ലണ്ടൻ: ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെയാണ് 69-ാമത് ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി ഇന്ത്യൻ സമയം 12.30ന് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ ക്ലബ്, ദേശീയ ടീം പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. 30 താരങ്ങളുടെ ചുരുക്ക പട്ടിക നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി ആയിരുന്നു പുരസ്കാരം നേടിയത്. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലഘട്ടത്തിനു ശേഷം പുതിയ ഒരു താരത്തിന് പുരസ്കാരം ലഭിക്കുന്നതിൽ പലരും സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ഈ വർഷത്തെ 30 അംഗ പട്ടികയിൽ മെസ്സി ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങളില്ല.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച ഉസ്മാനെ ഡെംബലെ സാധ്യത പട്ടികയിൽ മുന്നിലുണ്ട്. ഫ്രഞ്ച് ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം 35 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.ഒസ്മാൻ ഡെംബേലെയെ പിന്തുണച്ച് മുൻ ഫ്രഞ്ച് താരം തിയെറി ഹെൻറി. വരുന്ന സെപ്റ്റംബർ 22ന് നടക്കുന്ന ചടങ്ങിൽ ഡെംബേലെയ്ക്കായിരിക്കും പുരസ്കാരം ലഭിക്കുകയെന്ന് ഹെൻറി പ്രവചിച്ചു.

ഈ സീസണിൽ പിഎസ്ജിയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഡെമ്പലെയുടെ നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണെന്ന് ഹെൻറി അഭിപ്രായപ്പെട്ടു. ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നാല് പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ പിഎസ്ജിയ്‌ക്കുവേണ്ടി ഡെംബേലെയുടെ പ്രകടനം നിർണായകമായിരുന്നു. ബാഴ്സലോണയുടെ യുവതാരം ലാമീൻ യമൽ യൂറോ 2024ൽ സ്പെയിനിന് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചെങ്കിലും, ഡെമ്പലെയുടെ നേട്ടങ്ങൾക്ക് മുന്നിൽ മറ്റു കളിക്കാർക്ക് എത്താൻ കഴിയില്ലെന്നും ഹെൻറി പറഞ്ഞു.'നമുക്ക് പല കളിക്കാരെക്കുറിച്ചും സംസാരിക്കാം, എന്നാൽ എനിക്ക്, അവൻ ഇത് നേടും,' എന്ന് ഹെൻറി കൂട്ടിച്ചേർത്തു.

ഡെമ്പലെ ഈ സീസണിൽ 35 ഗോളുകൾ നേടി. പിഎസ്ജിയ്ക്കായി ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണുകളിൽ ഒന്നിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമ്പോസും ഡെമ്പലെയുടെ സാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നു. ലാമീൻ യമൽ ഒരു മികച്ച കളിക്കാരനാണെങ്കിലും, ഈ സീസണിലെ ഡെംബേലെയുടെ നേട്ടങ്ങളാണ് ബാലൺ ഡി'ഓറിന് അയാളെ അർഹനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യമൽ സ്പാനിഷ് ലീഗ് മാത്രമാണ് ഈ സീസണിൽ നേടിയതെന്നും കാമ്പോസ് സൂചിപ്പിച്ചു. ഡെമ്പലെയെക്കൂടാതെ ലാമീൻ യമൽ, കിലിയൻ എംബപ്പെ, മുഹമ്മദ് സലാ എന്നിവരും ബാലൺ ഡി' ഓർ മത്സരത്തിൽ കടുത്ത മത്സരവുമായി രംഗത്തുണ്ട്.

പുരസ്കാര പ്രഖ്യാപനത്തോടൊപ്പം മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി, ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി, മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് ട്രോഫി തുടങ്ങിയ പുരസ്കാരങ്ങളും പ്രഖ്യാപിക്കും. കൂടാതെ മികച്ച പുരുഷ, വനിതാ ക്ലബുകൾക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സോക്രട്ടീസ് പ്രൈസും ഇത്തവണ നൽകുന്നുണ്ട്. ഈ വർഷം പുതിയ അവകാശികൾ എത്തുമെന്നുറപ്പായതിനാൽ ആരാകും ബാലൺ ഡി ഓർ നേടുക എന്ന കാര്യത്തിൽ ആകാംക്ഷ വർധിച്ചിട്ടുണ്ട്.