‌ബുകിൽ പ്രതികിച്ച മുഖ്യമന്ത്രി എന്നാൽ, സംഭവത്തിന് പിന്നിൽ ആർഎസ്എസും, ബിജെപിയുമാണെന്ന സിപിഎ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് ഏറ്റുപിടിക്കാൻ തയ്യാറായില്ല. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെ്ന്നായിരുന്നു മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്. നേരത്തെ കേസിൽ അന്വേഷണം നടക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്.