കോഴിക്കോട്: മലയമ്മയിൽ ഇന്നലെ രണ്ടു പേരുടെ ജീവനെടുത്ത സ്പിരിറ്റ് ദുരന്തത്തിന് കാരണമായത് മദ്യാസക്തിയും അജ്ഞതയുമെന്ന് പ്രദേശവാസികൾ. സാധാരണക്കാരായ തൊഴിലാളികളുടെ ജീവനെടുത്തതിന് കാരണമായി ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത് അജ്ഞത തന്നെയാണ്. സ്പിരിറ്റ് കഴിച്ചാലുണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് മലയമ്മ എ കെ ജി കോളനിയിലെ ദുരന്തത്തിനിടയാക്കിയത്.

ആശുപത്രിയിൽ ഉപയോഗിക്കുന്ന മെഡിസോൾ എന്ന പേരിലുള്ള മെഥിലേറ്റഡ് സ്പിരിറ്റ് അടങ്ങിയ ദ്രാവകമാണ് ബാലനും സന്ദീപും അടങ്ങുന്ന സംഘം കഴിച്ചത്. ആശുപത്രിയിൽ നിന്നും എടുത്തതിനാൽ ഇതിൽ വിഷാംശമുണ്ടാവില്ല എന്ന ധാരണയായിരുന്നു ഇവർക്കെന്ന് കോളനി നിവാസികൾ പറയുന്നു. ആശുപത്രിയിൽ നിന്നും ലഭിച്ച സ്പിരിറ്റിൽ വിഷാംശമുണ്ടാവില്ലെന്നും ഇത് കഴിച്ചാൽ മരിക്കില്ലെന്നുമുള്ള ധാരണയിലാണ് സംഘം മെഥിലേറ്റഡ് സ്പിരിറ്റ് കഴിച്ചതെന്നാണ് നാട്ടുകാരും സംശയിക്കുന്നത്. മെഥിലേറ്റഡ് സ്പിരിറ്റ് മാത്രമല്ല, പ്രദേശത്തെ വ്യാജമദ്യത്തെയും ഇവർക്ക് പൂർണ വിശ്വാസമാണ്. കോളനിക്ക് സമീപം നേരത്തെ നിരവധി വ്യാജമദ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ സാധാരക്കാരായ തൊഴിലാളികൾ മദ്യപിക്കാനെത്തുന്നതും പതിവായിരുന്നു.

ലഹരിക്കായി വ്യാജമദ്യം കഴിക്കാൻ ഉൾനാടൻ പ്രദേശത്തെ സാധാരണക്കാർക്ക് ഒരു പേടിയില്ലെന്നതും ഗൗരവമർഹിക്കുന്ന വിഷയമാണ്. കുന്ദമംഗലം, താമരശ്ശേരി ബീവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് വൻ തോതിൽ വ്യാജമദ്യം ഒഴികിയിരുന്നു. സാധാരക്കാരുടെ അവസ്ഥ മുതലെടുത്ത് വ്യാജമദ്യ ലോബി പ്രദേശം കയ്യടക്കിയിരുന്നെങ്കിലും എക്സൈസ് സംഘം ഇവരെ ഇവിടെ നിന്നും തുരത്തുകയായിരുന്നു. എന്നാൽ മദ്യത്തിന് അടിമപ്പെട്ട പ്രദേശവാസികൾ ലഹരിക്കായി എന്തും ഉപയോഗിക്കാമെന്ന തരത്തിലേക്ക് മാറുകയായിരുന്നുവെന്ന് മലയമ്മയിലെ സ്ത്രീകൾ പറയുന്നു. ഈ സ്ഥിതി മുതലെടുത്താണ് എൻ ഐ ടിക്ക് സമീപം പുതിയ ബാർ തുറന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ബാർ തുറന്നതോടെ മലയമ്മ, എൻ ഐ ടി,ചാത്തമംഗലം പ്രദേശത്തുള്ളവർ വീണ്ടും കടുത്ത മദ്യപാനത്തിലേക്ക് നീങ്ങിയതായും സ്ത്രീകൾ പറയുന്നു.

പുരുഷന്മാർ രാവിലെ തന്നെ ബാറിലെത്തി മദ്യപിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് ബാറിലെ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് പലരും മറ്റു വ്യാജമദ്യങ്ങളിൽ വീണ്ടും അഭയം തേടാൻ തുടങ്ങിയതെന്നും ഇവർ പറയുന്നു. മദ്യത്തിന് അടിമപ്പെട്ടവർ ലഹരിക്കായി എന്തും കഴിക്കാമെന്ന സ്ഥിതിയിലേക്ക് എത്തിയതിന്റെ ഫലമാണ് ഇന്നലെയുണ്ടായ ദുരന്തമെന്നും മലയമ്മയിലെ സ്ത്രീകൾ പറയുന്നു. മദ്യ ലഭ്യത കുറഞ്ഞാൽ വ്യാജൻ ഒഴുകുമെന്നും മദ്യ ദുരന്തമുണ്ടാകുമെന്നും പറഞ്ഞാണ് ഇടത് സർക്കാർ യു ഡി എഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളെല്ലാം തുറന്നത്. മദ്യവർജ്ജനമാണ് ലക്ഷ്യമെന്നു പറഞ്ഞാണ് പിണറായി സർക്കാർ കൂടുതൽ ബാറുകൾക്ക് അനുമതിയും നൽകിയത്. എന്നാൽ ബാറുകൾ കൂടുതലായി തുറന്നിട്ടും മദ്യാസക്തി കുറക്കാനോ ഫലപ്രദമായ ഇടപെടൽ നടത്താനോ സർക്കാറിനായില്ലെന്നതാണ് ദുരന്തം തെളിയിക്കുന്നത്.

മിനറൽ വാട്ടറിന്റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവർ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം കോളനിയിലെ ഒരു കിണറിൽ ചാടിയ പൂച്ചയെ ബാലനടക്കമുള്ളവർ പുറത്തെടുത്ത് കിണർ വൃത്തിയാക്കിയിരുന്നു. ഇതിന്റെ സന്തോഷം പങ്കിടുന്നതിനായാണ് ഒന്നിച്ചിരുന്ന് സ്പിരിറ്റ് കഴിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് ആണ് സ്പിരിറ്റ് കൊണ്ടുവന്നത്. ആദ്യംസന്ദീപും മറ്റൊരാളും കിണറിന് സമീപത്തു നിന്നും തുടർന്ന് നാല് പേർ വ്യാഴാഴ്ച രാത്രിയിലും സ്പിരിറ്റ് കഴിക്കുകയായിരുന്നു. കിണറിന് സമീപത്ത് നിന്ന് വെള്ളം ചേർത്ത് കഴിച്ചതിനാൽ കാര്യമായൊന്നും സംഭവിച്ചിരുന്നില്ല. രാത്രി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്പിരിറ്റ് ഉപയോഗിച്ചതായി പറയുന്ന സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കുപ്പിയിലെ ബാക്കിയുള്ള സ്പിരിറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ മഹേഷ് കുമാർ സിങ്ല, ഡെപ്യൂട്ടി കമ്മിഷണർ ജയദേവ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും അഡ്വ. പി ടി എ റഹീം എംഎ‍ൽഎയും സ്ഥലം സന്ദർശിച്ചു.

അതിനിടെ, ആശുപത്രികളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ സർകാരിനെതിരെ തിരിയുന്നത് ശരിയല്ലന്ന് പി ടി എ റഹീം എംഎ‍ൽഎ. പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ളതായ മദ്യഷോപ്പുകളിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചല്ല ഇവർ മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരൻ അവിടെ നിന്ന് കൊണ്ടുവന്ന സ്പിരിറ്റാണ് അവർ കഴിച്ചത്. ഇതിൽ സർക്കാരിനും എക്സൈസ് പൊലീസ് വകുപ്പുകൾക്കും ഒന്നും ചെയ്യാനാവില്ലന്നും എംഎ‍ൽഎ. അവകാശപ്പെട്ടു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സെസ് ഡിപ്പാർട്ടുമെന്റുമായും പൊലീസ് ഡിപ്പാർട്ടുമെന്റുമായും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ്.ബീന പറഞ്ഞു. മലയമ്മയിലേത് മദ്യദുരന്തമായി കാണേണ്ടതില്ലന്ന് ജില്ലാ കലക്ടർ യു വി ജോസ് പറഞ്ഞു. ആശുപത്രിയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണം. ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. അതേസമയം മെഡിസോൾ എന്ന് ബ്രാന്റ് നെയിമുള്ള മീഥേൽ ആൽക്കഹോൾ വെള്ളത്തിൽ കലർത്തി കഴിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് അഭിപ്രായപ്പെട്ടു.

സ്പിരിറ്റ് കഴിച്ച് കോഴിക്കോട് ചാത്തമംഗലം എൻ ഐ ടിക്ക് അടുത്ത് മലയമ്മ എ കെ ജി കോളനിയിലെ ബാലൻ (54), കാക്കൂർ പി സി പാലം ചെമ്പ്രാൽമീത്തൽ സന്ദീപ് (38) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ നാല് പേർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എ കെ ജെ കോളനിയിലെ ചെക്കുട്ടി (65), വേലായുധൻ (65), സുരേഷ് (45), ഹരിദാസൻ (48), വിനോദ് (38) എന്നിവരാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽചികിത്സയിലുള്ളത്. ഇതിൽ ചെക്കുട്ടിയുടെ നില ഗുരുതരമാണെന്നും പരിശോധനക്ക് വിധേയമാക്കിയ മറ്റുള്ളവരുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞു.

ആശുപത്രിയിൽ അണുനശീകരണത്തിനും ശുചീകരണത്തിനുമായി ഉപയോഗിക്കുന്ന മെഡിസോൾ ദ്രാവകം സന്ദീപ് കൊണ്ടുവന്ന്, കിണർ വൃത്തിയാക്കാൻ എത്തിയ സുഹൃത്തുക്കൾക്കൊപ്പം കഴിച്ചാതാകമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഡീഷണൽ എക്സൈസ് (എൻഫോഴ്സ്മെന്റ്) കമ്മിഷണർ എ വിജയൻ പറഞ്ഞു. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫറോക്കിലെ ആശുപത്രിയിലെത്തി 20 ലിറ്റർ മെഡിസോൾ കസ്റ്റഡിയിലെടുത്തു.

സംഘത്തിലെ ചിലർ മെഡിസോൾ സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കഴിച്ചപ്പോൾ ചിലർ നേരിട്ട് കഴിച്ചതായും റിപ്പോർട്ടുണ്ട്. ഇത് കഴിച്ച ഉടൻ ബാലനും സന്ദീപിനും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇതിൽ ബാലൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. ഇവർ രണ്ട് പേരും ആശുപത്രിയിൽ എത്തിയതറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് മറ്റുള്ളവരെ അവശനിലയിൽ കണ്ടെത്തിയത്. ഇവരെ പിന്നീട് പൊലീസ് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.