തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ, കെകെ ശൈലജ, കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ, എ.എം ആരിഫ് ലിസ്റ്റുകൾ ഇങ്ങനെ നീണ്ടുപോകുന്നു. മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണട വാങ്ങി വിവാദങ്ങൾക്ക് ആരംഭം കുറിച്ചത്. പിന്നീട് സ്പീക്കർ ഒട്ടും കുറച്ചില്ല, വാങ്ങി അരലക്ഷം രൂപക്ക്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും നന്നായി അറിയാവുന്ന തോമസ് ഐസക്ക് കോട്ടയ്ക്കലിൽ സുഖചികിത്സയ്ക്കായി ചെലവാക്കിയത് 1.2 ലക്ഷം രൂപയാണ്. 48,000 രൂപ ഖജനാവിൽ നിന്നെടുത്ത ചിറ്റയം ഗോപകുമാറും 44,000 രൂപ കോവൂർ കുഞ്ഞുമോനും വൻതുക എഴുതിയെടുത്തവരുടെ പട്ടികയിൽ ഉണ്ട്. നോമിനേറ്റഡ് എംഎൽഎ ജോൺ ഫെർണാണ്ടസും വാങ്ങി 45700 രൂപ. അരൂർ എംഎൽഎ ആരിഫ് ചികിത്സക്കായി ചെലവാക്കിയത് 43,800 രൂപയാണ്.

നിയമപരമായി തെറ്റില്ലെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള എംഎൽഎമാരുടെ ഈ നടപടി ചർച്ചയാവുകയാണ്. ഇത് ഭരണപക്ഷ എംഎൽഎമാരുടെ ധൂർത്താണെന്ന് വിമർശനം ഉയരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എംഎൽഎമാർ ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകൾക്കായി ഇത്രയും രൂപ റീ ഇമ്പേഴ്സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആർ.എസ്‌പി (ലെനിനിസ്റ്റ് ) നേതാവായ കോവൂർ കുഞ്ഞുമോനും ജൂൺ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാർച്ച് 15നും ആംഗ്ളോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന് മെയ് 17 നും പണം കിട്ടി.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കണ്ണടയ്ക്കും ചികിത്സയ്ക്കുവേണ്ടിയും വൻതുക ചെലവാക്കിയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണനും ചികിത്സാചെലവിനും കണ്ണടയ്ക്കും വലിയ തുക എഴുതിയെടുത്തെന്നുമുള്ള വിവരങ്ങൾ ചർച്ചയായതിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്ക് കോട്ടയ്ക്കലിൽ സുഖചികിത്സയ്ക്കായി 1.2 ലക്ഷം രൂപ ചെലവാക്കിയതിന്റെ വിവരങ്ങളും പുറത്തുവരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിൽ മന്ത്രി കോട്ടയ്ക്കലിൽ ചികിത്സ നടത്തിയിരുന്നു. ഡിസംബർ 12 മുതൽ 27 വരെ ആയിരുന്നു ചികിത്സ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രി ഐസക്ക് സർക്കാർ ആയുർവേദ ആശുപത്രികൾ ഒഴിവാക്കി കോട്ടയ്ക്കലിൽ ചികിത്സ തേടിയത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ പ്രകാരം ഇപ്പോൾ മന്ത്രിയുടെ ചികിത്സയ്ക്കായി ഒരുലക്ഷത്തിൽപരം രൂപ കോട്ടയ്ക്കലിൽ ചികിത്സയ്ക്ക് ചെലവിട്ടെന്ന വിവരവും പുറത്തുവരുന്നത്.

ചികിത്സാവശ്യത്തിനായി മന്ത്രി ഐസക് 14 തോർത്തുകൾ വാങ്ങിച്ചതിന്റെ തുകയുൾപ്പെടെ റീ ഇംബേഴ്സ് ചെയ്തുവെന്ന വിവരം ചർച്ചയാവുകയാണ് ഇപ്പോൾ. ചികിത്സയ്ക്കായി 21,990 രൂപ ചെലവായപ്പോൾ മുറിവാടകയായി 79,200 രൂപയാണ് മുറിവാടകയായത്. ഭക്ഷണത്തിന് ചെലവായ തുകയും 14 തോർത്തുകൾ വാങ്ങിയ ഇനത്തിൽ 195 രൂപയുമെല്ലാം റീ ഇമ്പേഴ്സ് ചെയ്തിട്ടുണ്ട് സർക്കാർ ഖജനാവിൽ നിന്ന്. തലയിണ വാങ്ങിച്ച വകയിൽ 250 രൂപയുൾപ്പെടെ മന്ത്രി റീ ഇമ്പേഴ്സ് ചെയ്തുവെന്ന കാര്യം ഇതോടെ സോഷ്യൽ മീഡിയയിലും ചർച്ചയായി.

ചിറ്റയം ഗോപകുമാർ- 48,000 രൂപയും കോവൂർ കുഞ്ഞുമോൻ- 44,000രുപയും ജോൺ ഫെർണാണ്ടസ്- 45,700രൂപയും എ.എം. ആരിഫ്- 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികിൽസാ ചെലവിന്റെ പേരിൽ എംഎൽഎമാർ വൻ തുകകൾ എഴുതി എടുക്കാറുണ്ട്. എന്നാൽ കണ്ണടയ്ക്ക് വേണ്ടി ഇത്തരം തുകകൾ എഴുതിയെടുക്കുന്നതിന്റെ വിഷയങ്ങളാണ് ചർച്ചായാകുന്നത്. ഇവരെല്ലാം ഇടതുപക്ഷക്കാരാണ്. ആഡംബരത്തിനെതിരെ സംസാരിക്കുന്ന നേതാക്കൾ ഖജനാവിൽ നിന്ന് പണമെടുത്ത് പതിനായിരങ്ങളുടെ കണ്ണട വാങ്ങുന്നതാണ് ചർച്ചയാകുന്നത്. രണ്ടായിരം രൂപയ്ക്ക് പോലും നല്ല കണ്ണട കിട്ടും. അപ്പോഴാണ് ഈ ധൂർത്ത്.

എഎൽഎമാരുടെ ധൂർത്തടി വലിയ വിവാദമായെങ്കിലും പ്രതിപക്ഷം ഈ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല എന്നതു കൗതുകകരമാണ്. കാരണം എംഎൽഎ എന്ന നിലയിൽ വൻ ആരോഗ്യ സഹായങ്ങൾ പ്രതിപക്ഷ എംഎൽഎമാരും എഴുതിയെടുക്കാറുണ്ട്. ഈ സാഹചര്യത്തിൽ വടികൊടുത്ത് അടിവാങ്ങുന്നത് പോലെ കണ്ണട വിവാദം സജീവ ചർച്ചയാക്കി പ്രതിപക്ഷം മാറ്റില്ല. ഇത് സർക്കാരിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ ചികിൽസാ ചെലവിന്റെ രേഖകളും പുറത്തുവന്നിരുന്നു. അതിലും പല മന്ത്രിമാരും അസ്വാഭാവികമായി തുക എഴുതി എടുത്തിട്ടുണ്ട്. ഇതും പ്രതിപക്ഷം ചർച്ചയാക്കിയില്ല.

2017 ഒക്ടോബർ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തിൽ കൈപ്പറ്റിയ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് തുക സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് ചികിത്സായിനത്തിൽ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കർഷിച്ചിട്ടില്ല. ഇത് പരമാവധി ഉപയോഗിക്കുകയാണ് എംഎൽഎ മാരും മന്ത്രിമാരും. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നൽകിയിട്ടില്ല. എംഎൽഎയപ്പോൾ ചികിൽസയ്ക്ക് പണം എഴുതിയെടുത്ത് തോമസ് ചാണ്ടി വിവാദ നായകനായിരുന്നു. പക്ഷേ മന്ത്രിയായ ശേഷം അദ്ദേഹം തുകയൊന്നും എഴുതിയെടുത്തിട്ടില്ല.

നിലവിലെ നിയമപ്രകാരം ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയിൽ ആഡംബരനികുതി, ഭക്ഷണവില എന്നിവ ഒഴികെയുള്ള തുകയാണ് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർക്ക് നൽകുന്നത്. ഒരു ചില്ലികാശ് പോലും ചികിൽസാ ഇനത്തിൽ എഴുതിയെടുക്കാത്ത മന്ത്രിമാരും ഉണ്ട്. തിലോത്തമനും, എ.സി മൊയ്തീനും രവീന്ദ്രനാഥും ഇക്കാര്യത്തിൽ വേറിട്ടു നിന്നു.