കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ മികച്ച സ്മാഷുകളും ബ്ളോക്കുകളും സർവീസുകളുമായി തിരുവനന്തപുരം പുരുഷ, വനിതാ ടീമുകൾ കളം വാണപ്പോൾ സംസ്ഥാന വോളിയിൽ ഇരട്ട കിരീടത്തോടെ തിരുവനന്തപുരം ടീം മിന്നും വിജയം നേടി.

കലാശപോരാട്ടമായ ഇന്ന് വൈകുന്നേരം ആദ്യമിറങ്ങിയ തിരുവനന്തപുരം വനിതാ ടീം മലപ്പുറത്തെയാണ് തോൽപിച്ചത്. ആദ്യസെറ്റിൽ തന്നെ തങ്ങളുടെ കളിമികവ് പുറത്തെടുക്കാൻ അനന്തപുരിയിൽ നിന്നെത്തിയ വനിതകൾക്ക് കഴിഞ്ഞു. മികച്ച സ്മാഷുകളും ത്രില്ലടിപ്പിക്കുന്ന ബ്ളോക്കുകയും പിഴവില്ലാത്ത സർവീസുമായി ഇവർ കളംനിറഞ്ഞുകളിച്ചപ്പോൾ മലപ്പുറം പ്രതിരോധവ്യൂഹം ചമയ്ക്കാനും രണ്ടാംസെറ്റിൽ കടന്നാക്രമിച്ചു പോയന്റെ് നിലകൂട്ടാനും കഴിഞ്ഞപ്പോൾ മത്സരം ആവേശകരമായി.

ഗ്യാലറികളിൽ തടിച്ചുകൂടിയ ആരാധകർ ഇരുടീമുകൾക്കുമായി ആർപ്പുവിളിച്ചപ്പോൾ കളിക്കളത്തിൽ തീപാറും സ്മാഷുകൾ പിറന്നു. എന്നാൽ മലപ്പുറമുയർത്തിയ പ്രതിരോധ കോട്ട തകർത്ത് എതിരില്ലാത്ത മൂന്ന് സെറ്റുകൾ നേടി തിരുവനന്തപുരം കിരീടത്തിൽ മുത്തമിടുകയായിരുന്നു.

പുരുഷ വിഭാഗത്തിലും കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്.

വനിതാവിഭാഗം ലൂസേഴ്സ് ഫൈനലിൽ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് പത്തനംതിട്ടയും പുരുഷവിഭഗത്തിൽ തൃശൂർ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് എർണാകുളത്തെയും തോൽപ്പിച്ച് മൂന്നാംസ്ഥാനം നേടി. വിജയികൾക്ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉപഹാരം നൽകി. ഇന്ത്യൻ വോളിബോൾ താരങ്ങളായ മനു ജോസഫ്, മിനിമോൾ എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു.