- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൈം വോളിബോൾ ലീഗിനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി; മത്സരങ്ങൾ ഫെബ്രുവരി 5-ന് ഹൈദരാബാദിൽ
കൊച്ചി: പ്രൈം വോളിബോൾ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി. സിനിമാ താരം ആന്റണി വർഗീസ് (അങ്കമാലി ഡയറീസ് നായകൻ) തന്റെ എഫ്ബി പേജിലാണ് ജേഴ്സി പുറത്തിറക്കിയത്. ബ്ലൂ സ്പൈക്കേഴ്സ് മുഖ്യ പരിശീലകൻ എം.എച്ച്. കുമാരയ്ക്കൊപ്പം ടീം അംഗങ്ങളായ കാർത്തിക് എ, ദീപേഷ് കുമാർ സിൻഹ എന്നിവർ ജേഴ്സിയുമായി നിൽക്കുന്ന ചിത്രമാണ് ആന്റണി വർഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
കഴുത്തിനും കൈക്കും ചുറ്റും മഞ്ഞ സ്ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്സിയിൽ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്സി നമ്പർ എന്നിവയ്ക്ക് പുറമേ സ്പോൺസർമാരുടെ ലോഗോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിൻകോർപ്പ് ആണ് ടീമിന്റെ പ്രധാന സ്പോൺസർ. ഔദ്യോഗിക മെർച്ചൻഡൈസ്, ലൈഫ്സ്‌റ്റൈൽ പാർട്ണർ റോൺ ആക്റ്റിവാണ് (Wrogn Active).
പ്രൈം വോളിബോൾ ലീഗിലെ മത്സരങ്ങൾ ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോൾ കളിക്കാർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള മികച്ച വേദിയാകും പ്രൈം വോളിബോൾ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലി സഹസ്ഥാപകനായ ലക്ഷ്യുറി ഫാഷൻ ബ്രാൻഡാണ് റോൺ ആക്റ്റിവ്. കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ഐപിഎൽ ടീമുകളുടെ ഔദ്യോഗിക മെർച്ചൻഡൈസ് പാർട്ണർ കൂടിയാണ് റോൺ ആക്റ്റിവ്.
മറുനാടന് മലയാളി ബ്യൂറോ