തിരുവനന്തപുരം: കേരളം കണ്ട് വലിയ അഴിമതിയയാണ് സ്പോർട്സ് ലോട്ടറിയെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് വിശേഷിപ്പിച്ചത്. വി എസ്.അച്യുതാനന്ദൻ നയിച്ച ഇടതുസർക്കാരിന്റെ കാലത്തു സംസ്ഥാനത്തെ കായിക രംഗത്തിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച സ്പോർട്സ് ലോട്ടറിയുടെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അഞ്ജു ആരോപിച്ചു. ഇത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് ആവശ്യം. സ്പോർട്സ് ലോട്ടറിയിൽ കേരളാ സ്പോർട്സ് കൗൺസിന് നഷ്ടമുണ്ടായെന്ന അഞ്ജുവിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് അന്നത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടും.

സ്പോർട്സ് ലോട്ടറിയിൽനിന്ന് ഒരു രൂപ പോലും കായിക വികസനത്തിനു വിനിയോഗിക്കാൻ ലഭിച്ചിട്ടില്ലെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വൻ ബാധ്യതയാണ് സ്പോർട്സ് കൗൺസിലിനു വരുത്തിയതെന്നുമാണ് ഓഡിറ്റ് കണ്ടെത്തൽ. ഇതേക്കുറിച്ചു വിജിലൻസ് അന്വേഷണത്തിന് ഓഡിറ്റ് വിഭാഗം അന്നുതന്നെ ശുപാർശ ചെയ്തിരുന്നെങ്കിലും ഈ ഫയൽ ഒന്നാകെ പൂഴ്‌ത്തുകയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്തും ആരും ലോട്ടറി നടത്തിപ്പിനെക്കുറിച്ച് അന്വേഷിച്ചില്ല. അഞ്ജുവിന്റെ വെളിപ്പെടുത്തലോടെ ഇത് വീണ്ടും ചർച്ചയായി. അഞ്ജു ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങളുടെ സഹായത്തോടെയായിരുന്നു സ്പോർട്സ് ലോട്ടറിയുടെ പ്രചാരണം നടത്തിയത്. ഗുരുതര ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലുമുള്ളത്.

സ്പോർട്സ് കൗൺസിൽ മുഖേന 12,13,360 ടിക്കറ്റുകളാണു വിറ്റത്. ഇതിന്റെ മുഖവിലയായി 12,13,36,000 രൂപ ലഭിക്കേണ്ട സ്ഥാനത്ത് ആകെ 9,89,86,413 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് ഓഡിറ്റ് നിരീക്ഷണം. ലോട്ടറി നടത്തിപ്പു കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും 2,23,49,587 രൂപ സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ടതായിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കൗൺസിൽ വാങ്ങിയ ടിക്കറ്റുകൾ, ആർക്കൊക്കെ വിറ്റഴിച്ചെന്നോ, അവരിൽനിന്ന് എത്ര പണം കിട്ടിയെന്നോ, ഇനി എത്ര കിട്ടാനുണ്ടെന്നോ ഒരു രേഖയും കൗൺസിലിൽ ഇല്ല. വിൽക്കാതെ ശേഷിച്ച ഒരു ടിക്കറ്റു പോലും കൗൺസിലിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റുകൾ ശേഷിച്ചിട്ടുണ്ടെങ്കിൽ, അവയിൽ എന്തെങ്കിലും സമ്മാനം കിട്ടിയിട്ടുണ്ടോ എന്നും പരിശോധിച്ചിട്ടില്ല. കുറഞ്ഞ സമ്മാനമായ നൂറു രൂപ പോലും കൗൺസിലിനു ലഭിച്ചില്ല എന്നതു സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ലെന്നാണ് ഓഡിറ്റ് നിരീക്ഷണം.

സ്പോർട്സ് ലോട്ടറി ഗൾഫിൽ വിൽക്കാൻ കൗൺസിൽ അന്ന് ചുമതലപ്പെടുത്തിയ ആൾ മൂന്നുവർഷത്തിനു ശേഷവും അജ്ഞാതനാണ്. 75440 രൂപയുടെ വിമാനടിക്കറ്റു നൽകിയാണ് പി.പി.ഖാലിദ് എന്ന വ്യക്തിയെ ഗൾഫിലെ വിൽപ്പനയ്ക്കു സ്പോർട്സ് കൗൺസിൽ ചുമതലപ്പെടുത്തിയത്. ഇയാൾക്ക് എത്ര ടിക്കറ്റു നൽകിയെന്നോ, എത്ര വിറ്റുവെന്നോ, കൗൺസിലിന് എത്ര പണം കിട്ടിയെന്നോ ഉള്ള രേഖകളൊന്നും ലഭ്യമല്ല. കേരള ഭാഗ്യക്കുറി അന്യസംസ്ഥാനത്തു വിറ്റഴിക്കാൻതന്നെ നിയന്ത്രണം ഉള്ളപ്പോഴാണ് അന്യരാജ്യത്ത് ലോട്ടറി വിൽക്കാൻ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയത്. ഇയാൾ ആരാണെന്നോ, ഇയാളെ വിൽപ്പനയ്ക്കു ചുമതലപ്പെടുത്തിയതിന്റെ വിവരങ്ങളോ സാംഗത്യമോ തെളിയിക്കുന്ന ഒരു രേഖയും ഫയലിൽ ഇല്ല.

ഖാലിദിനു കമ്മിഷനായി 4,24,560 രൂപയുടെ ചെക്ക് നൽകിയിട്ടുണ്ട്. ഇത്രയും തുക കമ്മിഷൻ നൽകണമെങ്കിൽ ഇയാൾ 21228 ടിക്കറ്റു വാങ്ങിയിരിക്കേണ്ടതാണ്. പക്ഷേ, അതിന്റെ വിലയായി 21,22,000 രൂപ കൗൺസിലിൽ ഒടുക്കിയതിന്റെ രേഖകളൊന്നുമില്ല. സ്വകാര്യ വ്യക്തിയെ കൗൺസിൽ ചെലവിൽ വിദേശത്ത് അയച്ചതു തന്നെ ക്രമക്കേടാണെന്നു റിപ്പോർട്ടിൽ പറയുന്നു. വൻതോതിൽ സ്വജനപക്ഷപാതം നടന്നുവെന്ന് വ്യക്തമാകുന്നതാണ് ഗൾഫിലെ ഈ ഇടപാട്. മുൻ കൗൺസിൽ പ്രസിഡന്റ് ടിപി ദാസന് നേരെയാണ് ആരോപണങ്ങൾ ഉയരുന്നത്. അതിനിടെയിലും ദാസനെ തന്നെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് നിയോഗിക്കാൻ ഇടത് സർക്കാർ നീക്കവും സജീവമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീന്തൽക്കുളങ്ങളും ഗ്രൗണ്ടുകളും നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തൽ ലക്ഷ്യമാക്കി നടത്തിയ ലോട്ടറി പക്ഷേ, സ്പോർട്സ് കൗൺസിലിനെ ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതയിലേക്കാണു തള്ളിവിട്ടത്. അന്നത്തെ ഭാരവാഹികൾക്കും കൗൺസിലിന്റെ ചില തീരുമാനങ്ങൾക്കുമെതിരെ ഗുരുതര പരാമർശങ്ങളാണു ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയിരുന്നത്. ഇതിനു കൃത്യമായ മറുപടി സ്പോർട്സ് കൗൺസിൽ നൽകിയതുമില്ല. ഓഡിറ്റിലെ കണ്ടെത്തലുകൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നാണ് അന്ന് പ്രസിഡന്റായിരുന്ന ടി.പി.ദാസന്റെ നിലപാട്. ഒൻപതു കോടി രൂപ സർക്കാരിനു ലോട്ടറിയിലൂടെ ലാഭം കിട്ടിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ് ഒന്നരക്കോടിയോളം പിരിഞ്ഞു കിട്ടാനുണ്ടായിരുന്നതെന്നും ടി.പി.ദാസൻ പറയുന്നു.

ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിൽനിന്നു തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്തിരുന്നു എന്ന് ദാസൻ പറയുന്നുണ്ടെങ്കിലും അത്തരത്തിൽ വകമാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ കണക്കുകളും സ്പോർട്സ് കൗൺസിൽ വഴി വിറ്റഴിച്ച 12.13 ലക്ഷം ടിക്കറ്റുകളുടെ കണക്കും കൂട്ടിക്കുഴച്ചാണ് ഓഡിറ്റ് വിഭാഗത്തിന് അന്നു മറുപടി നൽകിയിരുന്നതെന്നാണു സ്പോർട്സ് കൗൺസിലിനുള്ളിൽനിന്നുതന്നെ ലഭിച്ച സൂചന.

ഒന്നാം സമ്മാനം ഇപ്പോഴും ബാങ്കിൽ

സ്പോർട്സ് ലോട്ടറി ക്രമക്കേടുകളെക്കുറിച്ച് ആരോപണം ഉയരുമ്പോൾ, ഒന്നാം സമ്മാനമായ രണ്ട് കോടി രൂപ ലഭിച്ച ഓങ്ങല്ലൂർ പഞ്ചായത്തിനു തർക്കംമൂലം സമ്മാനത്തുക ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേർന്ന് എടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ട് കോടിരൂപയിൽ നികുതികൾ കിഴിച്ച് ഒരു കോടി 20 ലക്ഷമാണു പഞ്ചായത്തിനു ലഭിച്ചത്.

സമ്മാനത്തുക പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റും തുക വീതിച്ചു നൽകണമെന്നു ജീവനക്കാരും ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. സമ്മാനം ലഭിച്ച ദിവസം ആരംഭിച്ച തർക്കത്തിന് ഇനിയും പരിഹാരമായിട്ടുമില്ല. തുക ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ എസ്ബിഎ, ഓങ്ങല്ലൂർ ശാഖയിൽ സ്ഥിര നിക്ഷേപമായുണ്ട്.