കർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ കലാനിധി മാരൻ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു. റദ്ദാക്കിയ വിമാനങ്ങളിൽ യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർ നഷ്ടപരിഹാരത്തിനായി തിക്കിത്തിരക്കുന്നതിനിടെയാണ് കമ്പനി പൂർണമായും പ്രവർത്തനം നിലയ്ക്കുന്ന മട്ടിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ധനം വാങ്ങാൻ പോലും പണമില്ലാതെ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളുടെ മുഴുവൻ യാത്ര മുടങ്ങിയിരുന്നു.

എന്നാൽ, ബുധനാഴ്ച വൈകിട്ട് മൂന്നുകോടി രൂപയുടെ ഇന്ധനം വാങ്ങിയതോടെ വ്യാഴാഴ്ച സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങി. പണം നൽകാതെ ഇന്ധനം നൽകില്ലെന്ന് എണ്ണക്കമ്പനികൾ നിലപാടെടുത്തതോടെയാണ് ബുധനാഴ്ച സർവീസുകൾ മുടങ്ങിയത്. വ്യാഴാഴ്ച മുംബൈ, ജയ്‌പ്പുർ, പോർട്ട്‌ബ്ലെയർ, കൊച്ചി, വാരണാസി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തിയത്.

രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നായ സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പൈസ് ജെറ്റ്. വിമാനക്കമ്പനിയുടെ നഷ്ടം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് മാരന്റെ ആവശ്യം. കോടിക്കണക്കിന് രൂപയുടെ സ്വന്തം സ്വത്തുക്കളിൽ തൊടാതെ, രാജ്യത്തെ നികുതി ദായകരുടെ പണത്തിൽനിന്ന് കടം നൽകണമെന്ന ആവശ്യമാണ് മാരൻ സർക്കാരിന് മുന്നിൽവെക്കുന്നത്.

രാജ്യത്തെ, പ്രത്യേകിച്ച് തെക്കേയിന്ത്യയിലെ ശക്തമായ മാദ്ധ്യമ ഗ്രൂപ്പായ സൺ നെറ്റ്‌വർക്കിന്റെ സ്വാധീനശക്തിയാണ് മാരൻ ഇതിൽ ആയുധമായി ഉപയോഗിക്കുക. ബിജെപിക്ക് ശക്തമായ വേരോട്ടമില്ലാത്ത തെക്കേയിന്ത്യയിൽ, സൺ നെറ്റ്‌വർക്കിന്റെ സമ്മർദം സർക്കാരിന് മറികടക്കുക എളുപ്പമാവില്ല. ഇപ്പോഴത്തെ പ്രതിസന്ധികളിൽനിന്ന് കരകയറാൻ 2000 കോടി രൂപയുടെ സഹായമാണ് സർക്കാരിൽനിന്ന് സ്‌പൈസ് ജെറ്റ് തേടുന്നത്. സമ്മർദ തന്ത്രങ്ങളിൽപ്പെട്ട് നരേന്ദ്ര മോദി സർക്കാർ ഇതിന് തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ കുറച്ചുകൂടി സമയംവേണമെന്ന് സ്‌പൈസ്‌ജെറ്റിന്റെ മാതൃസ്ഥാപനമായ സൺഗ്രൂപ്പിന്റെ ചീഫ് ഫിനാൻസ് ഓഫീസർ എസ്.എൽ.നാരായണൻ പറഞ്ഞു. ബാങ്കുകളിൽനിന്ന് ഇളവുകിട്ടിയാൽ സ്‌പൈസ്‌ജെറ്റിനെ പുനരുജ്ജീവിപ്പിക്കാൻ സൺ ഗ്രൂപ്പ് മേധാവിയായ കലാനിധി മാരൻ തയ്യാറാണ്. വിമാനക്കമ്പനിയിൽനിന്ന് പണംവന്നുതുടങ്ങിയാൽ കടങ്ങൾ വീട്ടുമെന്നും നാരായണൻ പറഞ്ഞു. മൂന്നുവർഷത്തിനിടെ 820 കോടിയോളം രൂപ മാരൻ സ്‌പൈസ്‌ജെറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.