ലഖ്നൗ: ചിപ്പ് ഉപയോഗിച്ച് അളവിൽ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് ഗവൺമെന്റ് പരിശോധന തുടരുന്നതിൽ പ്രതിഷേധിച്ച് ലഖ്നൗവിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടു.

തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ ലഖ്നൗ പെട്രോളിയം പ്രൊഡക്ട് ഡീലേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്യുകയായിരുന്നു. പമ്പുകളിൽ പരിശോധന തുടർന്നാൽ സമരം സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കത്തിലാണ് അസോസിയേഷൻ.

റെയ്ഡ് താൽക്കാലം നിർത്തിവെക്കണമെന്നും കൃത്രിമം നടത്തുന്നവർക്ക് തിരുത്താൻ അവസരം നൽകണമെന്നും ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സുധീർ ബോറ ആവശ്യപ്പെട്ടു. ഡീലർമാർ സമരം ചെയ്യുകയല്ല. പമ്പുകളിലെ തൊഴിലാളികൾ പേടി മൂലം ജോലിക്കു വരാൻ തയ്യാറാകുന്നില്ല. ഇതുമൂലം പമ്പുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സുധീർ പറഞ്ഞു.

എന്നാൽ തട്ടിപ്പ് തടയാൻ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. പെട്രോൾ പമ്പുകൾ അടച്ചിട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ആകെ 152 പമ്പുകളുള്ള ലഖ്നൗവിൽ പെട്രോളിയം കമ്പനികളുടെ ഉടമസ്ഥതയിലുള്ള നാല് പമ്പുകളും ഏതാനും സ്വകാര്യ പമ്പുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ പമ്പുകളിലെല്ലാം തിരക്കാണ് ഇന്നലെ മുതൽ അനുഭവപ്പെടുന്നത്.

യുപിയിൽ ചിപ്പ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിൽ തട്ടിപ്പ് നടത്തിയ ആറ് പെട്രോൾ പമ്പുകൾ പൂട്ടുകയും മുപ്പതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെട്രോൾ അടിക്കുന്ന യന്ത്രങ്ങളിൽ ചിപ്പ് ഘടിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പമ്പുകൾ വ്യാപകമായി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

15 ശതമാനം വരെ ഇന്ധനം കുറവാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്നാണ് വ്യാപക സർക്കാർ പരിശോധന നടത്തുന്നത്.