നാളെ ഉയിർപ്പു ഞായറാഴ്ചയാണ്. കുരിശിൽ മരിച്ചവനായ ഈശോ മരണത്തെ അതിജീവിച്ച് നിത്യജീവനിലേക്ക് പ്രവേശിച്ച ദിനം. ഉത്ഥാനവിവരണങ്ങളിൽ ആരും ശ്രദ്ധിക്കുന്ന കൗതുകകരമായ ഒരു കാര്യമുണ്ട്. ആർക്കാണ് ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന വസ്തുത. മർക്കോസ് 16:9 പറയുന്നു:''ഉയിർത്തെഴുന്നേറ്റശേ ഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു.'' ഇതേ കാര്യം യോഹന്നാൻ വളരെ നാടകീയമായി അവതരിപ്പിക്കുന്നുണ്ട് (യോഹ 20:16).

ഇത് ശ്രദ്ധേയമാണ്. ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിഷ്യപ്രമുഖനായ പത്രോസിനല്ല, ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യനല്ലാ, ധൈര്യശാലിയായ തോമസിനല്ല. എന്തിന്, സ്വന്തം അമ്മയ്ക്ക്‌പോലുമല്ല. മറിച്ച് മഗ്ദലേനമറിയത്തിനാണ്. ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണ്. ഇത് ഏറ്റുപറയുന്ന ആദിമസഭയ്ക് ഇത് ഒരു ഉതപ്പായി തോന്നിയിരുന്നില്ലെന്ന് നാം ഓർക്കണം. മറിച്ച് വലിയൊരു വിശ്വാസരഹസ്യമായിരുന്നു. എങ്കിൽ ഇതിന്റെ പുറകിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൈവിക സന്ദേശം എന്താണ്?

അത് തിരിച്ചറിയണമെങ്കിൽ മഗ്ദലേന മറിയവും ഈശോയും തമ്മിലുള്ള ബന്ധത്തെ നമ്മൾ ധ്യാനവിഷയമാക്കണം. ആരാണീ മഗ്ദലേന മറിയം? അപ്പസ്‌തോലന്മാരോടൊപ്പം ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ലൂക്കാ മഗ്ദലേന മറിയത്തെ വിശേഷിപ്പിക്കുന്നത്- ഏഴു ദുഷ്ടാത്മക്കൾ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയം എന്നാണ് (ലൂക്കാ 8:2). ഇതിനോട് സമാനമായി മർക്കോസ് പറയുന്നത്- മഗ്ദലേന മറിയത്തിൽ നിന്നാണ് ഈശോ ഏഴ് പിചാശുക്കളെ ബഹിഷ്‌ക്കരിച്ചതെന്നാണ് (മർക്കോ 16:9).

മറിയത്തിന്റെ ജീവിതത്തിലെ ഈശോയുടെ നിർണ്ണായകമായ ഇടപെടലിനെയാണ് ഇത് സൂചിപ്പിക്കുന്നത്- ഏഴ് പിശാചുക്കളെ ബഹിഷ്‌ക്കരിച്ചെന്ന്! ഒരു പിശാചുബാധിച്ച വ്യക്തിയുടെ അവസ്ഥ തന്നെ കഷ്ഠമാണ്. അങ്ങനെയെങ്കിൽ ഏഴ് പിശാചുക്കൾ ബാധിച്ച മഗ്ദലേന മറിയത്തിന്റെ അവസ്ഥയോ? കഷ്ടപ്പാടിന്റെയും, ക്ലേശത്തിന്റെയും, തിന്മയുടെയും പടുകുഴിയിൽ നരകിച്ചവളായിരുന്ന മഗ്ദലേനയെന്ന് സാരം. കഷ്ടപ്പാടിന്റെ പടുകുഴിയിൽ നിന്നാണ് ഈശോ അവളെ മോചിപ്പിച്ച് കൊണ്ടുവന്നത്. അതാണ് ഏഴ് പിശാചുക്കളിൽ നിന്ന് മോചിപ്പിച്ചു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇത്രയും വലിയ കെടുതികളിൽ നിന്ന് രക്ഷപ്പെടുത്തപ്പെട്ടവളുടെ പ്രതികരണം എന്തായിരിക്കും? സംശയം വേണ്ട. ഏറ്റവും വലിയ പ്രതിസ്‌നേഹം. അധികം ക്ഷമിക്കപ്പെടുന്നവൻ അധികം സ്‌നേഹിക്കുമെന്ന് ശിമയോനെന്ന ഫരിസേയനോട് ഈശോ പറഞ്ഞത് നാമിവിടെ ഓർക്കണം (ലൂക്കാ 7:47). അധികം ക്ഷമിക്കപ്പെട്ടവളായിരുന്നു മറിയം മഗ്ദലേന; അധികം വിടുതൽ കിട്ടിയവളായിരുന്നു മറിയം മഗ്ദലേന. പോരാ, ഈശോയിൽ നിന്ന് അധികം സ്‌നേഹം സ്വീകരിച്ചവളുമായിരുന്നു അവൾ.

എന്തായിരുന്നു പരിണതഫലം? മഗ്ദലേന മറിയം പതിന്മടങ്ങായി ഈശോയ്ക്ക് ആ സ്‌നേഹം തിരികെ കൊടുത്തു. മഗ്ദനലേന മറിയത്തെയും മറ്റു സ്ത്രീകളെയും കുറിച്ച് പറയുമ്പോൾ മർക്കോസ് കൊടുക്കുന്ന വിശേഷണമിതാണ്- ഗലീലിയിലായിരുന്നപ്പോൾ ഈശോയെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവർ (മർക്കോ 15:41). സമാനമായ സാക്ഷ്യമാണ് ലൂക്കായും തരുന്നത് (ലൂക്കാ 8:1-2).

സുവിശേകനെ സംബന്ധിച്ച് 'അനുഗമിക്കുന്നവൻ' ശിഷ്യനാണ്. അങ്ങനെയെങ്കിൽ മഗ്ദലേന മറിയം ഈശോയുടെ ശിഷ്യഗണത്തിൽ പെടുന്നു എന്നുസാരം. ഈശോയെ അനുഗമിച്ച ശിഷ്യകളിൽ ഒരുവളായിരുന്ന മറിയം മഗ്ദലേന. അതും ഗലീലി മുതൽ. അതായത് ഈശോയുടെ പരസ്യജീവിതത്തിലുടനീളം ഈശോയെ അനുഗമിച്ചവളായിരുന്നു മഗ്ദലേന മറിയം എന്നുസാരം.

അവിടംകൊണ്ടും തീരുന്നില്ല മഗ്ദലേന മറിയത്തിന്റെ സ്‌നേഹത്തിന്റെ തീവ്രതയും തത്ഫലമായിട്ടുള്ള അനുഗമനവും. അവൾ ഈശോയെ ഗലീലിമുതൽ കുരിശുമരണം വരെ അനുഗമിച്ചു. പത്രോസ് തള്ളിപ്പറയുകയും മറ്റുള്ള ശിഷ്യന്മാർ ഓടിപ്പോകുകയും (മർക്കോ 14:50,52) ചെയ്ത സാഹചര്യത്തിൽ കുരിശു മരണം വരെ ഈശോയെ അനുഗമിക്കുന്നവളാണ് മഗ്ദലേന മറിയം (മർക്കോ 15:40;മത്താ 27:56;യോഹ 19:25).

കുരിശുമരണത്തിനുശേഷം ഈശോയെ സംസ്‌ക്കരിക്കുമ്പോഴും മഗ്‌ദേലന മറിയം അവനെ വിട്ടുപോകുന്നില്ല (മർക്കോ 15:47). അവിടംകൊണ്ടും തീരുന്നില്ല. ഈശോയോടുള്ള അവളുടെ സ്‌നേഹം സ്വസ്ഥമായി ഉറങ്ങാൻപോലും അവളെ അനുവദിക്കുന്നില്ല. അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ അവൾ കല്ലറയിങ്കലേക്ക് പോകുന്നെന്നാണ് യോഹന്നാൻ പറയുന്നത് (യോഹ 20:1). ശൂന്യമായ കല്ലറ കണ്ടശേഷം പത്രോസും മറ്റേശിഷ്യനും വീടുകളിലേക്ക് തിരിച്ചുപോയി (യോഹ 20:10). എന്നിട്ടും, കല്ലറ വിട്ടുപോകാൻ മറിയത്തെ അവളുടെ സ്‌നേഹം അനുവദിച്ചില്ല. അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടുനിന്നു (യോഹ 20:11).

മറ്റുള്ളവരൊക്കെ ഉപേക്ഷിച്ചുപോയിട്ടും, ശൂന്യമായ കല്ലറ വിട്ട് വെറും കയ്യോടെ പോകാൻ അവളുടെ സ്‌നേഹം അവളെ അനുവദിച്ചില്ല. അങ്ങനെ സ്‌നേഹത്തിന്റെ നിർബന്ധത്താൽ കല്ലറ വിട്ടുപോകാതെ കരഞ്ഞുകൊണ്ട് നിൽക്കുന്നവൾക്കാണ് ഉത്ഥിതനായ ഈശോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് (യോഹ 20:16).

'മറിയ'മെന്ന വിളിപ്പേര് വിളിച്ചപ്പോഴാണ് അവൾ ഈശോയെ തിരിച്ചറിയുന്നത്. വിളിപ്പേരിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്‌നേഹത്തിന്റെ നിറവിലാണ് അവൾ ഉത്ഥിതനെ തിരിച്ചറിയുന്നതെന്ന് സാരം. തിരിച്ചുള്ള അവളുടെ പ്രത്യുത്തരവും 'റബ്ബോനീ'യെന്ന വിളിപ്പേരാണെന്ന് മറക്കരുത്.

ചുരുക്കത്തിൽ, സ്‌നേഹത്തിന്റെ വഴിയേ നടന്നവളായിരുന്നു മഗ്ദലേന മറിയം. സ്വന്തം ഹൃദയത്തിന്റെ സ്‌നേഹത്തെ അവൾ തിരിച്ചറിഞ്ഞു. അതിനെ അവൾ പിന്തുടർന്നു. ഒരു പ്രതിബന്ധത്തിനും അവളുടെ സ്‌നേഹത്തെ തടസ്സപ്പെടുത്താനായില്ല. ശത്രുക്കളുടെ എണ്ണവും ബലവും അവളുടെ സ്‌നേഹത്തെ തളർത്തിയില്ല. അതുകൊണ്ടാണ് ഈശോയുടെ കുരിശിന്റെ വഴിയിലും കുരിശിൻ ചുവട്ടിലും അവളുടെ സ്‌നേഹം അവളെ കൊണ്ടുചെന്നു നിർത്തിയത്. ഈശോയുടെ കുരിശുമരണത്തിനുപോലും അവളുടെ സ്‌നേഹത്തെ തളർത്താനായില്ല. അവളുടെ സ്‌നേഹത്തിന്റെ നിർബന്ധത്താലാണ് ശൂന്യമായ കല്ലറയ്ക്കു മുമ്പിലും അവൾ കരഞ്ഞുകൊണ്ടുനിന്നത്. കല്ലറ വിട്ട് പോകാൻ സ്‌നേഹം അവളെ അനുവദിച്ചില്ല.

ഖലീൽ ജിബ്രാന്റെ മാസ്റ്റർ പീസാണ് പ്രവാചകൻ. അതിലെ നായകനായ അൽമുസ്തഫ സ്‌നേഹത്തെക്കുറിച്ച് പറയുന്നത് (ഓഡിയോ കേൾക്കുക).

സ്‌നേഹം നിന്നെ മാടിവിളിക്കുമ്പോൾ നീ അനുഗമിക്കുക
അതിന്റെ പാതകൾ കഠിനവും ദുർഗമവുമാണെങ്കിൽപോലും
സ്‌നേഹത്തിന്റെ ചിറകുകൾ നിന്നെ പൊതിയുമ്പോൾ നീ വഴങ്ങിക്കൊടുക്കുക
അതിന്റെ തൂവലുകൾക്കുള്ളിൽ ഒളിപ്പിച്ച വാൾ നിന്നെ മുറിവേൽപ്പിക്കുമെങ്കിലും
കതിൽക്കുലകൾ കണക്കെ സ്‌നേഹം നിന്നെ തന്നിലേക്കണയ്ക്കും
നഗ്നമാക്കാനായി സ്‌നേഹം നിന്നെ കറ്റകണക്കെ മെതിക്കും
അരച്ചുവെളുപ്പിച്ച് മാർദവമാകുവോളം
സ്‌നേഹം നിന്നെ ചവിട്ടിക്കുഴയ്ക്കും,
അനന്തരം തന്റെ ദിവ്യാഗ്നിക്ക് അവൻ
നിന്നെയർപ്പിക്കും ദൈവത്തിന്റെ തിരുവത്താഴത്തിൽ
നിന്നെ നിവേദ്യമായി മാറ്റാൻ...
നീ സ്‌നേഹിക്കുമ്പോൾ ദൈവം നിന്റെ ഹൃദയത്തിലാണെന്നല്ല
മറിച്ച് നീ ദൈവത്തിന്റെ ഹൃദയത്തിലാണെന്നാണ് പറയേണ്ടത്.

അപ്പോൾ ഉത്ഥിതന്റെ ആദ്യ ദർശനം തരുന്ന സന്ദേശമിതാണ്. നിന്റെ ഹൃദയത്തിലെ സ്‌നേഹം നീ തിരിച്ചറിയുക. നിന്റെ ഹൃദയത്തിന്റെ സ്‌നേഹസ്പന്ദനങ്ങളെ നീ പിൻചെല്ലുക. അതിനുവേണ്ടി എന്തു വിലകൊടുക്കേണ്ടിവന്നാലും നീ സ്‌നേഹത്തിൽ നിന്നും പിന്മാറാതിരിക്കുക. എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും നീ നിന്റെ ഹൃദയത്തിന്റെ പ്രണയത്തെ തന്നെ പിൻചെല്ലുക.

അതിന്റെ പരിണതഫലം അത്ഭുതാവഹമായിരിക്കും. നിന്നിലെ ജീവൻ കൂടുതൽ കൂടുതൽ സജീവമാകും. ഹൃദയത്തിലെ സ്‌നേഹത്തെ പിന്തുടരുന്നിടത്തോളം നിന്നിലെ ജീവൻ ഉണർവിലായിരിക്കും. അപ്പോൾ മരണത്തിനുപോലും നിന്നിലെ ജീവനെ ഇല്ലാതാക്കാനാവില്ല. മരണമെന്ന അവസാനത്തെ പ്രതിബന്ധത്തെയും പ്രണയം അതിജീവിക്കും. സ്‌നേഹം നിന്നെ മരണത്തിനപ്പുറത്തുള്ള നിത്യജീവനിലേക്കു നയിക്കും. നിന്റെ ഹൃദയത്തിന്റെ സ്‌നേഹത്തെ പിന്തുടർന്നുകൊണ്ടിരുന്നാൽ നിന്നിലെ ജീവൻ നിത്യജീവനായി പരിണമിക്കും. മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്ന ഉത്ഥിതൻ തരുന്ന ഉറപ്പാണിത്.

വയോധികനായ മനുഷ്യൻ തന്റെ ഒരു ദിവസത്തെ കൂലിയായ ഒരു പൊതിച്ചോറുമായി വീട്ടിലേക്ക് വരുന്ന കഥ (ഓഡിയോ കേൾക്കു)