നാളെ പെസഹാവ്യാഴം. ഈശോയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളാണ് നാമിന്ന് അനുസ്മരിക്കുന്നത്. ഒന്ന്, ഈശോ തന്റെ പീഡാസഹനത്തിനും മരണത്തിനും മുൻപ് ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യഅത്താഴം (മത്താ 26:26-30; മർക്കോ 14:22-24; ലൂക്കാ 22:15-20; 1 കോറി 11:21-25). രണ്ട്, യോഹന്നാൻ വിവരിക്കുന്നതുപോലെ ഈശോ സ്വന്തം ശിഷ്യന്മാരുടെ കാലുകഴുകിയത് (യോഹ 13:1-16).

ഇതിൽ ഈശോയുടെ അന്ത്യഅത്താഴത്തിന്റെ ചുവടുപിടിച്ചാണ് നമ്മുടെ ഈ ധ്യാനം നമ്മൾ മുമ്പോട്ടുകൊണ്ടുപോകുന്നത്. സമാന്തര സുവിശേഷങ്ങൾ മൂന്നും ഈശോയുടെ അന്ത്യത്താഴം വിവരിക്കുന്നുണ്ട്. മൂന്നിന്റെയും അടിസ്ഥാനമായി നില്ക്കുന്ന മർക്കോസിന്റെ സുവിശേഷത്തെയാണ് നാമിവിടെപിന്തുടരുന്നത്.

അതിലൂടെ നാം എത്തിച്ചേരുന്നത് ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമെന്ന് പറയാവുന്ന വിശുദ്ധ കുർബ്ബാനയിലാണ്. നമ്മൾ എല്ലാവരും ആഴ്ചയിലൊരിക്കലോ അനുദിനമോ പങ്കെടുക്കുന്ന വിശുദ്ധബലിയുടെ അർത്ഥം എന്താണെന്നുള്ള അന്വേഷണമാണിത്. വിശുദ്ധ കുർബ്ബാനയുടെ ഒന്നാമത്തേതും, ഏറ്റവും പ്രധാനവുമായ അർത്ഥം എന്താണ്? അതറിയാൻ അന്ത്യഅത്താഴത്തിന്റെ ഒന്നാമത്തെ അർത്ഥം കണ്ടെത്തിയാൽമതി. കാരണം നമ്മൾ അർപ്പിക്കുന്ന വിശുദ്ധകുർബ്ബാനയുടെ ആദിരൂപം ഈശോ ശിഷ്യന്മാരോടൊപ്പം പങ്കുവച്ച അന്ത്യഅത്താഴമായിരുന്നു.

മർക്കോസ് അന്ത്യഅത്താഴത്തിന്റെ വിവരണം തുടങ്ങുന്നതുതന്നെ ഇപ്രകാരമാണ്- ''അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, അവൻ അപ്പം എടുത്ത്...'' (മർക്കോ 14:22)

നമ്മുടെ ആദ്യത്തെ അന്വേഷണം യേശുവും ശിഷ്യന്മാരും കഴിക്കുന്ന ഭക്ഷണം ഏതെന്നായിരിക്കണം. ഇതിനുള്ള സൂചന മർക്കോസ് തന്നെ വ്യക്തമായി നൽകുന്നുണ്ട്.

മർക്കോസ് 14:1- ''പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളു.'' അപ്പോൾ പെസഹായ്ക്കും രണ്ട് ദിവസം മുമ്പെന്ന് സാരം. മർക്കോ 14:12- ''പെസഹാബലി അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം...'' അതായത് പെസഹാതിരുന്നാൾ ദിനമെന്ന് സാരം. മർക്കോ14:17- ''അവർ പെസഹാ ഒരുക്കി. സന്ധ്യയായപ്പോൾ അവർ പന്ത്രണ്ടുപേരുമൊരുമിച്ച് വന്നു,'' പെസഹാത്തിരുനാളിന്റെ സന്ധ്യയെന്നർത്ഥം. മർക്കോ. 14:22-''അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ അതായത് അവർ പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ.''

ചുരുക്കത്തിൽ ഈശോ ശിഷ്യന്മാരുടെ കൂടെകഴിക്കുന്ന അന്ത്യഅത്താഴം. യൂദരുടെ പെസഹാ ഭക്ഷണമെന്നു സാരം. അങ്ങനെയെങ്കിൽ, അടുത്ത ചോദ്യം പെസഹാഭക്ഷണത്തിന്റെ പ്രധാന വിഭവം എന്താണെന്നതാണ്. ചിലർ പറയും വീഞ്ഞാണെന്നും, മറ്റുചിലർ പുളിപ്പില്ലാത്ത അപ്പമെന്നും പറയും, വേറെ ചിലർക്ക് കയ്‌പ്പുള്ള സസ്യങ്ങൾ. ഇതൊക്കെ പെസഹായുടെ വിഭവങ്ങൾ തന്നെ. എന്നാൽ പെസഹായുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം ഏതാണ്?

പുറപ്പാട് 12:1-14 വായിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും. കാരണം, പെസഹാത്തിരുന്നാളിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ തരുന്ന വചനഭാഗമാണത്.

പുറ 12:3- ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻ കുട്ടിയെ കരുതിവയ്ക്കണം.

പുറ 12:4 ഒരുആട്ടിൻകുട്ടിയെ മുഴുവൻ ഭക്ഷിക്കാൻ മാത്രം ഒരുകുടുംബം വലുതല്ലെങ്കിൽ അയൽകുടുംബത്തെയും പങ്കെടുപ്പിക്കാം. പക്ഷേ ഭക്ഷിക്കാനുള്ള കഴിവു നോക്കിവേണം ആളെ കൂട്ടാൻ.

പുറ 12:8- തീയിൽ ചുട്ട് ഭക്ഷിക്കണം.

പുറ 12:9- ആടിനെ മുഴുവൻ ഭക്ഷിക്കണം. തലയും, കാലും ഉൾഭാഗവുമടക്കം.

പുറ 12:10 - പിറ്റേദിവസത്തേക്ക് ഒന്നും മിച്ചംവയ്ക്കരുത്. എന്തെങ്കിലും മിച്ചംവന്നാൽ തീയിൽ ദഹിപ്പിക്കണം.

അപ്പോൾ, ഒരുകാര്യം തീർച്ച. കുഞ്ഞാടിന്റെ മാംസമാണ് പെസഹാഭക്ഷണത്തിന്റെ പ്രധാനവിഭവം. എങ്കിൽ, അടുത്ത ചോദ്യം ഈ പെസഹക്കുഞ്ഞാടിന്റെ സവിശേഷതയെക്കുറിച്ചായിരിക്കണം.

ഈശോയുടെ കാലത്ത് പെസഹാകുഞ്ഞാടിനെ ജറുസലേം ദേവാലയത്തിൽ കൊണ്ടുപോയി ബലിയർപ്പിക്കും. എങ്ങനെയാണ് പെസഹാകുഞ്ഞാടിനെ ദേവാലയത്തിൽ ബലിയർപ്പിച്ചിരുന്നത്? കഴുത്തറത്താണ് കുഞ്ഞാടിനെ ബലിയർപ്പിക്കുന്നത്. ആടിന്റെ കഴുത്തറുക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? കഴുത്തറുക്കുമ്പോൾ കുഞ്ഞാടിന്റെ ശരീരവും രക്തവും രണ്ടായിമാറുന്നു. അങ്ങനെ അതിന്റെ മരണംസംഭവിക്കുന്നു. ശരീരവും രക്തവും ഒരുമിച്ചായിരുന്നപ്പോൾ കുഞ്ഞാടിന് ജീവനുണ്ടായിരുന്നു. രണ്ടും വേർപ്പെട്ടപ്പോൾ കുഞ്ഞാടിന്റെ മരണംസംഭവിച്ചു.

ഇങ്ങനെകഴുത്തറുത്ത്, അതിലൂടെ ശരീരവും രക്തവും രണ്ടായിമാറി, മരണം സംഭവിച്ച കുഞ്ഞാടിന്റെ മാംസം പ്രധാനഭക്ഷണമായി കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഈശോ അപ്പം എടുത്തിട്ട് പറഞ്ഞു; ഇതെന്റെ ശരീരമാണ്. പാനപാത്രം എടുത്തിട്ട് പറഞ്ഞു- ഇതെന്റെ രക്തമാണ്. അതായത് ഈശോയുടെ ശരീരവും രക്തവും രണ്ടാകുന്നുവെന്നർത്ഥം. ശരീരവും രക്തവും രണ്ടാകുന്നത് എപ്പോഴാണ്? പെസഹാകുഞ്ഞാടിന്റെ ബലിമരണത്തിലാണ്. എങ്കിൽ ഇതെന്റെ ശരീരവും രക്തവുമെന്ന് പറയുമ്പോൾ ഈശോ ഉദ്ദേശിക്കുന്ന അർത്ഥം- ഇതെന്റെ ബലിമരണം.ഇതിന്റെ ഒരുപങ്ക് നിങ്ങൾ കഴിക്കുവിൻ, ഒരുപങ്ക് നിങ്ങൾ കുടിക്കുവിൻ, ശിഷ്യന്മാരെക്കൊണ്ട് അപ്പത്തിന്റെ പങ്ക് അവൻ കഴിപ്പിക്കുന്നു; വീഞ്ഞിന്റെ പങ്ക് കുടിപ്പിക്കുന്നു. അർത്ഥം, ഈശോ തന്റെ ബലിമരണത്തിൽ ശിഷ്യന്മാരെ പങ്കെടുപ്പിക്കുന്നു; പങ്ക് പറ്റിക്കുന്നു.

ഇംഗ്ലീഷിലുള്ള പദവും ഇതേ അർത്ഥമാണ് തരുന്നത്. To participate എന്നുപറഞ്ഞാൽ To take a part ഒരുഭാഗം സ്വീകരിക്കുക. ഈശോയുടെ ബലിമരണത്തിന്റെ ഒരുഭാഗം സ്വീകരിക്കാൻ അവൻ തന്റെ ശിഷ്യരെ നിർവ്വഹിക്കുന്നു.

അന്ത്യഅത്താഴത്തിലെ ഈ ക്ലൈമാക്‌സിനൊരു പശ്ചാത്തലമുണ്ട്. ഈശോ തന്റെ ജറുസലേം യാത്രയിൽ ആവർത്തിച്ചാവർത്തിച്ച് ശിഷ്യരെ പഠിപ്പിച്ചിരുന്നത്തന്റെ പീഡാനുഭവത്തെക്കുറിച്ചാണ്; ശിഷ്യർ അതിൽ പങ്കുകാരാകണമെന്നും. എന്നാൽ ആവർത്തിച്ചാവർത്തിച്ച് അവർ പരാജയപ്പെട്ടപ്പോഴാണ്, ഈശോ പ്രതീകാത്മകമായിതന്റെ മരണം അവതരിപ്പിച്ച് അവരെ അതിൽ പങ്കുകാരാക്കുന്നത്.

ഇത് സുവിശേഷവ്യാഖ്യാതാവിന്റെ ഭാവനയൊന്നുമല്ല. മറിച്ച്, അന്ത്യഅത്താഴത്തിൽ പങ്കെടുത്ത അപ്പസ്‌തോലന്മാർ ഇതാണ് മനസ്സിലാക്കിയത്. അവർമനസ്സിലാക്കിയ ഈ അർത്ഥമാണ് ആദിമ സഭയ്ക്ക് അവർ കൈമാറിയത്. അങ്ങനെ ആദിമ സഭയ്ക്ക് കൈമാറികിട്ടിയ ഈ അർത്ഥമാണ് പൗലോസ് ശ്ലീഹാ രേഖപ്പെടുത്തുന്നത്- 1 കോറി 11:21-26 ൽ. ശരിക്കുപറഞ്ഞാൽ മർക്കോസിനും മുമ്പുള്ളഅന്ത്യഅത്താഴ വിവരണമാണിത്.

ഈശോയുടെ അന്ത്യഅത്താഴം വിവരിച്ചശേഷം പൗലോസ് പറയുന്ന വചനം ശ്രദ്ധിക്കണം. 1 കോറി 11:26 ''നിങ്ങൾ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണമാണ് അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുന്നത്.'' അർത്ഥമിതാണ്, എപ്പോഴെല്ലാം കുർബ്ബാനയിൽ നമ്മൾ പങ്കെടുക്കുന്നുവോ, അപ്പോഴെല്ലാം ക്രിസ്തുവിന്റെ ബലിമരണത്തിലാണ് പങ്കുപറ്റുന്നത് എന്നർത്ഥം. ഇതാണ് കുർബ്ബാനയുടെ ഒന്നാമത്തെ അർത്ഥം; ഏറ്റവും പ്രധാനമായ അർത്ഥം.

ക്രിസ്തുവിന്റെ ഈ ബലിമരണത്തിന്റെ പ്രത്യേകത ഇത് മറ്റുള്ളവർക്ക് വേണ്ടിയിട്ടുള്ളതാണെന്നതാണ്. അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നരക്തം (മർക്കോ 14:24) എന്ന് ഈശോ തന്നെയാണ് പറഞ്ഞത്. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വന്തം ജീവൻ നല്കാനുമത്രേ (മർക്കോ 10:45).ചുരുക്കത്തിൽഈശോയുടെമരണംമറ്റുള്ളവരുടെവിമോചനത്തിനുംരക്ഷയ്ക്കുംവേണ്ടിയാണെന്നുസാരം.

അപ്പോൾ മറ്റുള്ളവർക്കായി ജീവിക്കുകയുംഅവസാനം ജീവൻപോലും സമർപ്പിക്കുകയും ചെയ്ത ഈശോയുടെ ബലിമരണത്തിൽ പങ്കുപറ്റാനും അതിലൂടെ മറ്റുള്ളവർക്കായി ജീവിക്കാനുമുള്ള ആഹ്വാനമാണ് വിശുദ്ധകുർബ്ബാന. ഓരോപ്രാവശ്യം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുമ്പോഴും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോഴും, നമ്മൾ ഈ ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഈശോയെ, നിന്റെ ബലിമരണത്തിൽ ഞാൻ പങ്കുവയ്ക്കുന്നു. കുർബ്ബാന കഴിഞ്ഞ് പുറത്തിറങ്ങിയാൽ, ഞാന്മറ്റുള്ളവർക്കുവേണ്ടിഎന്റെജീവിതംസമർപ്പിക്കും; ബലികൊടുക്കും.

അന്ത്യഅത്താഴത്തിലൂടെ തന്റെ ബലിമരണത്തിൽ ശിഷ്യരെ പങ്കുപറ്റിക്കാൻ ഈശോ ശ്രമിച്ചു. അതുപോലൊരു പങ്കുപറ്റലിനെക്കുറിച്ച് കാലുകഴുകുന്നതിന്റെയിടയിലും ഈശോ പറയുന്നുണ്ട്: പത്രോസ് സ്വന്തം കാലുകഴുകുന്നതിൽ നിന്നും ഈശോയെ തടയുന്നതാണ് സന്ദർഭം. അപ്പോൾ ഈശോ പറഞ്ഞു: ''ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല'' (യോഹ 13:8). അതായത് നിനക്ക് ഞാനുമായി ബന്ധമില്ലെന്നർത്ഥം. കാല് കഴുകുന്നില്ലെങ്കിൽ പങ്കില്ലെന്നർത്ഥം. അപ്പോൾ, പങ്ക് ഉണ്ടാകണമെങ്കിൽ, പരസ്പരം ബന്ധമുണ്ടാകണമെങ്കിൽ കാൽകഴുകണമെന്നു സാരം. പരസ്പരബന്ധത്തിലേക്കും കൂട്ടായ്മയിലേക്കും വരണമെങ്കിൽ കാൽകഴുകണമെന്ന് വരുന്നു.

കാല്കഴുകുകയും, എളിമയോടെ ശുശ്രൂഷചെയ്യുകയും ചെയ്യുന്നതിലൂടെ വളർന്നുവരുന്ന ഹൃദയബന്ധത്തിന്റെയും കൂട്ടായ്മയുടെയും കൊടുമുടിയിലാണ് ജീവൻപോലും കൊടുക്കുന്ന ബലിമരണം സംഭവിക്കുന്നത്.

അതിനാൽ നമ്മുടെ ഹൃദയബന്ധങ്ങളെ നമുക്ക് ബലപ്പെടുത്താം. പ്രിയപ്പെട്ടവർക്കായുള്ള നമ്മുടെ സമർപ്പണത്തെ നമുക്ക് ആഴപ്പെടുത്താം. പ്രിയർക്കായി ജീവിക്കുന്നതിലുടെ ഈശോയുടെ ബലിമരണത്തിൽ നമുക്ക്പങ്കുപറ്റാം. നമ്മുടെ ജീവിതം കുർബ്ബാനയുടെ ജീവിതമാക്കാം.