കൊച്ചി: 'സ്പിരിറ്റ് ഇൻ ജീസസ്' പ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചു. സ്പിരിറ്റ് ഇൻ ജീസസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കെതിരെ സഭാപരമായ ശിക്ഷാനടപടികളുണ്ടാകും. രൂപതാ കോടതികൾക്ക് അക്കാര്യം തീരുമാനിക്കാം.

പള്ളിയോട് ചേർന്ന് നിന്ന് വിശ്വാസികളെ സഭയിൽ നിന്നകറ്റി, അന്യമത വിദ്വേഷം പ്രചരിപ്പിച്ചു എന്നീ ആരോപണങ്ങളുമായാണ് നിരോധനം. ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ 1989ൽ ആരംഭിച്ച പ്രാർത്ഥനാക്കൂട്ടായ്മ പിറ്റേവർഷം മുതൽ സ്പിരിറ്റ് ഇൻ ജീസസ്. ധ്യാനയോഗങ്ങളും ആരംഭിച്ചു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ രാജ്യാന്തര കേന്ദ്രം തുറന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ താനെയ്ക്കടുത്തു വസായിയിലെ ദേശീയ കേന്ദ്രം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഖലാ കേന്ദ്രങ്ങളുമുണ്ട്. ഈ സംഘടനയ്ക്കാണ് നിരോധനം വരുന്നത്.

'സ്പിരിറ്റ് ഇൻ ജീസസ്' പ്രസ്ഥാനത്തെക്കുറിച്ചു വ്യക്തമായ നിലപാടെടുക്കാൻ വിവിധ കാരണങ്ങളാൽ സഭ നിർബന്ധിതമായി എന്നു കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ, ഉപാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ചേർന്നു പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. തുടക്കത്തിൽ സഭയോടു ചേർന്നു പ്രവർത്തിച്ചെങ്കിലും പിന്നീടു വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും യോജിക്കാത്ത പ്രബോധനങ്ങൾ സ്പിരിറ്റ് ഇൻ ജീസസിൽ നിന്നുണ്ടായി. സിറോ മലബാർ സഭയുടെ മെത്രാൻ സമിതി അനുനയ ചർച്ചയ്ക്കു ശ്രമിച്ചു.

സ്പിരിറ്റ് ഇൻ ജീസസ് നേതാക്കളുമായി കെസിബിസി ദൈശാസ്ത്ര കമ്മിഷൻ ചർച്ച നടത്തി. തുടർന്നുണ്ടായ ധാരണയനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനും പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനുമായി നിരീക്ഷകനെ നിയമിച്ചു. എന്നാൽ സ്പിരിറ്റ് ഇൻ ജീസസിന്റെ അധ്യയന രീതിയിൽ മാറ്റമുണ്ടായില്ല. വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ കെസിബിസി ദൈവശാസ്ത്ര കമ്മിഷൻ കത്തു നൽകി. എന്നാൽ, തെറ്റിദ്ധാരണകൾ പരത്താനാണു സ്പിരിറ്റ് ഇൻ ജീസസിന്റെ നേതാക്കൾ ശ്രമിച്ചത്. സഭയോടും പ്രബോധനങ്ങളോടും ചേർന്നുപോകാൻ അവർ വിമുഖരാണെന്നു വ്യക്തമായതിനാലാണ് ഇപ്പോൾ നടപടിയെടുക്കുന്നതെന്നും കെസിബിസി സർക്കുലറിൽ പറയുന്നു.

മരണശേഷവും മാനസാന്തരമുണ്ടെന്ന വാദം, പൂർവപിതാക്കന്മാരുടെ പാപത്തിന്റെ ഫലം പിൻതലമുറകൾ അനുഭവിക്കുമെന്നു പഠിപ്പിക്കുന്നത്, മറ്റു മതവിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള അനാദരം, വേദപുസ്തകത്തെ വാച്യാർഥത്തിൽ വ്യാഖ്യാനിക്കുന്ന പ്രവണത തുടങ്ങിയവ ജീസസ് ഇൻ സ്പിരിറ്റിനെതിരെ ആരോപിക്കുന്ന കുറ്റങ്ങളാണ്. അന്തിമവിധി, സ്വർഗം, നരകം തുടങ്ങിയ കാര്യങ്ങളിൽ സഭയുടെ നിലപാടിനെതിരാണു സ്പിരിറ്റ് ഇൻ ജീസസ്.

അവരുടെ ഉപദേശങ്ങളിൽ വിശ്വാസികൾക്കു വഴിതെറ്റാനും വിശ്വാസവൈപരീത്യങ്ങളിൽ ചെന്നുപെടാനും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പു നൽകേണ്ട ബാധ്യത കെസിബിസിക്കുണ്ട്. ആരെങ്കിലും വിശ്വാസത്തിൽനിന്നു മാറിനടന്നിട്ടുണ്ടെങ്കിൽ തെറ്റുതിരുത്തി സത്യവിശ്വാസത്തിലേക്കു വരണമെന്നും സർക്കുലർ അഭ്യർത്ഥിക്കുന്നു.