മുംബൈ: ബജറ്റ് എയർലൈൻസായ സ്പൈസ് ജെറ്റ് തങ്ങളുടെ വാർഷികം പ്രമാണിച്ച് യാത്രക്കാർക്ക് 12 രൂപയ്ക്ക് വിമാനത്തിൽ സഞ്ചരിക്കാൻ അവസരമൊരുക്കുന്നു. കമ്പനിയുടെ 12-ാം വാർഷികം പ്രമാണിച്ചാണ് ഇത്തരമൊരു ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റിന്റെ അഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകളിൽ ഈ ഓഫർ ലഭ്യമാണ്.

മെയ് 23 മുതൽ 28 വരെയാണ് ഓഫർ. ടിക്കറ്റ് നിരക്ക് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്സും സർചാർജും യാത്രക്കാരൻ നൽകേണ്ടി വരും. വളരെ കുറച്ച് ടിക്കറ്റുകളാണ് ഈ ഓഫറിൽ ലഭ്യമായിട്ടുള്ളതെന്നും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുമെന്നും സ്പൈസ് ജെറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

എയർലൈൻ രംഗത്തുള്ള കടുത്ത മത്സരം മൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞു വരികയാണ്. യാത്രക്കാരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പല കമ്പനികളും തുച്ഛമായ തുകയ്ക്ക് വിമാനടിക്കറ്റുകൾ നൽകുന്ന സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ആദ്യഘട്ട ഓഫർ എന്ന നിലയിലാണ് സ്‌പൈസ്‌ജെറ്റ് എത്തിയിട്ടുള്ളത്.

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കുന്നതോടെ രാജ്യത്തെ ഇക്കണോമി ക്ലാസ്സിലെ വിമാനയാത്രയ്ക്ക് ചെലവ് കുറയാൻ സാധ്യതയുണ്ട്. നിലവിലെ ആറ് ശതമാനത്തിൽ നിന്ന് ഇക്കണോമി ക്ലാസ്സ് യാത്രയ്ക്കുള്ള നികുതി നിരക്ക് ജിഎസ്ടിയിൽ നാലായി നിജപ്പെടുത്തിയതിനാലാണ് ഇത്.

യാത്രാനിരക്കിലെ കുറവ് മൂലം രാജ്യത്തെ അഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 15.15 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സാധാരണക്കാർക്ക് വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഉഡാൻ എന്ന പേരിൽ ചെലവ് കുറഞ്ഞ വിമാന സർവ്വീസുകൾ വ്യാപകമാക്കി കൊണ്ടിരിക്കുകയാണ്.

അതേസമയം ബിസിനസ് ക്ലാസ്സിലെ വിമാനയാത്രയുടെ ചെലവ് ജിഎസ്ടി വരുന്നതോടെ കാര്യമായി ഉയരുകയും ചെയ്യും. നിലവിലെ ഒൻപത് ശതമാനത്തിൽ നിന്ന് 12 ശതമാനമായി നികുതി ഉയരുന്നതോടെയാണിത്.