തലശേരി: അഞ്ചരക്കണ്ടി ഊർപ്പള്ളിവയലിൽ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറും ദൃശ്യമാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ആവേശം നിറഞ്ഞ സെവൻസ് ഫുട്‌ബോൾ പോരാട്ടം സമനിലയിൽ കലാശിച്ചു. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ കൂത്തുപറമ്പ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ഊർപ്പള്ളിവയലിലെ വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ മഴയുത്സവത്തിന്റെ ഭാഗമായി സെവൻസ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്.

ആദ്യ മത്സരത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ക്യാപ്റ്റനായ പൊലിസ് ടീമും ദൃശ്യമാധ്യമ പ്രവർത്തകനായ ജയൻ കല്യാശേരിയും നേതൃത്വം നൽകിയ ടീമുമാണ് ഏറ്റുമുട്ടിയത്. ചെളിയിൽ പന്തടക്കത്തോടെ അക്രമവീര്യവും പോരാട്ട മികവും കാണിച്ച എസ്‌പിയുടെ ടീമിനെ മികച്ച പ്രതിരോധത്തോടെ മാധ്യമ പ്രവർത്തകരുടെ ടീം സമനിലയിൽ തളയ്ക്കുകയായിരുന്നു. പലകുറി ഇരു ഗോൾ മുഖത്തും പന്തെത്തിയെങ്കിലും ഇരുഗോളിമാരുടെയും മികച്ച സേവിങിലുടെ ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.എസ്-പിയുടെ ടീമിന് വേണ്ടി മിസ്റ്റർ വേൾഡ് ഷിനു ചൊവ്വയും കളത്തിലിറങ്ങിയിരുന്നു. ഇവരെ നേരിടാൻ കണ്ണുരിലെ ദൃശ്യമാധ്യമ പ്രവർത്തകരും കളത്തിലിറങ്ങി.

ഒടുവിൽ പെനാൽട്ടിയിൽ കലാശിച്ച മത്സരത്തിലും തുല്യ നില പാലിക്കുകയായിരുന്നു കുത്തുപറമ്പ് എസ്‌ഐ ടി.കെ സന്ദീപ് നയിച്ച ജനമൈത്രി പൊലിസും സേവ് ഊർപ്പള്ളിയുമായി നടത്തിയ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയ ഒരു ഗോളിന് സേവ് ഊർ പള്ളി ജയിച്ചു.
കണ്ണുർ റെയ്ഞ്ച് ഐജി മത്സരം ഉദ്ഘാടനം ചെയ്തു വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത, അധ്യക്ഷയായി.തലശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, കുത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനു മോഹൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർഷിനിത്ത് പാട്യം തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു. കെ.പി ജയേഷ് സ്വാഗതവും സി.പി രജീഷ് നന്ദിയും പറഞ്ഞു. റംഷ പട്ടുവം നയിച്ച നാടൻ പാട്ടും കമ്പവലി മത്സരവും അരങ്ങേറി പുതു തലമുറയെ മയക്കുമരുന്നിൽ നിന്നും മദ്യത്തിൽ നിന്നും അകറ്റി നിർത്താനായി കഴിഞ്ഞ കുറെ വർഷങ്ങളായി സേവ് ഊർപ്പള്ളി മഴയുത്സവം നടത്തി വരികയാണ്.