തിരുവനന്തപുരം: കേരളത്തിലെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനാണ് 1954 ൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ചത്. കേണൽ ഗോദവർമ്മ രാജയുടെ നേതൃത്വം അതിന് കരുത്തുമായി. എന്നാൽ ഇന്ന് അത് വെള്ളാനയാണ്. ഭരണത്തിൽ ഇരിക്കുന്നവർക്ക് കട്ട് മുടിക്കാനുള്ള സ്ഥാപനം. ദേശീയ ഗെയിംസിൽ കായിക മേഖലയിലെ പല അഴിമതികളും കെടുകാര്യസ്ഥതയും ചർച്ചയായിരുന്നു. എന്നാൽ സ്പോർട്സ് കൗൺസിന്റെ നാഥിനില്ലാ അവസ്ഥയാണ് അഞ്ജു ബോബി ജോർജുമായി ബന്ധപ്പെട്ട വിവാദങ്ങൾ വ്യക്തമാക്കുന്നത്. എന്തും നടക്കുമെന്ന അവസ്ഥ.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റ അഞ്ജു ബോബി ജോർജ് ഇതുവരെ കൗൺസിൽ ഓഫീസിലെത്തിയത് നാലേ നാലു തവണയാണ്. കൗൺസിലിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കപ്പുറം കായിക വികസനത്തിനുതകുന്ന പുതിയ പദ്ധതികളൊന്നും ഏഴു മാസത്തിനിടെ നടപ്പാക്കിയതുമില്ല. ഇത്തരമൊരു സ്ഥാപനത്തിന്റെ ലക്ഷ്യം തന്നെ തെറ്റുന്നു. യാത്രകൾ മാത്രമാണ് നടക്കുന്നത്. പ്രിസഡന്റിന്റേയും മറ്റ് ഭാരവാഹികളുടേയും എല്ലാ ചെലവുകളും നടക്കുകയും ചെയ്യും. ഇത് ഉറപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

അഞ്ജു ബോബി ജോർജ് ഒരു തരത്തിലും സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിലായിരുന്നു കൗൺസിൽ യോഗങ്ങൾ. ഇങ്ങനെയെടുക്കുന്ന തീരുമാനങ്ങൾ അഞ്ജു ബോബി ജോർജ് കൗൺസിൽ ആസ്ഥാനത്ത് എത്തുമ്പോൾ ഒപ്പിട്ട് അംഗീകരിക്കും. വിവാദ സ്ഥലംമാറ്റ തീരുമാനങ്ങളടക്കം എടുത്തത് വൈസ്പ്രസിഡന്റ് അധ്യക്ഷനായ ബോർഡ് യോഗങ്ങളാണ്.

2015 നവംബർ 27 നാണ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റത്. ബംഗളുരുവിൽ താമസിക്കുന്ന അഞ്ജു ചുമതല ഏറ്റെടുക്കാനെത്തിയ ശേഷം രണ്ടാമതെത്തിയത് കൗൺസിലിനു കീഴിലെ ഹോസ്റ്റലുകൾ സന്ദർശിക്കാനായിരുന്നു. ഇതിന് 56,000 രൂപ എഴുതിയെടുത്തെന്നാണ് കൗൺസിലിലെ കണക്ക്. മനോരമയുടെ പരിപാടിക്കാണ് മൂന്നാം തവണ എത്തിയത്. പിന്നീട് കഴിഞ്ഞ മാസം കൗൺസിൽ ഓഫീസിലുമെത്തി. എത്ര രൂപ വിമാന ചാർജിനത്തിൽ കൈപ്പറ്റിയെന്നതിനു വ്യക്തമായ കണക്കുകൾ ഇല്ല.

ദേശീയ ഗെയിംസിന്റെ അഴിമതി ആരോപണങ്ങളിൽപ്പെട്ട് സർക്കാർ വലഞ്ഞപ്പോഴാണ് ഏവർക്കും സ്വീകാര്യയായ കായികതാരം എന്ന നിലയിൽ അഞ്ജു ബോബി ജോർജിനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ അത് വെറും തട്ടിപ്പായിരുന്നു. അഞ്ജു പറഞ്ഞ എല്ലാ വ്യവസ്ഥകളും മുൻസർക്കാർ അംഗീകരിച്ചു. ദിവസവും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാകില്ലെന്നതായിരുന്നു ഇതിലൊന്ന്. ഇതിലൂടെ അഞ്ജുവിനെ മറയാക്കി തട്ടിപ്പുകൾ നടത്താനുമായി.

വിവിധ കായിക ഇനങ്ങളിലെ 32 അസോസിയേഷനുകളാണ് കൗൺസിലിന്റെ കീഴിലുള്ളത്. ഇവർക്കു ഫണ്ട് വീതിച്ചു നൽകുന്നതു മാത്രമാണ് കൗൺസിൽ ഇപ്പോൾ ചെയ്യുന്നത്. ഇതിനുപുറമെ സ്പോർട്സ് ഹോസ്റ്റലുകളും നടത്തുന്നുണ്ട്. രാഷ്ട്രീയക്കാർ മാറി കായികതാരങ്ങൾ തലപ്പത്തു വന്നിട്ടും കായിക രംഗത്തെ പരിപോഷിപ്പിക്കുന്ന ഒരു പദ്ധതി പോലും കൊണ്ടുവന്നില്ല. യുഡിഎഫ് സർക്കാരിന്റെ അഞ്ച് കൊല്ലവും കായികതാരങ്ങളുടെ കൈയിലായിരുന്നു സ്പോർട്സ് കൗൺസിൽ.