- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവ മക്കളാകാനുള്ള മാർഗം: നാലുപറയച്ചന്റെ ദുഃഖവെള്ളി ചിന്തകൾ വായിക്കാം...
നാളെ ദുഃഖവെള്ളിയാഴ്ചയാണ്. ഈശോുടെ പീഡാസഹനവും കുരിശുമരണവും നമ്മൾ അനുസ്മരിക്കുന്ന ദിവസം. പീഡാനുഭവ വായനകളിലുടെ നാം ക്രിസ്തുവിന്റെ പീഡാസഹനത്തിലേക്ക് ആത്മീയമായി കടന്നുചെല്ലുന്നു. കുരിശിന്റെ വഴിയിലൂടെ അവന്റെ രക്ഷാകരമായ മരണത്തിൽ നാം പങ്കുകാരാകാൻ ശ്രമിക്കുന്നു. നമ്മുടെ ഇന്നത്തെ ധ്യാനത്തിന്റെ വിഷയം ഈശോയുടെ മരണമാണ്. ഈശോയുടെ കുരിശുമരണം എന്റെ ജീവിതത്തിന് പകർന്നുതരുന്ന ജീവിതസന്ദേശം എന്താണ്? ക്രൂശിതനായ ക്രിസ്തു അനുയായിയായ എന്നോട് എന്താണ് മൗനമായി പറഞ്ഞുതരുന്നത്? നമ്മുടെ ഈ ആത്മീയാന്വേഷണത്തിന് നമ്മൾ അടിസ്ഥാനമായി സ്വീകരിക്കുന്നത് മർക്കോസ് വിവരിക്കുന്ന ഈശോയുടെ കുരിശുമരണമാണ്. കാരണം അതാണല്ലോ ഏറ്റവും പഴയതും ഏറ്റവും പ്രാകൃതവുമായ മരണവിവരണം. മർക്കോസ് 15:37-39-ൽ എഴുതുന്നു: ''യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻവെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു.'' ഈശോയുടെ മരണം ചിത്രീകരിക്
നാളെ ദുഃഖവെള്ളിയാഴ്ചയാണ്. ഈശോുടെ പീഡാസഹനവും കുരിശുമരണവും നമ്മൾ അനുസ്മരിക്കുന്ന ദിവസം. പീഡാനുഭവ വായനകളിലുടെ നാം ക്രിസ്തുവിന്റെ പീഡാസഹനത്തിലേക്ക് ആത്മീയമായി കടന്നുചെല്ലുന്നു. കുരിശിന്റെ വഴിയിലൂടെ അവന്റെ രക്ഷാകരമായ മരണത്തിൽ നാം പങ്കുകാരാകാൻ ശ്രമിക്കുന്നു. നമ്മുടെ ഇന്നത്തെ ധ്യാനത്തിന്റെ വിഷയം ഈശോയുടെ മരണമാണ്. ഈശോയുടെ കുരിശുമരണം എന്റെ ജീവിതത്തിന് പകർന്നുതരുന്ന ജീവിതസന്ദേശം എന്താണ്? ക്രൂശിതനായ ക്രിസ്തു അനുയായിയായ എന്നോട് എന്താണ് മൗനമായി പറഞ്ഞുതരുന്നത്?
നമ്മുടെ ഈ ആത്മീയാന്വേഷണത്തിന് നമ്മൾ അടിസ്ഥാനമായി സ്വീകരിക്കുന്നത് മർക്കോസ് വിവരിക്കുന്ന ഈശോയുടെ കുരിശുമരണമാണ്. കാരണം അതാണല്ലോ ഏറ്റവും പഴയതും ഏറ്റവും പ്രാകൃതവുമായ മരണവിവരണം. മർക്കോസ് 15:37-39-ൽ എഴുതുന്നു: ''യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻവെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു.'' ഈശോയുടെ മരണം ചിത്രീകരിക്കുന്ന ഏറ്റവും പഴയ വിവരണമിതാണ്. ഈശോ തന്റെ പീഡാസഹനങ്ങളുടെ അവസാനം കുരിശേൽ തറയ്ക്കപ്പെട്ട്, മണിക്കൂറുകൾ കുരിശേൽ കിടന്ന് രണ്ടാമത്തെ നിലവിളിയോടെ മരിക്കുന്നതാണ് മർക്കോ 15:37 വിവരിക്കുന്നത്- ''അവൻ ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞു.''
അപ്പോൾ എന്താണ് സംഭവിച്ചത്? അപ്പാൾ ദേവാലയത്തിന്റെ തിരശീല മുകളിൽ നിന്ന് താഴെവരെ രണ്ടായികീറി. ഏതാണ് ഈ ദേവാലയം? ജറുസലേം ദേവാലയം തന്നെ. എവിടെയാണ് ദേവാലയത്തിന്റെ തിരശ്ശീല? അത് വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും മദ്ധ്യേയാണ്. അതായത് തിരശ്ശീല കീറിക്കഴിഞ്ഞാൽ അതിവിശുദ്ധസ്ഥലം അനാവൃതമാകും. അതിവിശുദ്ധസ്ഥലമെന്ന ദൈവസാന്നിധ്യത്തിന്റെ കൊടുമുടി വെളിപ്പെടും. അപ്പോൾ, തിരശ്ശീലകീറിയെന്നതിന്റെ അർത്ഥം, ഏറ്റവും വലിയ ദൈവികവെളിപാട് സംഭവിക്കാൻ പോകുന്നു എന്നാണ്. ദൈവിക സാന്നിധ്യത്തിന്റെ കൊടുമുടി വെളിപ്പെടാൻ പോകുന്നു എന്നർത്ഥം.
എന്തായിരുന്നു ആ പരമോന്നതമായ വെളിപാട്?''അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചത് കണ്ട് പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു'' (മർക്കോ 15:28). ഇതാണ് ഏറ്റവും വലിയ ദൈവികവെളിപാട്.
''അവൻ ഇപ്രകാരം മരിച്ചത് കണ്ടു'' എപ്രകാരം? ഇപ്രകാരം പീഡകൾ സഹിച്ച് കുരിശിൽ മരിച്ചതു കണ്ട് ഇപ്രകാരം സകലരാലും പരിത്യക്തനായി കുരിശേൽ മരിച്ചതുകണ്ടു. ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി (മർക്കോ 10:45;14:24) പീഡയേറ്റ് മരിച്ചതു കണ്ടു, അവൻ പറഞ്ഞു. എന്താണ് ശതാധിപൻ പറഞ്ഞത്?'' ഈ മനുഷ്യൻ.'' ഏത് മനുഷ്യൻ? ഇപ്രകാരം കുരിശേൽ മരിക്കുന്നവൻ. ഇപ്രകാരം മറ്റുള്ളവർക്കു വേണ്ടി പീഡകളേറ്റ് മരിക്കുന്നവൻ. ഇപ്രകാരം പരോന്മുഖതയുടെ പരകോടിയിൽ മരിക്കുന്നവൻ. കൊടുത്തുകൊടുത്ത് സ്വന്തം ജീവൻപോലും മറ്റുള്ളവർക്കായി കൊടുത്ത് മരിക്കുന്നവൻ- ''സത്യമായും ദൈവപുത്രനായിരുന്നു.''
ഏറ്റവും വലിയ ദൈവിക വെളിപാടിതാണ്. ഇതിലും വലിയ ദൈവികവെളിപാടൊന്നും ഉണ്ടാകാനില്ല. ഇതാണ് ഏറ്റവും മഹോന്നതമായ ദൈവികതയുടെ വെളിപ്പെടുത്തൽ - അതായത്, മറ്റുള്ളവർക്കായി കുരിശിൽ മരിക്കുന്ന ക്രൂശിതനാണ് ദൈവപുത്രനെന്ന്. ക്രൂശിതനായ ക്രിസ്തു ദൈവപുത്രനായിരുന്നു എന്നതാണ് ഈ വെളിപാടിന്റെ ബാഹ്യതലം. പോരാ, ദൈവികതയുടെ ഏറ്റവും പരമോന്നതമായ ആവിഷ്‌ക്കാരമാണ് ക്രൂശിതനായ ക്രിസ്തുവെന്ന് സാരം.
അതോടൊപ്പം, ഇതിലും ഉപരിയായ ഒരു വെളിപ്പെടുത്തൽ കൂടി ഈശോയുടെ കുരിശുമരണത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. ഇപ്രകാരം കുരിശേൽ മരിക്കുന്നവൻ ദൈവപുത്രനാണെന്ന് മാത്രമല്ല, ദൈവപുത്രനാകണമെങ്കിൽ ഇപ്രകാരം മരിക്കണമെന്ന് കൂടിയാണ് വെളിപാട്.
അതായത് ദൈവിന്റെ മകനും മകളുമാകാനുമുള്ള വഴിയാണ് ഈശോയുടെ മരണസമയത്ത് വെളിപ്പെടുത്തപ്പെടുന്നത്. ദൈവത്തിന്റെ മകളാകണമെങ്കിൽ മകനാകണമെങ്കിൽ എന്ത് ചെയ്യണം? ക്രൂശിതനായ ക്രിസ്തുവിനെ അനുകരിച്ച് മറ്റുള്ളവർക്ക് വേണ്ടി പീഡയേൽക്കുകയും മരിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ ദൈവത്തിന്റെ മകനാകുന്നത് അഥവാ ദൈവത്തിന്റെ മകളാകുന്നത്.
ചുരുക്കത്തിൽ ഈശോയുടെ കുരിശുമരണം നമുക്ക് കൈമാറുന്ന സന്ദേശമിതാണ്? എങ്ങനെ നിനക്ക് ദൈവത്തിന്റെ മകനാകാൻപറ്റും? എങ്ങനെ ദൈവത്തിന്റെ മകളാകാൻപറ്റും? ദൈവത്തിന്റെ മകനും മകളുമാകാനുള്ള വഴിയാണ് ഈശോ സ്വന്തം ജീവിതംവഴി, അവസാനം തന്റെ കുരിശുമരണം വഴി എനിക്ക് പകർന്നു തരുന്നത്.
ഇത് അൽപം കൂടി വ്യക്തമാക്കാൻ ഈശോയുടെ ഗദ്‌സമേനി പ്രാർത്ഥന നമ്മെ സഹായിക്കും. മർക്കോ 14:36 ''ആബാപിതാവേ, എല്ലാം അങ്ങേയ്ക്ക് സാധ്യമാണ്; ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റിത്തരണമേ! എന്നാൽ എന്റെ ഹിതമല്ല, അങ്ങയുടെ ഹിതംമാത്രം.''
ഈശോ പ്രാർത്ഥിക്കുന്നത് തന്റെ കുരിശുമരണത്തെക്കുറിച്ച് തന്നെയാണ്. യഥാർത്ഥത്തിൽ ഈ പ്രാർത്ഥനയുടെ പൂർത്തീകരണമാണ് അവന്റെ കുരിശുമരണത്തിൽ യാഥാർത്ഥ്യമാകുന്ന്. പിതാവിന്റെ ഹിതത്തിന് കീഴ് വഴങ്ങി അവൻ കുരിശിൽമരിച്ചു. അതായത് പിതൃഹിതം ഏറ്റവും പരിപൂർണ്ണമായി ഈശോ സ്വന്തം ജീവിതത്തിൽ നടത്തിയെന്ന് സാരം! ദൈവഹിതം നടപ്പിലാക്കാൻ വേണ്ടി അവൻ സ്വന്തം ജീവൻപോലും കുരിശേൽ നഷ്ടപ്പെടുത്തി. സ്വന്തം ജീവൻപോലും അപകടപ്പെടുത്തിക്കൊണ്ട് ദൈവഹിതം നിവൃത്തിക്കുന്നതിലും വലിയ അനുസരണയൊന്നും ഉണ്ടാകാനില്ലല്ലോ. അതിനാൽ, ക്രൂശിതനായ ഈശോയേക്കാൾ വലിയൊരു ദൈവപുത്രൻ ഉണ്ടാകാനില്ല. കാരണം, ഈശോയാണ് ഏറ്റവും പരിപൂർണ്ണമായി ദൈവഹിതം തന്റെ ജീവിതത്തിൽ നടപ്പിലാക്കിയവൻ; ദൈവത്തെ അനുസരിച്ചവൻ.
ഒരുവചനം കൂടെ നമുക്ക് വെളിച്ചം തരുന്നു- മർക്കോ 3:35. അതിന്റെ സന്ദർഭമിതാണ്. ഈശോയുടെ അമ്മയും സഹോദരന്മാരും വന്ന് അവനെ വിളിക്കാനായി ആളയച്ചു. അപ്പോൾ ഈശോ പറഞ്ഞു: ''ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ദൈവത്തിന്റെ ഹിതം ചെയ്യുന്നവരാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'' (3:35).
ദൈവിതം ചെയ്യുന്നവൻ ക്രിസ്തുവിനെ സഹോദരനാക്കുന്നതിന്റെ കാരണമെന്താണ്? കാരണം ദൈവഹിതം അതിന്റെ പരിപൂർണ്ണതയിൽ അനുഷ്ഠിച്ചവൻ ക്രൂശിതനായ ക്രിസ്തുവാണ്. അതിൽപ്പരം പൂർണ്ണമായ ഒരു അനുസരണമുണ്ടാകാനില്ല. അതിനാൽ ദൈവഹിതം തങ്ങളുടെ ജീവിതത്തിൽ അനുവർത്തിക്കുന്നവനൊക്കെ ക്രൂശിതനായ ക്രിസ്തുവിന്റെ സഹോദരനായി മാറുന്നു. അതിലൂടെ ദൈവത്തിന്റെ പുത്രനും പുത്രിയുമായി മാറുന്നു.
ഇത്തന്നെയാണ് ശതാധിപന്റെ വചനത്തിലൂടെ ഇന്ന് വെളിപ്പെടുന്നതും- ''ഈ മനുഷ്യൻ സത്യമായും ദൈവപുത്രനായിരുന്നു.'' ക്രൂശിതൻ ദൈവപുത്രനാണെന്ന ്മാത്രമല്ല, ക്രൂശിതനെ അനുകരിച്ച് ദൈവഹിതാനുസരണം മറ്റുള്ളവർക്കായി ജീവിതം സമർപ്പിക്കുകയാണ് ദൈവപുത്രനാകാനുള്ള വഴിയെന്ന് കൂടിയാണ് ഈ വെളിപാട്. ക്രൂശിതൻ ദൈവപുത്രനാണ്: പോരാ, ദൈവപുത്രനാകാനുള്ള വഴി കുരിശിന്റെ വഴിയാണ്. അതിനാലാണ് കുരിശ് രക്ഷാകരമാകുന്നത്. കാരണം കുരിശ് ഒരുവനെ ദൈവികനാക്കുന്നു; ദൈവപുത്രനാക്കുന്നു.
ചുരുത്തിൽ ദൈവപുത്രനാകാനുള്ള വഴിയാണ് കുരിശിൽ മരിക്കുന്ന ഈശോ എനിക്കിന്ന് കാണിച്ചുതരുന്നത്. അതായത് നിന്റെ പ്രിയപ്പെട്ടവർക്കും നിന്നെ ഏൽപ്പിച്ചവർക്കുമായി നീ സ്വയം കൊടുത്തുകൊണ്ട് ജീവിക്കുമ്പോൾ നീ ദൈവത്തിന്റെ മകനായിത്തീരുന്നു; മകളായിത്തീരുന്നു. അങ്ങനെ നീ മറ്റുള്ളവർക്കായി ജീവിച്ച് മരിച്ചാലും, നീ മരിക്കില്ല. ക്രൂശിതനെപ്പോലെ നീയും ഉയിർക്കും- നിത്യ ജീവിതത്തിലേക്ക്. കാരണം ദൈവപുത്രന് മരണമില്ല.