സിഡ്‌നി: സിഡ്‌നി സിബിഡിയിലൂടെ യാത്ര ചെയ്യുമ്പോൾ  വേഗതയുടെ കാര്യത്തിൽ ഇനി ശ്രദ്ധ ചെലുത്തുക. മണിക്കൂറിൽ 40 കിലോമീറ്റർ ആയി ഇവിടുത്തെ സ്പീഡ് ലിമിറ്റ് നിജപ്പെടുത്തിയിരിക്കുകയാണിപ്പോൾ. രാത്രിയിലും പുലർച്ചെയും കാൽനടയാത്രക്കാർക്ക് ഏറെ അപകടം സൃഷ്ടിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് സിബിഡിയിൽ സ്പീഡ് ലിമിറ്റ് 40 കിലോ മീറ്റർ ആയി ചുരുക്കിയത്.

നിലവിൽ സിബിഡിയിലെ സ്പീഡ് ലിമിറ്റ് 50 കിലോ മീറ്റർ ആയിരുന്നതാണ് കുറച്ചിരിക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ ഇതു പ്രാബല്യത്തിൽ വരും. കിഴക്കൻ സിബിഡിയിൽ  മാക്വറിൻ, കോളേജ് സ്ട്രീറ്റ് എന്നിവയും തെക്ക് സെൻട്രൽ സ്‌റ്റേഷനും ഈ പരിധിയിൽ വരും. സ്പീഡ് ലിമിറ്റ് സൈക്കിൾ യാത്രക്കാർക്കും ബാധകമായിരിക്കും.

വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെയുള്ള സമയത്ത് കാൽനട യാത്രക്കാർക്ക് ഏറെ അപകടങ്ങൾ സംഭവിക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് സ്പീഡ് ലിമിറ്റ് കുറച്ചത്. പകൽ സമയത്തുള്ള തിരക്കിനെ തുടർന്ന് വൈകുന്നേരങ്ങളിൽ വാഹനയാത്രക്കാർ പായുന്നതാണ് മിക്കവാറും അപകടങ്ങൾ ഉണ്ടാക്കുന്നത്. ഇതു ഒഴിവാക്കുന്നതിനാണ് പകൽ സമയത്തും ഇവിടെ 40 കിലോ മീറ്റർ സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തിയത്.

സ്പീഡ് ലിമിറ്റിനെ കുറിച്ച് മോട്ടോറിസ്റ്റുകൾക്കിടയിലുള്ള ആശയക്കുഴപ്പമാണ് കാൽനടയാത്രക്കാരുടെ ഏറ്റവും വലിയ ശത്രുവെന്നാണ് റോഡ്‌സ് മിനിസ്റ്റർ ഡങ്കൻ ഗേ പറയുന്നു. ഒട്ടുമിക്ക അപകടങ്ങളും നടക്കുന്നത് വൈകുന്നേരം ആറിനും പുലർച്ചെ ആറിനും മധ്യേയാണ്. അതേസമയം മണിക്കൂറിൽ 40 കിലോ മീറ്റർ എന്നതിൽ താഴെ സ്പീഡ് ലിമിറ്റ് ആക്കാൻ ഉദ്ദേശമില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സ്പീഡ് ലിമിറ്റ് കുറച്ച ആദ്യമാസത്തിൽ വാഹനഉടമകൾക്ക് ഇളവുകൾ ചെയ്തുകൊടുക്കുന്നുണ്ട്. സ്പീഡ് ലിമിറ്റ് കുറച്ച മേഖലകളിൽ ചുവന്ന ലൈറ്റുകൾ ഘടിപ്പിച്ച് സ്പീഡ് ക്യാമറകളും വയ്ക്കുന്നുണ്ട്.