അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. വർഷത്തിലെ ആദ്യമാസത്തിൽ തന്നെ ഒമ്പതു കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാക്‌സിനേഷൻ അടിയന്തിരമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ആരോഗ്യവകുപ്പിന് കടുത്ത ആശങ്ക ഉളവാക്കുന്ന തരത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നത്. മിക്ക കേസുകളിലും വാക്‌സിനേഷന്റെ അഭാവമാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിട്ടുള്ളതായി ചീഫ് മെഡിക്കൽ ഓഫീസർ പാഡി ഫിലിപ്‌സ് വ്യക്തമാക്കി.

മുണ്ടിനീര് ബാധിച്ചവർക്ക് മഞ്ഞപ്പിത്തവും റുബെല്ലയും വരാൻ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. കാരണം മുണ്ടിനീരിലുള്ള വാക്‌സിനൊപ്പമാണ് മഞ്ഞപ്പിത്തത്തിനും റൂബെല്ലയ്ക്കുമുള്ള വാക്‌സിൽ നൽകുന്നത്. ഇരുപതിനും നാല്പതിനും മധ്യേ പ്രായമുള്ളവരെ ബാധിക്കുന്ന രോഗങ്ങളാണിവ. അതുകൊണ്ടു തന്നെ മുണ്ടനീര് വ്യാപിക്കുന്നു എന്ന വാർത്തയ്‌ക്കൊപ്പം തന്നെ മഞ്ഞപ്പിത്തം, റൂബെല്ല എന്നിവ പടരാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ലെന്ന് പാഡി ഫിലിപ്‌സ് ചൂണ്ടിക്കാട്ടി.

മുണ്ടിനീരിനെക്കാൾ അപകടകാരിയാണ് മഞ്ഞപ്പിത്തവും റൂബെല്ലയും. മഞ്ഞപ്പിത്തം കൂടിയ അവസ്ഥയിൽ മരണത്തിലേക്കു വരെ നയിക്കാമെന്നും റൂബെല്ല ജനതിക ഹൃദയതകരാറുകൾക്കും മറ്റു വൈകല്യങ്ങൾക്കും ഇടയാക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. വാക്‌സിനേഷനുകൾ ഇനിയും എടുക്കാത്തവർ ഉടൻ തന്നെ അവ സ്വീകരിക്കണമെന്നും കുട്ടികൾക്കും സമയാസമയങ്ങളിൽ വാക്‌സിനേഷൻ നൽകാൻ മറക്കരുതെന്നും പ്രഫ. ഫിലിപ്‌സ് ഓർമിപ്പിച്ചു.

ഈ രോഗങ്ങൾക്കെതിരേ വാക്‌സിനേഷനുകൾ നിലവിലുള്ളതിനാൽ അവ ഇത്ര വ്യാപകമാകുന്നത് അസാധാരണമാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ തന്നെ 15 കേസുകളാണ് മുണ്ടിനീരുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശ്വാസകോശ സംബന്ധിയായ മുണ്ടനീര് വരുമ്പോൾ ചെവിക്കു താഴെയുള്ള ഗ്രന്ഥികൾക്കു വീക്കമുണ്ടാകുകയും ചുമ, തുമ്മൽ എന്നിവയിലൂടെ ഇവ പകരുകയും ചെയ്യും.