മുംബൈ: ആവേശകരമായ വിന്റർ സെയിൽ ഓഫറുമായി പുതുവർഷത്തെ വരവേൽക്കാൻ സ്‌പൈസ്‌ജെറ്റ്. എല്ലാ ചെലവുകളും ഉൾപ്പെടെ, വെറും 1122 രൂപ മുതൽ ആഭ്യന്തര വൺവേ വിമാന ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾക്ക് ഒരു പ്രാവശ്യം തീർത്തും സൗജന്യമായി യാത്രാ തീയതി മാറ്റാം. മാത്രമല്ല, തുടർന്നുള്ള യാത്രകളിൽ ഉപയോഗിക്കാവുന്ന 500 രൂപയുടെ സൗജന്യ ഫ്‌ളൈറ്റ് വൗച്ചറും ഇതോടൊപ്പം സൗജന്യമായി ലഭിക്കും.

2021 ഡിസംബർ 27 ന് തുടങ്ങി 2021 ഡിസംബർ 31 വരെയാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. 2022 ജനുവരി 15 മുതൽ 2022 ഏപ്രിൽ 15 വരെയുള്ള കാലയളവിലേക്കുള്ള യാത്രകൾ ഓഫറിൻ കീഴിൽ ബുക്ക് ചെയ്യാം. പരിമിതമായ സീറ്റുകളാണ് ഓഫറിനായി മാറ്റിവെച്ചിരിക്കുന്നത് എന്നതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ മാത്രമേ ഓഫർ ലഭ്യമാകൂ.

ഓഫർ ടിക്കറ്റിൽ യാത്രാ തീയതി മാറ്റുമ്പോൾ ചേഞ്ച് ഫീസ് ഇല്ലാതിരിക്കാനായി ഫ്‌ളൈറ്റ് പുറപ്പെടുന്ന തീയതിക്ക് 2 ദിവസം മുമ്പെങ്കിലും ബുക്കിങ് മാറ്റി ചെയ്യണം. അതു കഴിഞ്ഞ് മാറുന്ന ബുക്കിങ്ങുകൾക്ക് സ്റ്റാൻഡേർഡ് നിരക്കുകൾ ബാധകമാകും. ടിക്കറ്റ് നിരക്ക് അപ്പോൾ കൂടുതലാണെങ്കിൽ അധികം വരുന്ന തുക ഉപഭോക്താവ് നൽകണം. രണ്ടാമത്തെ തവണ തീയതി മാറ്റുകയാണെങ്കിൽ, നിബന്ധനകൾ അനുസരിച്ച് ബാധകമായ സ്റ്റാൻഡേർഡ് ചേഞ്ച് ഫീസ് ഈടാക്കും.

500 രൂപയുടെ വൗച്ചർ 2022 ജനുവരി 15 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ ഉപയോഗിക്കണം. 2022 ഫെബ്രുവരി 1 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾക്ക് വൗച്ചർ ഉപയോഗിച്ച് കിട്ടുന്ന തുക ഉപയോഗിക്കാം. ബുക്കിങ് സമയത്ത് ഉപഭോക്താവ് നൽകുന്ന ഇമെയിൽ ഐഡിയിലേക്കായിരിക്കും ഇ-വൗച്ചർ അയയ്ക്കുക. യാത്രാ തീയതിക്ക് 15 ദിവസം മുമ്പ് നടത്തുന്ന ബുക്കിങ്ങുകാർക്ക് മാത്രമേ വൗച്ചർ റെഡീം ചെയ്യാനാകൂ.

സ്പൈസ് ജെറ്റ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റിസർവേഷനുകൾ, എയർപോർട്ട് ടിക്കറ്റിങ് കൗണ്ടർ, ഓൺലൈൻ ട്രാവൽ ഏജന്റുമാർ തുടങ്ങി എല്ലാ ചാനലുകൾ വഴിയും നടത്തുന്ന ബുക്കിംഗുകൾക്ക് ഓഫർ ലഭിക്കും. ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ ബാധകമല്ല.