തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ചുവരെഴുത്തിനുള്ള പ്രധാന്യം വലുതാണ്. ഫേസ്‌ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള നവ മാദ്ധ്യമങ്ങളിൽ പ്രചരണം കൊഴുക്കുമ്പോഴും എല്ലാ സ്ഥാനാർത്ഥികളും ചുവരെഴുത്തിനേയും പ്രാധാന്യത്തോടെ കാണുന്നു. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും പരമ്പരാഗത മാർഗ്ഗം കൈവിടുന്നില്ല. എന്നാൽ എവിടേയും അക്ഷരതെറ്റുകളാണ്. കളിയാക്കി കൊല്ലുകയാണ് സോഷ്യൽ മീഡിയ.

ഇടത്-വലത്-എൻ.ഡി.എ മുന്നണി വ്യത്യാസമില്ലാതെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെ ചുവരെഴുത്തിലും അക്ഷര പിശക് കടന്നു കൂടിയിട്ടുണ്ട്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി.മുരളീധരന്റെ പേര് ചുവരെഴുതിയപ്പോൾ 'മുളീധര'നായി. നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ളയുടെ പേര് ഒരു ചുവരിൽ 'സുന്ദ്രേൻപിള്ള'യാണ്.

തിരുവനന്തപുരത്തെ ഇടതു സ്ഥാനാർത്ഥി ആന്റണി രാജുവിനെ ചുവരെഴുത്തുകാർ ആന്റണിണി രാജുവാക്കി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബിന്റെ പേരും ചുവരെഴുത്തിൽ പിഴച്ചു. 'പി.കെ.അബ്‌റബ്ബാ'ണെന്നാണ് ചുവരിലുള്ളത്.

അബ്ദുറബ്ബിന്റെ ഭരണകാലത്ത് എസ്.എസ്.എൽ.സി. പരീക്ഷ പാസായ ആരെങ്കിലും ചുവരെഴുതിയതാകുമെന്നാണ് സോഷ്യൽ മീഡിയയിലെ തമാശ. അങ്ങനെ സോഷ്യൽ മിഡയയിൽ ചർച്ച കൊഴുക്കുകയാണ്. എന്നാൽ ചുട്ടുപൊള്ളുന്ന വെയിലത്തുള്ള ചുവരെഴുത്താണ് ചെറിയ പിശകുകൾക്ക് കാരണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.